ADVERTISEMENT

പുരിയിലെ ജഗന്നാഥക്ഷേത്രം ഹിന്ദു സംസ്‌കാരത്തിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ്. ഒഡീഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ക്ഷേത്രം ഒഡീഷയിൽ നിന്നു മാത്രമല്ല, ഇന്ത്യയിലും ലോകത്തുനിന്നുമുള്ള വിശ്വാസികളെ കാലങ്ങളായി ആകർഷിച്ചുകൊണ്ടിരിക്കുന്നു. വളരെ വ്യത്യസ്തമായ പ്രതിഷ്ഠാ രീതിയാണ് ജഗന്നാഥ ക്ഷേത്രത്തിലേത്. ജഗന്നാഥ്, ബലരാമൻ, സുഭദ്ര എന്നിവരാണ് ഇവിടത്തെ പ്രതിഷ്ഠകൾ. വളരെ പ്രത്യേകതയുള്ള രീതിയിൽ, മറ്റെങ്ങും അധികം കാണാത്ത ആകൃതിയുള്ള പ്രതിഷ്ഠകളാണ് ഇവിടുത്തേത്. തടിയിലാണ് പ്രതിഷ്ഠകൾ എന്ന സവിശേഷതയുമുണ്ട്. ഇവ ഇടയ്ക്കിടെ ഇതേ രൂപത്തിൽ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കും. 

ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. വരാഹ അവതാരമായെത്തി ഭൂമിയെ രക്ഷിച്ച ശേഷം ഭഗവാൻ മഹാവിഷ്ണു കുറച്ചുകാലത്തേക്ക് പുരിയിൽ നീലഗിരിയുടെ ശൃംഗത്തിൽ വസിച്ചു. നീല മാധവൻ എന്ന രൂപത്തിലായിരുന്നു അദ്ദേഹം. ആ പ്രദേശത്തെ സവോര ഗോത്രത്തിന്റെ തലവനായ വിശ്വവസു ആ വിഗ്രഹത്തെ ആരാധിച്ചു പോന്നു. അന്ന് ഈ സ്ഥലം അധികമാർക്കുമറിയില്ല. എന്നാൽ സ്വർഗത്തിൽ നിന്നു ദേവകൾ നീലമാധവനെ ദർശിക്കാനായി രഹസ്യമായി എത്തിയിരുന്നു.

സത്യയുഗത്തിൽ ഇന്ദ്രദ്യുമ്‌നനെന്ന ഒരു രാജാവ് ജീവിച്ചിരുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ വലിയ ഭക്തനായ അദ്ദേഹം മഹാവിഷ്ണുവിനായി ഒരു ക്ഷേത്രം നിർമിക്കാൻ ആഗ്രഹിച്ചു. എന്നാൽ പ്രതിഷ്ഠകൾ എങ്ങനെ സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഇതിനിടെ അദ്ദേഹത്തിന്റെ രാജധാനിയിലെത്തിയ ഒരു സഞ്ചാരി നീലമാധവനെക്കുറിച്ച് രാജാവിനോട് പറഞ്ഞു. സവോര ഗോത്രത്തിന്റെ ഗ്രാമത്തിലാണ് ഈ പ്രതിഷ്ഠയെന്നും അദ്ദേഹം അറിയിച്ചു. ഇതറിഞ്ഞ രാജാവ് ഉത്സാഹഭരിതനായി. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായ വിദ്യാപതിയെ നീല മാധവനെ കണ്ടെത്താനായി അദ്ദേഹം അയച്ചു. സവോര ഗോത്രത്തിന്റെ ഗ്രാമത്തിവിലെത്തിയ അദ്ദേഹം വിശ്വവസുവിനെ കാണുകയും തനിക്ക് നീല മാധവനെ കാണണമെന്ന് ആവശ്യം അറിയിക്കുയും ചെയ്തു. എന്നാൽ വിശ്വവസു അത് നിരാകരിക്കുകയാണുണ്ടായത്. ദൂരെ ഏതോ ഒരു ഗുഹയിൽ അതീവ രഹസ്യമായിട്ടായിരുന്നു അദ്ദേഹം നീല മാധവനെ ആരാധിച്ചിരുന്നത്.

unique-rituals-stories-jagannath-temple3
Image Credit: Soumen Tarafder/ Istock

എന്നാൽ വിദ്യാപതി വിശ്വവസുവിന്റെ മകളുമായി പ്രണയത്തിലാകുകയും ലളിതയെന്നു പേരുള്ള ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. നീലമാധവനെ കാണണണെന്ന് വിശ്വവസുവിനോട് വിദ്യാപതി വീണ്ടും ആവശ്യപ്പെട്ടു. ഇത്തവണ ആ ആവശ്യം നിരാകരിക്കാൻ അദ്ദേഹത്തിനായില്ല. വിദ്യാപതിയുടെ കണ്ണ് കെട്ടി അദ്ദേഹം ആ ഗുഹയിലേക്കു കൊണ്ടുപോയി. എന്നാൽ വിദ്യാപതി ബുദ്ധിമാനായിരുന്നു. അദ്ദേഹം കൈയ്യിൽ കുറേ കടുകുവിത്തുകൾ കരുതിയിരുന്നു. പോയവഴിക്കെല്ലാം ഇതു തൂകിക്കൊണ്ടാണ് അദ്ദേഹം പോയത്. പിന്നീട് ഈ കടുകുകൾ മുളച്ചു. ഈ മുളകളെ പിന്തുടർന്ന് വിദ്യാപതി ഗുഹയിലെത്തുകയും നീലമാധവനെ കണ്ട് സാക്ഷാത്കാരം നേടുകയും ചെയ്തു. അദ്ദേഹം ഈ വിവരം രാജാവിനെ അറിയിച്ചു. തുടർന്ന് രാജാവ് വിശ്വവസുവിനൊപ്പം ഈ ഗുഹയിലെത്തിയെങ്കിലും നീല മാധവൻ മറഞ്ഞിരുന്നു.

രാജാവ് വിഷണ്ണനായി ഇരുന്നു. എന്നാൽ അദ്ദേഹത്തിന് ദൈവികമായ ഒരു സന്ദേശം ഇതിനിടെ ലഭിച്ചു. നീലഗിരിയിൽ, ഇന്നത്തെ പുരിയിൽ ഒരു ക്ഷേത്രം സ്ഥാപിക്കണമെന്നായിരുന്നു അത്. ഇന്ദ്രദ്യുമ്‌നൻ അപ്രകാരം ചെയ്തു. ക്ഷേത്രം സ്ഥാപിച്ച ശേഷം അദ്ദേഹം ബ്രഹ്‌മലോകത്തേക്കു പോയി.്ബ്രഹ്‌മാവിനെക്കൊണ്ട് പ്രതിഷ്ഠ നടത്താനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാൽ ബ്രഹ്‌മലോകത്തെത്തിയപ്പോൾ ബ്രഹ്‌മാവ് സംഗീതത്തിൽ ലയിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തെ ശല്യപ്പെടുത്തേണ്ടെന്നു കരുതി ഇന്ദ്രദ്യുമ്‌നൻ ഒരുപാടു നേരം കാത്തുനിന്നു. ഒടുവിൽ ബ്രഹ്‌മാവ് സംഗീതം കേൾക്കുന്നത് അവസാനിപ്പിച്ചു. ഇന്ദ്രദ്യുമ്‌നനൊപ്പം ഭൂമിയിലെത്തി. എന്നാൽ അപ്പോഴേക്കും ഭൂമിയിൽ അനേകം വർഷങ്ങൾ കടന്നുപോയിരുന്നു. ഇന്ദ്രദ്യുമ്‌നൻ പണികഴിപ്പിച്ച ക്ഷേത്രം മണലിൽ മറഞ്ഞു. മറ്റൊരു രാജാവ് അതു കണ്ടെത്തി. ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച് ഇന്ദ്രദ്യുമ്‌നനും ആ രാജാവും തമ്മിൽ തർക്കമായി. ഒടുവിൽ ഇന്ദ്രദ്യുമ്‌നൻ അനുകൂല വിധി നേടി. എന്നാൽ ബ്രഹ്‌മാവ് പ്രതിഷ്ഠ നടത്താൻ തയാറായില്ല.

വീണ്ടും ഇന്ദ്രദ്യുമ്‌നൻ ദുഖിതനായി കുശപ്പുല്ലുകളിൽ മലർന്നു കിടന്നു. ഉപവസിച്ച് ജീവൻ വെടിയാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാൽ വീണ്ടും ഒരു സന്ദേശം അദ്ദേഹത്തെ തേടിയെത്തി. കടലിൽ ഒഴുകുന്ന സവിശേഷമായ ഒരു തടി കൊണ്ടുവരാനും അതിൽ പ്രതിഷ്ഠകൾ തയാറാക്കാനുമായിരുന്നു ആ സന്ദേശം. വൈഷ്ണവ ചിഹ്നങ്ങായ ശംഖ, ചക്ര, ഗദ, പത്മ അടയാളങ്ങൾ ആ തടിയിലുണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു. അപ്രകാരം രാജാവ് പറഞ്ഞ സ്ഥലത്തെത്തി തടികൊണ്ടുവന്നു. എന്നാൽ ഏത് ശിൽപി ഇതിൽ നിന്ന് പ്രതിഷ്ഠ പണിയും. നീലമാധവനെ കുടിയിരുത്താനുള്ളതാണ് ഇത്. നീലമാധവനെ ആരും കണ്ടിട്ടുമില്ല. പിന്നെങ്ങനെ പ്രതിഷ്ഠയുണ്ടാക്കും. ഇതേസമയം ദേവശിൽപിയായ വിശ്വകർമാവ് രൂപം മാറി പ്രായമുള്ള ഒരു മനുഷ്യനായി രാജാവിനരികിലെത്തി. താൻ പ്രതിഷ്ഠ തയാറാക്കാമെന്ന് പറഞ്ഞ വിശ്വകർമാവ് ഒരു ഉപാധി മുന്നോട്ടുവച്ചു. 21 ദിവസങ്ങൾക്കുള്ളിൽ താൻ ജോലി പൂർത്തിയാക്കുന്നതുവരെ ആരും തന്റെ പണിശാല തുറന്ന് അകത്തുകയറാൻ പാടില്ല. അങ്ങനെ ചെയ്താൽ താൻ പോകും.

unique-rituals-stories-jagannath-temple1
Image Credit: RasikaSekhara/ Istock

രാജാവ് സമ്മതിച്ചു. വിശ്വകർമാവ് ജോലി തുടങ്ങി. ദിവസങ്ങൾ കടന്നുപോയി. ശിൽപിയുടെ ഒരു വിവരവും അറിയാത്തതിനാല് ആ വയസ്സായ മനുഷ്യന് എന്തെങ്കിലും പിണഞ്ഞിരിക്കുമോയെന്ന് ആളുകൾക്ക് സംശയമായി. റാണിയായ ഗുണ്ഡീച അദ്ദേഹത്തിനെ ഒന്നു നോക്കാൻ ഭർത്താവിനോട് പറഞ്ഞു. രാജാവ് അപ്രകാരം ചെയ്തു. ശിൽപി ജോലി പൂർത്തിയാക്കിയിരുന്നില്ല. പ്രതിഷ്ഠകൾ അപൂർണവുമായിരുന്നു. രാജാവ് ഉപാധി തെറ്റിച്ചതിനാൽ ശിൽപിയുടെ രൂപത്തിലുള്ള വിശ്വകർമാവ് പോയ്മറഞ്ഞു. രാജാവ് വിഷമിച്ച് ഇരിപ്പായി. എന്നാൽ അദ്ദേഹത്തിനു വീണ്ടും ദൈവികമായ അറിയിപ്പ് ലഭിച്ചു. ഒന്നു കൊണ്ടും വിഷമിക്കേണ്ടെന്നും രാജാവിന്റെ പ്രവൃത്തി ഈശ്വരൻ ക്ഷമിച്ചു എന്നുമായിരുന്നു അത്. അപൂർണമായ 3 പ്രതിഷ്ഠകളും രാജാവ് ക്ഷേത്രത്തിൽ സ്ഥാപിച്ചു. ജഗന്നാഥ്, ബലരാമൻ, സുഭദ്ര എന്നിവരായിരുന്നു അത്. നീലമാധവനായി എത്തിയ ജഗന്നാഥ് പുരിയുടെ നാഥനായി. ഇന്ന് ചാർധാം എന്നറിയപ്പെടുന്ന 4 പുണ്യക്ഷേത്രങ്ങളിൽ ഒന്നാണ് പുരി.

English Summary:

King Indradyumna’s Divine Quest to Build the Jagannath Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com