ADVERTISEMENT

രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കൾ. വൈകുന്നേരങ്ങലളിൽ അവരൊത്തു ചേരുകയും തൊഴിൽ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ പറയും. ഇരുവരുടെയും സ്ഥാപനങ്ങളിലെയും മേലധികാരികളെയും സഹപ്രവർത്തകരെയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഇരുവർക്കും ഇതുമൂലം പരിചിതവുമാണ്. ഒന്നാമന്റെ സ്ഥാപനത്തിലെ മേലധികാരി അത്ര നല്ല സ്വഭാവമല്ലെന്ന് അയാൾ പറയാറുണ്ട്. ദേഷ്യം കൂടുതലാണ്, കീഴ്ജീവനക്കാരോട് പലപ്പോഴും മോശമായി സംസാരിക്കും അങ്ങനെയിങ്ങനെയെല്ലാം. ഇതെല്ലാം രണ്ടാമന്റെ ഉള്ളിൽ നന്നായി കൊണ്ടു. ഇതിനു ശേഷം ആരോട് സംസാരിക്കുമ്പോഴും ഒന്നാമന്റെ സ്ഥാപനത്തിലെ മേലധികാരി കൊള്ളില്ലെന്നും ഭയങ്കരനാണെന്നുമൊക്കെയുള്ള രീതിയിൽ അയാൾ എപ്പോഴും സംസാരിക്കാൻ തുടങ്ങി. അയാൾക്ക് ഒന്നാമന്റെ സ്ഥാപനത്തിലെ മേലധികാരിയോട് വല്ലാത്ത ദേഷ്യമായിരുന്നു. 

ഒരിക്കൽ രണ്ടാമന്റെ ഭാര്യ അയാളോട് ചോദിച്ചു..ചേട്ടാ, എന്തിനാണ് ഒരു വ്യക്തിയെപ്പറ്റി ഇത്ര ദേഷ്യത്തിൽ കുറ്റപ്പെടുത്തി സംസാരിക്കുന്നത്. അയാൾ ചേട്ടനോട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല- രണ്ടാമൻ ഉത്തരം പറഞ്ഞു. അയാളുമായി ചേട്ടനു മുൻപരിചയമുണ്ടോ? അതുമില്ലെന്നായിരുന്നു രണ്ടാമന്റെ മറുപടി. അയാളെ ചേട്ടൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് ഭാര്യ ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി പറഞ്ഞതിനൊപ്പം രണ്ടാമൻ ഇങ്ങനെ ചിന്തിച്ചു. ശ്ശെടാ, ഭാര്യ പറഞ്ഞത് ശരിയാണല്ലോ.തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളെക്കുറിച്ച് എത്രകാലമായി താൻ വിങ്ങിപ്പൊട്ടുന്ന ദേഷ്യത്തിലായിരുന്നു. അയാളെപ്പറ്റി എത്ര മോശമായി താൻ മറ്റുള്ളവരോട് സംസാരിച്ചുനടന്നു.

ക്രോധം അത്ര നല്ലൊരു വികാരമല്ല. ക്രോധത്തിൽ അടിപ്പെട്ടാൽ സന്തുലനം നശിക്കുമെന്നും എടുക്കുന്ന തീരുമാനങ്ങൾ അമ്പേ പാളുമെന്നും ഭഗവാൻ ശ്രീകൃഷ്ണൻ ഗീതാസന്ദേശത്തിൽ പറയുന്നു. ധാരാളം യുദ്ധത്തിൽ പങ്കെടുക്കുകയും ഒരു വലിയ മഹായുദ്ധത്തിന്റെ ഗതിനിർണയിക്കുകയും ചെയ്ത യോദ്ധാവും സൈനിക തന്ത്രജ്ഞനും കൂടിയാണ് ശ്രീകൃഷ്ണൻ. എത്ര വലിയ യോദ്ധാവായാലും ക്രോധത്തിൽ അടിപ്പെട്ട് വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ചാൽ നാശം ഫലമെന്നാണ് അദ്ദേഹം നൽകുന്ന ഉപദേശം.

ഒരാശയത്തിന്റെ സമയം ആഗതമായാൽ ഒരു സൈന്യത്തിനും അതിനെ തടയാനാകില്ലെന്ന് പണ്ട് വിക്ടർ യൂഗോ പറഞ്ഞിട്ടുണ്ട്. ഒന്നാലോചിച്ചാൽ നാമെല്ലാം ഒരാശയമല്ലേ.നമ്മുടെ വീക്ഷണവും അനുഭവങ്ങളും ചിന്തകളും ചേർന്നുണ്ടാക്കുന്ന ആശയം. നമ്മളെന്ന ആശയം കാലം ചെല്ലുന്തോറും കൂടുതൽ കൂടുതൽ വികസിതമായി മാറണമെന്നാണ്. എന്നാൽ എല്ലാവരിലും അതു കാണാറില്ല. ചിലർ തങ്ങളുടെ മനസ്സിന്റെ ജാലകങ്ങൾ കൊട്ടിയടയ്ക്കും. ഉള്ളിലുള്ളതെന്താണോ അതിനപ്പുറത്തേക്ക് ഒന്നും സ്വീകരിക്കാനോ ആത്മീയമായി മെച്ചപ്പെടാനോ ശ്രമിക്കുകയേയില്ല.

തന്റെ വികാരങ്ങളും വിചാരങ്ങളും ഭിത്തികൾ തീർത്ത ഒരു കോട്ടയ്ക്കുള്ളിൽ മാറാനോ മനസ്സിലാക്കാനോ കഴിയാതെ അവർ ഇരിക്കും.ജീവിതത്തിലെ തികച്ചും ഉപരിപ്ലവമായ കുറേ കാര്യങ്ങൾ വളരെ മഹത്തരമാണെന്നു കരുതി അതിനെ പിന്തുടർന്നുകൊണ്ടേയിരിക്കും. ക്രോധം ആളുകൾക്കിടയിൽ ഇപ്പോൾ കൂടുതലാണെന്നു ചിലർ പറയുന്നു. വളരെ വേഗവും മത്സരതീവ്രത കൂടിയതുമായ ഒരു കാലമായതിനാലാകാം ഇത്. അല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ സ്വയം ഒരു കോട്ടയ്ക്കുള്ളിൽ ഇരിക്കുന്നതിനാൽ മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയാതെ ഇരിക്കുന്നതിനാലാകാം.

എന്തുപറഞ്ഞാലും ചിലർക്ക് കോപമാണ്. റോഡിലേക്കിറങ്ങിയാൽ ഒരു വണ്ടി സൈഡ് തരാൻ താമസിച്ചാൽ ചിലപ്പോൾ അത് ദേഷ്യപ്പെടലിലേക്കും അടിപിടിയിലേക്കും എത്തിയേക്കാം. ഇഷ്ടപ്പെടാത്തത് എന്തു കണ്ടാലും കോപിഷ്ഠരായി ഭീകരമായി പ്രവർത്തിക്കുന്നവരുണ്ട്. ഗീതാവചനം പറയുന്നത് ഓർക്കുക. കോപം ആത്യന്തികമായി നാശമുണ്ടാക്കും. ഇന്ന് കോപത്തെ സിനിമയിലും മറ്റു വിനോദ മാധ്യമങ്ങളിലും വളരെയധികം ഗ്ലോറിഫൈ ചെയ്യപ്പെടാറുമുണ്ട്. എപ്പോഴും കോപിഷ്ഠനായി കലിപ്പു ലുക്കിൽ നടക്കുന്നത് വളരെ മാസാണെന്ന് യുവതലമുറയിലെ പലരും ചിന്തിക്കുന്നു. അലറുന്ന കോപമാണ് ഇവരിൽ പലർത്തും തങ്ങളുടെ വ്യക്തിത്വത്തെ കാട്ടാനുള്ള വഴി. എന്തൊരു സങ്കുചിത ചിന്തയാണിത്.

English Summary:

Understanding the Destructive Power of Anger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com