ADVERTISEMENT

ഹിന്ദു തത്വസംഹിതകളനുസരിച്ച് ഋഷിമാരെ മൂന്നായി തിരിച്ചിരുന്നു. ബ്രഹ്‌മർഷി, രാജർഷി, ദേവർഷി എന്നിങ്ങനെയായിരുന്നു ഇത്. ബ്രഹ്‌മാവിന്റെ മനസ്സിൽ നിന്നു ജനിച്ചവരെന്നാണ് ബ്രഹ്‌മർഷികളെക്കുറിച്ചുള്ള വിശ്വാസം. ഇക്കൂട്ടത്തിൽ പ്രശസ്തനായ ഒരു ബ്രഹ്‌മർഷിയായിരുന്നു അത്രി മഹർഷി. സപ്തർഷി അഥവാ ഏറ്റവും മഹാൻമാരായ ഏഴു ഋഷിമാരിൽ ഉൾപ്പെട്ടതാണ് അത്രി. ഋഗ്വേദത്തിലും പുരാണങ്ങളിലും രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം അത്രി മഹർഷിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഹിന്ദു സംഹിതകളിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വനിതയായ അനസൂയാദേവിയാണ് അത്രി മഹർഷിയുടെ ഭാര്യ. അത്രിയും അനസൂയയും മാതൃകാദമ്പതികളായിരുന്നു. ഇവരുടെ മകനായിരുന്നു ദത്താത്രേയൻ. ത്രിമൂർത്തികളുടെ ഏകരൂപമായിട്ടാണ് ദത്താത്രേയനെക്കുറിച്ചുള്ള സങ്കൽപം. 

ദത്താത്രേയൻ മഹാഭാരതത്തിലും പരാമർശിക്കപ്പെടുന്നു. രാമായണവും ഈ മഹായോഗിയെപ്പറ്റി പരാമർശിക്കുന്നു. സാധാരണ കഴിവുകളുള്ള യോഗിവര്യനായിട്ടാണ് ദത്താത്രേയനെ അവതരിപ്പിച്ചിരിക്കുന്നത്. ഭാഗവത പുരാണം, മാർക്കണ്ഡേയ പുരാണം, ബ്രഹമാണ്ഡ പുരാണം തുടങ്ങിയ പുരാണങ്ങളിൽ ദത്താത്രേയനെ ദൈവിക പരിവേഷത്തോടെ അവരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ആത്മീയ സാഹിത്യത്തിലെ വളരെ പ്രശസ്തമായ അവധൂത ഗീത ദത്താത്രേയനിൽ കേന്ദ്രീകൃതമാണ്. അദ്വൈത, ദ്വൈത സിദ്ധാന്തങ്ങളുടെ സമ്മേളനമായിട്ടാണ് ഈ അവധൂത ഗീത അവതരിപ്പിക്കപ്പെടുന്നത്. ഒട്ടനവധി സന്യാസ പരമ്പരകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ളതാണ് അവധൂത ഗീത.ലളിതമായ ജീവിതം നയിച്ചിരുന്ന ദത്താത്രേയനെക്കുറിച്ച് സന്ത് തൂക്കാറാമിനെപ്പോലെയുള്ള ഭക്തികവികൾ ഏറെ പാടിപ്പുകഴ്ത്തിയിട്ടുണ്ട്.

ദത്താത്രേയന്റെ ജനനസ്ഥലത്തെപ്പറ്റി ധാരാളം സങ്കൽപങ്ങളുണ്ട്. ഇന്നത്തെ മഹാരാഷ്ട്രയിലുള്ള നാൻഡെഡ് ജില്ലയിലെ മഹുറിലാണ് അദ്ദേഹത്തിന്റെ ജനനം സംഭവിച്ചതെന്നാണ് ഒരു സങ്കൽപം. എന്നാൽ പടിഞ്ഞാറൻ ഡെക്കാൻ മേഖലയിലായിരുന്നു അത്രി മഹർഷി ജീവിച്ചിരുന്നതെന്ന് മറ്റൊരു സങ്കൽപമുണ്ട്. എന്നാൽ കശ്മീരിൽ അമർനാഥ് ക്ഷേത്രത്തിനു സമീപമുള്ള കാട്ടിലാണ് അദ്ദേഹം ജനിച്ചതെന്ന് വേറൊരു വിശ്വാസവുമുണ്ട്. യോഗികളുടെ യോഗി എന്നറിയപ്പെട്ടിരുന്ന ദത്താത്രേയൻ വളരെച്ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തിലേക്ക് കടന്നത്രേ. ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ സന്യാസ ജീവിതം തന്നെയായിരുന്നു.

Art2
Image Credit: Shutterstock | carlos 401

ഇന്ത്യയിലെ സന്യാസപരമ്പരയിൽ ഒരു സന്യാസി രൂപപ്പെടുന്നത് ജ്ഞാനിയായ ഒരു ഗുരുവിന്റെ മേൽനോട്ടത്തിലും ശിക്ഷണത്തിലുമാണ്. എന്നാൽ ദത്താത്രേയന് അത്തരമൊരു ഗുരു ഇല്ലായിരുന്നു. ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. അദ്ദേഹത്തിന് ഇത്തരത്തിൽ 24 ഗുരുക്കൾ ഉണ്ടായി. ഒരു കുട്ടിയും തേനീച്ചക്കാവൽക്കാരനും അനേകം പക്ഷിമൃഗാദികളുമൊക്കെ സ്വയം ജ്ഞാനം ആർജിക്കാൻ ദത്താത്രേയനെ സഹായിച്ചു. അവധൂത രീതിയുടെ ആദിമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.

ദത്താത്രേയനെ ചിലപ്പോഴൊക്കെ മൂന്നു ശിരസ്സുകളോടെ ചിത്രീകരിക്കാറുണ്ട്. മൂന്നു ശിരസ്സുകൾ ത്രിമൂർത്തികളെ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. ഇവയിൽ ചിലതിൽ ഒറ്റ ശിരസ്സോടെയാണ് അദ്ദേഹത്തിന്റെ പ്രതിഷ്ഠ. ദത്താത്രേയ ഉപനിഷത്ത്, ദർശന ഉപനിഷത്ത്, അവധൂത ഉപനിഷത്ത് എന്നിവ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളതാണ്. ജബല ഉപനിഷത്ത്, നാരദപരിവ്രാജക ഉപനിഷത്ത്, ഭിക്ഷുക ഉപനിഷത്ത്, യാജ്ഞവൽക്യ ഉപനിഷത്ത് എന്നിവയിലൊക്കെ അദ്ദേഹത്തെപ്പറ്റി പരാമർശമുണ്ട്. ത്രിപുരരഹസ്യം എന്ന കൃതി അദ്ദേഹത്തിൽ കേന്ദ്രീകൃതമാണ്. ഇന്ത്യയുടെ ആത്മീയ ചക്രവാളത്തിലെ സൂര്യനെപ്പോലെ ജ്വലിക്കുന്ന സങ്കൽപമാണ് ദത്താത്രേയൻ.

ചില ഐതിഹ്യങ്ങളിൽ പരശുരാമന്റെയും കാർത്തവീര്യാർജുന രാജാവിന്റെയും ഗുരുവായി ദത്താത്രേയൻ അവതരിപ്പിക്കപ്പെടാറുണ്ട്. ഹൈഹയ രാജവംശത്തിലെ ക്രിതവീര്യ രാജാവ് തന്റെ പരമ്പര നിലനിർത്താനായി ഒരു പുത്രനില്ലാത്തതിനാൽ വളരെ ദുഖിതനായിരുന്നത്രേ. അദ്ദേഹവും ഭാര്യ പദ്മിനിയും അനസൂയാദേവിയുടെ നിർദേശപ്രകാരം വനത്തിൽ തപസ്സ് അനുഷ്ടിച്ചു. ഒടുവിൽ ദത്താത്രേയൻ പ്രത്യക്ഷപ്പെടുകയും അവർക്ക് ശക്തനായ ഒരു പുത്രൻ ജനിക്കാൻ അനുഗ്രഹിക്കുകയും ചെയ്തു. ആയിരം കരങ്ങളോടെ കാർത്തവീര്യാർജുനൻ ജനനം കൊണ്ടതങ്ങനെയാണ്.പിൽക്കാലത്ത് കാർത്തവീര്യാർജുനൻ അഹങ്കാരത്തിന്റെ ആൾരൂപമായി മാറുകയും ജമദഗ്നി മഹർഷിയെ കൊല്ലുകയും ചെയ്തു. ജമദഗ്നിയുടെ പുത്രനായ പരശുരാമൻ അങ്ങനെയാണ് പ്രതികാരത്തിനായി കാർത്തവീര്യാർജുനനെ വധിക്കുന്നത്. പരശുരാമനും ദത്താത്രേയന്റെ ശിഷ്യനായിരുന്നു. കാർത്തവീര്യാർജുനനെക്കുറിച്ചുള്ള കഥ, കഥയമമയിലൂടെ പിന്നീട് കേൾക്കാം.

Art3
Image Credit: Shutterstock | AstroVed.com

കേരളത്തിൽ ഒട്ടേറെ ശ്രീരാമക്ഷേത്രങ്ങളുണ്ടെങ്കിലും സീതാ ദേവിയുടെ ക്ഷേത്രങ്ങൾ കുറവാണ്. വയനാട്‌ ജില്ലയിൽ പുൽപ്പള്ളി പഞ്ചായത്തിലെ പുരാതനമായ ക്ഷേത്രമാണ് സീതാദേവി-ലവ-കുശ ക്ഷേത്രം. കേരളത്തിൽ സീതാദേവിയും ലവ - കുശൻമാരും പ്രധാന പ്രതിഷ്ഠയായിട്ടുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. രാമായണ മഹാകാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങൾ പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. രാമനാൽ പരിത്യജിക്കപ്പെട്ടതു മുതൽ ഭൂമിയിൽ അന്തർധാനം ചെയ്തതു വരെയുളള സീതാദേവിയുടെ കഥകൾ ഈ മണ്ണിലുറങ്ങുന്നു.

ത്രേതായുഗത്തിൽ ശ്രീരാമൻ സീതയെ ഉപേക്ഷിച്ചതിനെ തുടർന്ന് സീത വാത്മീകിയുെട ആശ്രമത്തിൽ താമസിക്കുകയും അവിടെ വച്ച് കുഞ്ഞുങ്ങൾക്ക് ജൻമം നൽകുകയും ചെയ്തു. വാത്മീകിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലം ആശ്രമക്കൊല്ലിയെന്നാണ് അറിയപ്പെടുന്നത്. സീതാ ദേവിയെ കൂട്ടിക്കൊണ്ടുപോകാൻ രാമനെത്തി. എന്നാൽ സീത, രാമന്റെ കൂടെ പോകാൻ തയാറാകാതെ ഭൂമിദേവിയോട് പ്രാർഥിച്ച് ഭൂമിയിലേക്ക് അന്തർധാനം ചെയ്തു. തടയാൻ ശ്രമിച്ച രാമന് ജഡയിലാണ് പിടികിട്ടിയത്. ഇതോടെ ജഡ ഉപേക്ഷിച്ച് സീത മണ്ണിനടിയിലേക്ക് മറയുകയായിരുന്നു. ജഡയറ്റ സ്ഥലത്തുള്ള ക്ഷേത്രമാണ് ചേടാറ്റിൻ കാവ്. ജഡയറ്റ കാവ് പിന്നീട് ചേടാറ്റിൻ കാവ് എന്നായി മാറുകയായിരുന്നു. സീതാ ദേവീ ക്ഷേത്രത്തിന് സമീപത്തു നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ചേടാറ്റിൻ കാവ്.

സീതാ ദേവി ക്ഷേത്രത്തിൽ മൂന്നു തട്ടുകളായുള്ള ശ്രീകോവിലിൽ മാലയും പട്ടകളുമണിഞ്ഞാണ് ദേവിയുടെ വിഗ്രഹം. കിഴക്കോട്ട് ദർശനം നൽകിയാണ് സീതാ ദേവിയുടെ ശ്രീകോവിൽ. ശംഖുംചക്രവുമേന്തിയ ദേവിയാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ പടിഞ്ഞാറ് ദർശനമായി ലവകുശൻമാരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. മുനികുമാരന്മാരായ ഇവർക്ക് ‘മുരിക്കന്മാർ’ എന്ന പേരിലാണ് പൂജകൾ ചെയ്യുന്നത്. ലവകുശന്മാർക്കുളള അപ്പം നിവേദ്യമാണ് ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. ലവകുശന്മാർക്കു നേരേ മുന്നിലായി കിഴക്കോട്ട് ദർശനമായി കിരാത ശിവന്റെ (തലച്ചിൽ) പ്രതിഷ്ഠയുമുണ്ട്. തലച്ചിൽ ശിവനെ വണങ്ങിക്കഴിഞ്ഞ് പടിഞ്ഞാറു ഭാഗത്ത് ഉപദേവതകളായ അയ്യപ്പൻ, സുബ്രഹ്മണ്യൻ, വേട്ടക്കാരൻ, ഗണപതി ഈ പ്രതിഷ്ഠകളെയും തൊഴണം. വടക്കു ഭാഗത്തെ നാഗ പ്രതിഷ്ഠകൂടി തൊഴുതാൽ സീതാലവകുശക്ഷേത്രത്തിലെ ദർശനം പൂർത്തിയായി.ജനുവരിയിലാണ് ക്ഷേത്രോത്സവം നടക്കുന്നത്.

English Summary:

Dattatreya: The Mahayogi Who Made Nature His Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com