പുണ്ഡലികൻ നീക്കിയിട്ട ഇഷ്ടികയിൽ നിൽപുറപ്പിച്ച ശ്രീകൃഷ്ണൻ! പന്ദർപുരിലെ വിഠോബയുടെ ഐതിഹ്യം
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്ര സാംസ്‌കാരികപ്പെരുമയാലും സമ്പന്നമാണ്. അനേകം വലിയ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്ത് തീർഥാടകരെ വലിയ തോതിൽ ആകർഷിക്കുന്ന ഒരു ക്ഷേത്രമാണ് പന്ദർപുർ. വൈഷ്ണവ പരമ്പരയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ പന്ദർപുരിൽ ഭഗവാൻ ശ്രീകൃഷ്ണൻ വിഠോബ എന്ന രൂപത്തിൽ സ്ഥിതി ചെയ്യുന്നു. അദ്ദേഹത്തിന്റെ പത്‌നിയായ രുഗ്മിണീദേവിയും രഖുമായി എന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് ചന്ദ്രഭാഗ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിഠോബ ക്ഷേത്രം. പാണ്ഡുരംഗ, വിത്തല എന്നീ പേരുകളിലും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭഗവാൻ അറിയപ്പെടുന്നു. രാമകൃഷ്ണ ഹരി വാസുദേവ ഹരി എന്ന മന്ത്രം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രമാണ് വിഠോബ. ശ്രീചൈതന്യ മഹാപ്രഭു, സന്ത് നാംദേവ്, സന്ത് തൂക്കാറാം തുടങ്ങിയ വൈഷ്ണവാചാര്യൻമാർ ഈ ക്ഷേത്രത്തിൽ താമസിക്കുകയും ഭഗവാനെ ഭജിക്കുകയും ചെയ്തിരുന്നു.
ഈ ക്ഷേത്രത്തിന്റെ പിറവിക്കു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. ഭഗവാന്റെ ഭക്തനായ പുണ്ഡലികനുമായി ബന്ധപ്പെട്ടുള്ളതാണ് ഇത്. ദന്ദീർവനം എന്ന കാട്ടിനുള്ളിൽ ജനുദേവിന്റെയും സത്യവതിയുടെയും പുത്രനായാണ് പുണ്ഡലികൻ ജനിച്ചത്. വിവാഹശേഷം പുണ്ഡലികൻ മാതാപിതാക്കളെ സംരക്ഷിക്കാതായി. അവരോടുള്ള പെരുമാറ്റവും മോശമായി.ഇതിൽ മനംനൊന്ത് ജനുദേവും സത്യവതിയും വാരാണസിയിലേക്ക് പോകാനൊരുങ്ങി. ഇതറിഞ്ഞ പുണ്ഡലികനും ഭാര്യയും അവർക്കൊപ്പം പോകാൻ നിശ്ചയിച്ചു. പുണ്ഡലികൻ ഭാര്യയോടൊത്ത് കുതിരപ്പുറത്തും വൃദ്ധമാതാപിതാക്കൾ നടന്നും കാശിക്കു പുറപ്പെട്ടു. ഇടയ്ക്ക് വനത്തിൽ അവർ താവളമടിച്ചു. അപ്പോഴും പുണ്ഡലികൻ മാതാപിതാക്കളെ വിശ്രമിക്കാൻ വിടാതെ അവർക്കോരോ ജോലികൾ കൊടുത്തു.
ഇത്തരത്തിൽ യാത്രയ്ക്കിടെ അവർ ഒരു സന്ന്യാസിയുടെ ആശ്രമത്തിലെത്തി. ആ ആശ്രമത്തിൽ അവരെല്ലാം അന്നേരാത്രി വിശ്രമിച്ചു. അന്നുരാത്രി പുണ്ഡലികൻ ഉറക്കത്തിൽനിന്നുണർന്നപ്പോൾ ചില മായാക്കാഴ്ചകൾ കണ്ടു. പുണ്ഡലികന്റെ മുന്നിൽ മനുഷ്യസ്ത്രീകളുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട പുണ്യനദികളായ ഗംഗയും യമുനയും ഉൾപ്പെടെയുള്ളവർ എത്രത്തോളം കടുത്ത പാപമാണ് പുണ്ഡലികൻ ചെയ്യുന്നതെന്ന് അദ്ദേഹത്തിനു മുന്നറിയിപ്പു നൽകി. ഇതോടെ പശ്ചാത്താപ വിവശനായ പുണ്ഡലികൻ തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താനും അവരുടെ പരിചരണത്തിന്റെയും ശുശ്രൂഷയുടെയും കാര്യത്തിൽ മുടക്കമൊന്നും വരുത്താതെയിരിക്കാനും തുടങ്ങി.പരിവർത്തനം വന്ന മകനൊപ്പം മാതാപിതാക്കൾ സന്തുഷ്ടരായി ജീവിച്ചുതുടങ്ങി.
ഇങ്ങനെ പുണ്ഡലികൻ ജീവിച്ച ഒരവസരത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ പന്ദർപുരിലെത്തി. ശ്രീകൃഷ്ണന്റെ വലിയ ഭക്തനായിരുന്നു പുണ്ഡലികൻ. അദ്ദേഹത്തിന്റെ ആശ്രമത്തിനു മുന്നിലെ വരാന്തയിൽ പ്രത്യക്ഷപ്പെട്ടു ഭഗവാൻ. ഈസമയം ആശ്രമത്തിനുള്ളിൽ മാതാപിതാക്കളെ പരിചരിക്കുകയായിരുന്നു പുണ്ഡലികൻ. ഭഗവാൻ വന്നതറിഞ്ഞു അദ്ദേഹം. എങ്കിലും മാതാപിതാക്കളുടെ പരിചരണം തുടർന്ന അദ്ദേഹം ഭഗവാന് നിൽക്കാനായി ഒരു ഇഷ്ടിക വരാന്തയിലേക്കു നീക്കിയിട്ടുകൊടുത്തു. ഭഗവാൻ അതിൽ നിൽക്കാൻ തുടങ്ങി.
സമയമെടുത്ത് മാതാപിതാക്കളെ ശുശ്രൂഷിച്ച ശേഷമാണ് പുണ്ഡലികൻ പുറത്തിറങ്ങിയത്. അത്രനേരവും ഭഗവാൻ വരാന്തയിൽ കാത്തുനിന്നു. പുറത്തുവന്ന പുണ്ഡലികൻ ഭഗവാനോട് ഇത്രസമയം കടന്നുപോയതിൽ ക്ഷമ ചോദിച്ചു. എന്നാൽ പുണ്ഡലികന് മാതാപിതാക്കളോടുള്ള സ്‌നേഹം ഭഗവാനെ സന്തോഷിപ്പിച്ചിരുന്നു. അദ്ദേഹം പുണ്ഡലികനോട് അക്കാര്യം പറയുകയും ചെയ്തു. സന്തുഷ്ടനായി നിന്ന പുണ്ഡലികനോട് ഭഗവാൻ ഇഷ്ടികയിൽ നിൽക്കുന്ന തന്റെ രൂപത്തെ ഇനിയുള്ള കാലം ഭജിക്കാൻ പറഞ്ഞു. വിത്തല എന്ന വാക്കിനർഥം തന്നെ ഇഷ്ടികയിൽ നിൽക്കുന്ന ഭഗവാൻ എന്നാണ്.