അനിരുദ്ധനെ തട്ടിക്കൊണ്ടുപോയ ചിത്രലേഖ: പ്രണയം കാരണം നടന്ന ഘോരയുദ്ധം
Mail This Article
ഇന്ത്യയുടെ പ്രാചീന സാഹിത്യത്തിന്റെ പ്രൗഡോജ്ജ്വല ഉദാഹരണങ്ങളാണ് പുരാണങ്ങൾ. ഉഷയുടെയും അനിരുദ്ധന്റെയും കഥ പുരാണങ്ങളിൽത്തന്നെ ഏറ്റവും ശ്രേഷ്ഠമായ ഒന്നായ ഭാഗവതപുരാണത്തിൽനിന്നാണ്. ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്റെ പ്രപൗത്രനായിരുന്നു ബാണാസുരൻ. സോണിതപുരമെന്ന രാജ്യം ബാണാസുരൻ അഹങ്കാരത്തോടെ ഭരിച്ചു. സാക്ഷാൽ പരമശിവന്റെ വരം ബാണാസുരൻ നേടിയിരുന്നു.
ബാണാസുരന്റെ പുത്രിയായിരുന്നു ഉഷ. അതിമനോഹരിയായ രാജകുമാരിയായിരുന്നു അവൾ. ഒരുരാത്രി ഉറക്കത്തിനിടയിൽ ഉഷയൊരു സ്വപ്നം കണ്ടു. അതിസുന്ദരനായൊരു രാജകുമാരനെയായിരുന്നു അത്. ആ സ്വപ്നത്തിൽതന്നെ ഉഷ ആ യുവാവുമായി പ്രണയത്തിലായി. ഉണർന്നെണീറ്റ അവൾ അതൊരു സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞു, കടുത്ത വിഷമം അവളെ വേട്ടയാടി.
ഈ സമയമാണ് ഉഷയുടെ കൂട്ടുകാരിയായ ചിത്രലേഖ അവൾക്കരികിലെത്തിയത്. പേരു സൂചിപ്പിക്കുന്നതുപോലെ മാന്ത്രികമായ കഴിവുകളുള്ള ചിത്രകാരിയായിരുന്നു ചിത്രലേഖ. ഉഷയുടെ സങ്കടമറിഞ്ഞപ്പോൾ ചിത്രലേഖ ഒരു ഉപായം പറഞ്ഞു. താൻ ഓരോ പുരുഷൻമാരുടെ ചിത്രങ്ങൾ വരയ്ക്കാം. അവയിലാരാണ് സ്വപ്നത്തിൽ വന്നതെന്ന് അറിയാമല്ലോ. ഉഷ സമ്മതം മൂളി. ചിത്രലേഖ ചിത്രം വരയ്ക്കാൻ തുടങ്ങി. പലരുടെയും ചിത്രങ്ങൾ വരച്ചു. ഒടുവിൽ ഒരു ചിത്രം കണ്ട ഉഷ ആനന്ദത്തോടെ എഴുന്നേറ്റുപോയി.
ആ ചിത്രം അനിരുദ്ധന്റേതായിരുന്നു. സാക്ഷാൽ ശ്രീകൃഷ്ണഭഗവാന്റെ പേരമകനായ അനിരുദ്ധന്റേത്. രൂപത്തിലും ഭാവത്തിലും ശ്രീകൃഷ്ണനെ അനുസ്മരിപ്പിക്കുന്ന അനിരുദ്ധൻ ശ്രീകൃഷ്ണന്റെ മകനായ പ്രദ്യുമ്നന്റെയും രുക്മാവതിയുടെയും മകനാണ്. ചതുർവ്യൂഹമെന്ന 4 വൃഷ്ണി നായകരിൽ ഒരാൾ അനിരുദ്ധനാണ് . ശ്രീകൃഷ്ണൻ, ബലരാമൻ, പ്രദ്യുമ്നൻ എന്നിവരാണ് ഇതിലെ മറ്റുള്ളവർ. സൗന്ദര്യവും ശക്തിയും ഒത്തിണങ്ങിയ മഹായോദ്ധാവായിരുന്നു അനിരുദ്ധൻ.
ശ്രീകൃഷ്ണന്റെ യദുവംശം അന്നത്തെ ഏറ്റവും ശക്തമായ രാജവംശമാണ്. അവരുടെ തട്ടകമായ ദ്വാരക കരുത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ മികച്ചുനിന്നു. എങ്കിലും കൂട്ടുകാരിക്കുവേണ്ടി ചിത്രലേഖ ഒരു സാഹസം ചെയ്തു. തന്റെ മായാവിദ്യകളാൽ ദ്വാരകയിലേക്ക് കടന്നുചെന്ന് കൊട്ടാരത്തിൽ തന്റെ മുറിയിൽ ഉറങ്ങിക്കിടന്ന അനിരുദ്ധനെ തട്ടിക്കൊണ്ടുപോയി. പിന്നീട് അനിരുദ്ധനെ ഉഷയുടെ അന്തപുരത്തിലെത്തിച്ച് അവളുടെ കിടക്കയ്ക്ക് സമീപം കിടത്തി. രാവിലെ ഉറക്കമുണർന്ന ഉഷയും അനിരുദ്ധനും തമ്മിൽ തമ്മിൽ കണ്ടമ്പരന്നു. എന്നാൽ താമസിയാതെ ഇരുവരിലും അനുരാഗം വളർന്നു.
എന്നാൽ അനിരുദ്ധന്റെ സാന്നിധ്യം താമസിയാതെ ബാണാസുരൻ കണ്ടുപിടിച്ചു. അനിരുദ്ധനെ ബന്ധനസ്ഥനാക്കി തടവിലിട്ടു.
ഇക്കാര്യങ്ങൾ താമസിയാതെ ദ്വാരകാ രാജധാനിയിൽ അറിഞ്ഞു. അനിരുദ്ധനെ രക്ഷിക്കാനായി യാദവപ്പട തയ്യാറായി. ശ്രീകൃഷ്ണന്റെയും ബലരാമന്റെയും നേതൃത്വത്തിൽ പ്രദ്യുമ്നൻ, സത്യകി തുടങ്ങിയ യാദവവീരൻമാരടങ്ങിയ മഹാസൈന്യം സോണിതപുരം വളഞ്ഞു.
ഘോരമായ യുദ്ധമായിരുന്നു പിന്നീട് നടന്നത്. ബാണാസുരന്റെ സൈന്യം യദുവംശ സേനയുടെ മുന്നിൽ തകർന്നടിഞ്ഞു. ബാണാസുരൻ അപകടത്തിലായതോടെ അദ്ദേഹത്തിന് സംരക്ഷണവരം നൽകിയ പരമശിവൻ ഇടപെട്ടു. ഇനിയും യുദ്ധം മുന്നോട്ടുപോയാൽ സർവലോകത്തിനും നാശം സംഭവിക്കുമെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് സമാധാനശ്രമവുമായി എത്തി. ഒടുവിൽ യുദ്ധം ഒത്തുതീർന്നു. ഒടുവിൽ ഉഷയും അനിരുദ്ധനും തമ്മിലുള്ള പ്രണയത്തിന് ഭഗവാൻ ശ്രീകൃഷ്ണനും പ്രദ്യുമ്നനും മറ്റ് യാദവ നായകൻമാരും ബാണാസുരനുമെല്ലാം അനുഗ്രഹം നൽകി.