ADVERTISEMENT

പണ്ടൊരിക്കൽ ഒരു കഥ കേട്ടിട്ടുണ്ട്. ഒരു വീട്ടിൽ ഒരു മുറിക്കുള്ളിൽ രണ്ട് സ്ത്രീകൾ കഴിഞ്ഞിരുന്നത്രേ. അവർ മുറിയിലെ ജനാലയിൽ നിന്ന് പുറത്തേക്കു നോക്കിയിരിക്കും. ഒരാൾക്ക് എപ്പോഴും സന്തോഷമാണ്, മറ്റൊരാൾക്ക് എപ്പോഴും പിരിമുറുക്കവും. ഒരിക്കൽ ആ കുടുംബത്തിൽ ഒരു ബന്ധു വിരുന്നു വന്നു. അവർ രണ്ട് സ്ത്രീകളെയും നിരീക്ഷിച്ചു. ഒരാളുടെ സുഖകരമായ ഭാവവും ഒരാളുടെ ആനന്ദപൂർണമായ ഭാവവും ഈ ബന്ധുവിന് കൗതുകമായി. 

അവർ വിഷമിച്ച് മുഖം മുറുക്കിയിരിക്കുന്ന ആളോട് ചോദിച്ചു. എന്താണ് ഇങ്ങനെ എപ്പോഴും ഇഞ്ചി കടിച്ചതുപോലെയിരിക്കുന്നത്. എപ്പോഴും പിരിമുറുക്കത്തിലിരിക്കുന്ന ആ സ്ത്രീ മറുപടി പറഞ്ഞു. ഈ ജനാലയ്ക്ക് വെളിയിലേക്ക് നോക്കൂ. ആ റോഡ് കാണുന്നില്ലേ, അതിനപ്പുറത്ത് മലിനജലം വഹിക്കുന്ന ഓട, വഴിയിലെങ്ങും ചപ്പുചവറുകൾ. എനിക്ക് ഇതൊക്കെ കാണുമ്പോൾ ആകെ അസ്വസ്ഥതയാണ്. ഇനി നിങ്ങൾ പറയൂ, നിങ്ങളും എപ്പോഴും മുറിക്കു പുറത്തേക്ക് നോക്കിയിരിക്കുമല്ലോ.നിങ്ങൾക്കെന്നിട്ട് വലിയ സന്തോഷമാണല്ലോ– ആ ബന്ധു സന്തുഷ്ടഭാവമുള്ള സ്ത്രീയോട് ചോദിച്ചു. അവർ മറുപടി പറഞ്ഞു– ഞാൻ മാലിന്യങ്ങളോ ഓടകളോ ഒന്നും നോക്കാറില്ല.

നോക്കൂ ഈ ജനാലയിലൂടെ മുകളിലേക്ക് നോക്കൂ. മനോഹരമായ മരങ്ങളും സസ്യങ്ങളും, അവയിൽ സുഗന്ധമുള്ള പൂക്കൾ വിരിയുന്നു. അവയിലെ തേനുണ്ണാൻ പൂമ്പാറ്റകൾ വരുന്നു. ചില്ലകളിൽ പക്ഷികൾ കൂടുവയ്ക്കുന്നു. എന്തു മനോഹരിയാണ് അല്ലേ ഈ പ്രകൃതി. ബന്ധു അമ്പരന്ന് പോയി. ഒരേ മുറിയിൽ താമസിക്കുന്നവർ. പക്ഷേ രണ്ടുതരം കാഴ്ചകൾ നോക്കുന്നവർ, രണ്ട് തരം വികാരങ്ങൾ അനുഭവിക്കുന്നവർ.നമ്മുെട ജീവിതത്തോടും അതിലെ പ്രവർത്തനങ്ങളോടും നമുക്കുള്ള കാഴ്ചപ്പാടാണ് നമുക്ക് ആനന്ദവും അല്ലെങ്കിൽ പിരിമുറുക്കവും സമ്മാനിക്കുന്നത്. ഒരിക്കൽ ഓഫിസിലെത്തിയ 3 ട്രെയിനിമാർക്ക് മേലുദ്യോഗസ്ഥൻ 100 ഫയലുകൾ വീതം നൽകി. 10 ദിവസമെടുത്ത് അതു പൂർത്തിയാക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

3 പേരും തങ്ങളുടെ ഫയലുകൾ മേശപ്പുറത്ത് അടുക്കിവച്ചു. ഒന്നാമൻ കഠിനാധ്വാനിയായിരുന്നു. പക്ഷേ പെട്ടെന്ന് തീർക്കണമെന്ന് കടുത്ത ആഗ്രഹമുള്ളയാളും. പെട്ടെന്ന് തീർക്കുന്നതാണ് തന്റെ മികവ് തെളിയിക്കാനുള്ള കാര്യമെന്ന് അദ്ദേഹം വിചാരിച്ചു. 100 ഫയലുകളും പറ്റുമെങ്കിൽ ഇന്നു തന്നെ തീർക്കണമെന്ന വാശിയോടെ അദ്ദേഹം ജോലി തുടങ്ങി. വൈകുന്നേരമായതോടെ 15 ഫയൽ തീർന്നിരിക്കുന്നു. ഒന്നാമന് ദേഷ്യമായി. ഇത്രയുമേ ചെയ്തുള്ളെല്ലോ. ഇനിയും കിടക്കുന്നു 85 ഫയലുകൾ. അദ്ദേഹം വാശിയോടെ രാത്രിയിൽ ഇരുന്ന് ജോലി ചെയ്തു. സന്ധ്യയ്ക്ക് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹമുണ്ടായിരുന്നു. അതിനു പോയില്ല.രാത്രിയിലും പകലുമുള്ള പണി ആയതോടെ അദ്ദേഹം ക്ഷീണിച്ചു. വിവാഹത്തിനു ചെല്ലാത്തതിൽ വരനും മറ്റു കൂട്ടുകാരും അദ്ദേഹത്തെ വിളിച്ച് വഴക്കു പറഞ്ഞത് കൂടുതൽ വേദനിപ്പിച്ചു.

അങ്ങനെ ആകെ ബുദ്ധിമുട്ടിലായ അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റി. പറഞ്ഞ പത്തുദിവസത്തിൽ അദ്ദേഹത്തിനു ഫയൽ സമർപ്പിക്കാൻ സാധിച്ചില്ല. രണ്ടാമത്തെയാൾക്ക് തന്റെ മുന്നിലിരിക്കുന്ന ഫയൽമല കണ്ടപ്പോഴേ ഭയമായി. ഓരോ നിമിഷവും അത് അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഇന്നു ചെയ്യാം നാളെച്ചെയ്യാം എന്നു കരുതി അദ്ദേഹം ഫയൽ മാറ്റിവച്ചു. എന്നാൽ എപ്പോഴും ചിന്തയിൽ ഫയൽമല മാത്രം. നന്നായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ അദ്ദേഹത്തിന് പറ്റാതായി.അദ്ദേഹത്തിനും കൃത്യസമയത്ത് ഫയൽ സമർപ്പിക്കാൻ കഴിഞ്ഞില്ല.

മൂന്നാമൻ പക്ഷേ വ്യത്യസ്തനായിരുന്നു. അദ്ദേഹം ഫയൽ കൃത്യമായി വീതിച്ചു. ഒരു ദിവസം 10 ഫയൽ നോക്കും. അതാണു ട‌ാര്‍ഗറ്റ്. അത് മനസ്സിലുറപ്പിച്ച് കൊണ്ട് അദ്ദേഹം ഫയൽനോട്ടം തുടങ്ങി. ഒന്നാം ദിനത്തിൽ വൈകുന്നേരത്തോടെ അദ്ദേഹം 10 ഫയൽ നീക്കി. അധികം കുറച്ച് സമയമുള്ളതിനാൽ അടുത്ത ദിവസത്തേതിൽ നിന്ന് രണ്ട് ഫയൽ കൂടി നോക്കി. അപ്പോളേക്കും അ‍ഞ്ചുമണിയായി. അദ്ദേഹം ഒരു മൂളിപ്പാട്ടും പാടി ഓഫിസിൽ നിന്നിറങ്ങി കൂട്ടുകാർക്കൊപ്പം സിനിമ കണ്ടു സുഖമായി കിടന്നുറങ്ങി. പിറ്റേന്നും ഇങ്ങനെ തന്നെ.ഒൻപതാം ദിവസം വൈകുന്നേരം അദ്ദേഹം ജോലി തീർത്ത് മേലധികാരിയെ ഏൽപിച്ചു. കൃത്യമായ നോട്ടവും മനോവിചാരങ്ങളുമുണ്ടായാൽ ഏത് കഠിനപ്രവർത്തിയും ആനന്ദപൂർണം ചെയ്തു തീർക്കാമെന്നാണ് ഈ കഥ പറയുന്നത്.

English Summary:

The Power of Perspective: Finding Joy in Everyday Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com