ADVERTISEMENT

ഉർവശി..പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ. സ്വർഗീയ വനിതകളായ അപ്‌സരസ്സുകളിലെ തിളങ്ങുന്ന തിലകം...ഉർവശിക്ക് വിശേഷണങ്ങൾ പലതാണ്. ഒരിക്കൽ നര, നാരായണ മഹർഷിമാർ ഹിമാലയത്തിലെ ബദരികാശ്രമത്തിൽ തപസ്സ് ചെയ്യുകയായിരുന്നു. ഋഷിമാരുടെ തപസ്സിൽ ദേവേന്ദ്രൻ ആകുലനായി മാറി. നര, നാരായണ മഹർഷിമാർ തപസ്സിലൂടെ കൂടുതൽ ശക്തി നേടുന്നത് തടയാൻ ദേവേന്ദ്രൻ തീർച്ചപ്പെടുത്തി. 

ഇതിനായി അദ്ദേഹം ആദ്യം ചെയ്തത് തന്റെ വാഹനവും ദിവ്യഗജവുമായ ഐരാവതത്തിന്റെ പുറത്തേറി ബദരികാശ്രമത്തിലെത്തുകയാണ്. അവിടെയെത്തിയ ദേവേന്ദ്രൻ മഹർഷിമാരോട് തപസ്സിൽ താൻ സംപ്രീതനായെന്നും 3 വരങ്ങൾ തരാമെന്നും പറഞ്ഞു. എന്നാൽ നരനാരായണൻമാർ ഇന്ദ്രനെ ഗൗനിച്ചില്ല. ഇന്ദ്രനിൽ നിന്നു വരം കിട്ടുന്നതിനായിരുന്നില്ല അവർ തപസ്സ് ചെയ്തത്. മഹർഷിമാരെ പേടിപ്പിക്കാനായി ഘോരമൃഗങ്ങളെയും വലിയ കൊടുങ്കാറ്റുകളെയും കാട്ടുതീകളെയുമൊക്കെ ഇന്ദ്രൻ സൃഷ്ടിച്ചു വിട്ടു. എന്നാൽ മഹർഷിമാർ ഇതിലൊന്നും ഭയപ്പെട്ടില്ല.

urvashi-pururavas-love-story3
Image Credit: This image was generated using Midjourney

അനേകം അപ്‌സരസുന്ദരികളെ അയച്ച് തപസ്സുമുടക്കാനായിരുന്നു ഇന്ദ്രന്റെ അടുത്ത പദ്ധതി. എണ്ണായിരത്തി അഞ്ഞൂറോളം അപ്‌സരസ്സുകൾ തപോഭൂമിയിലെത്തി ഗാനമാലപിക്കാനും നൃത്തം ചവിട്ടാനും തുടങ്ങി. അവിടെയെല്ലാം വസന്തകാലത്തിന്റെ പ്രതീതി സൃഷ്ടിക്കപ്പെട്ടു. എന്തുകൊണ്ടാണ് വസന്തകാലം ഇത്ര നേരത്തെ വന്നതെന്നോർത്ത് നര, നാരായണ മഹർഷിമാർ കണ്ണു തുറന്നു. പാട്ടുപാടി നൃത്തം ചെയ്യുന്ന അപ്‌സരസ്സുകളെ അവർ കണ്ടു. ഇതെല്ലാം ഇന്ദ്രന്റെ പണിയാണെന്ന് പെട്ടെന്നുതന്നെ അവർ മനസ്സിലാക്കി.

urvashi-pururavas-love-story4
Image Credit: This image was generated using Midjourney

ഇരു മഹർഷിമാരും തങ്ങളുടെ തുടയിൽ കൈ കൊണ്ട് ആഞ്ഞടിച്ചു. അപ്പോൾ ലോകൈക സുന്ദരിയായ ഒരു യുവതി അവിടെ പ്രത്യക്ഷപ്പെട്ടു. ഉർവശിയുടെ പിറവിയുടെ കഥ ഇങ്ങനെയാണ്. ഉർവശിയുടെ കത്തിജ്വലിക്കുന്ന സൗന്ദര്യം കണ്ട് ദേവലോകത്ത് നിന്നു തപസ്സുമുടക്കാനെത്തിയ അപ്‌സരസ്സുകൾ ലജ്ജിച്ചുപോയി. അവർ മുനിമാരോട് മാപ്പപേക്ഷിച്ചു. മുനിമാർ അവരോട് ക്ഷമിക്കുകയും അവർക്കൊപ്പം പോകാൻ ഉർവശിയെ അനുവദിക്കുകയും ചെയ്തു.

urvashi-pururavas-love-story2
Image Credit: This image was generated using Midjourney

ഉർവശിയെക്കുറിച്ചുള്ള അനേകം കഥകളിൽ ഏറ്റവും പ്രശസ്തം ചന്ദ്രവംശസ്ഥാപകനായ പുരൂരവസ്സുമായുള്ള അവരുടെ പ്രണയവും വിവാഹവും വിരഹവുമാണ്. യാദവർ, കൗരവർ, പാണ്ഡവർ തുടങ്ങിയ അതിപ്രശസ്ത രാജവംശശ്രേണികൾ ഉടലെടുത്തത് ചന്ദ്രവംശത്തിൽ നിന്നാണ്. ഈ വംശത്തിന്റെ ആദ്യരാജാവായിരുന്നു പുരൂരവസ്. സർവഗുണ സമ്പന്നനായ പുരൂരവസ്സിന്റെ ഖ്യാതി വിശ്വം മുഴുവൻ നിറഞ്ഞുനിന്നിരുന്നു. ഉർവശി രഹസ്യമായി പുരൂരവസ്സിനെ പ്രണയിച്ചിരുന്നു.

urvashi-pururavas-love-story1
Image Credit: This image was generated using Midjourney

അക്കാലത്തൊരിക്കൽ ഉർവശിക്ക് ഒരു ശാപം ലഭിക്കുകയും സ്വർഗലോകം വിട്ട് അവർക്ക് ഭൂമിയിൽ വരേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തു. അവർ പുരൂരവസ്സിന്റെ കൊട്ടാരത്തിലാണ് എത്തിയത്. ദേവസുന്ദരിയായ ഉർവശിയെ കണ്ടമാത്രയിൽ പുരൂരവസ് പ്രണയത്തിന് അടിപ്പെട്ടു. തന്നെ വിവാഹം കഴിക്കൂ എന്നാവശ്യപ്പെട്ട പുരൂരവസ്സിനു മുന്നിൽ ഉർവശി വിചിത്രമായ ചില നിബന്ധനകൾ വച്ചു. താൻ കൊണ്ടുവന്ന ആടുകളെ സംരക്ഷിക്കണം, താൻ ഭക്ഷണായി നെയ്യ് മാത്രമേ കഴിക്കൂ തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഇത്. ഇതെല്ലാം പുരൂരവസ്സ് അനുസരിച്ചു.

urvashi-pururavas-love-story5
Image Credit: This image was generated using Midjourney

ഉർവശിയും പുരൂരവസ്സും വിവാഹിതരായി. പ്രണയിച്ചിട്ടും പ്രണയിച്ചിട്ടും മതിയാകാത്ത രണ്ട് കമിതാക്കളായി അവർ പലയിടത്തും ഉല്ലസിച്ചുനടന്നു. എന്നാൽ ഒരിക്കൽ ഈ നിബന്ധനകളിലൊന്ന് പുരൂരവസ്സിന് തെറ്റിക്കേണ്ടി വന്നു. ദേവേന്ദ്രന്റെ പദ്ധതിയായിരുന്നു ഇതിനും പിന്നിൽ. ഇതോടെ ഉർവശി പുരൂരവസ്സുമായി അകന്നു. അവർ സ്വർഗലോകത്തേക്ക് തിരിച്ചുപോയി. പുരൂരവസ്സിന് ഇതംഗീകരിക്കാനായില്ല. അദ്ദേഹം വിഷാദത്തിനടിപ്പെട്ട് ദീർഘനാൾ ഭൂമിയിൽ ജീവിച്ചു. ഉർവശിയുടെ നഷ്ടം സൃഷ്ടിച്ച ശൂന്യത മറികടക്കാൻ എത്രശ്രമിച്ചിട്ടും അദ്ദേഹത്തിനായില്ല.

English Summary:

Urvashi and Pururavas: A Celestial Love Story from Hindu Mythology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com