ADVERTISEMENT

സെപ്റ്റംബര്‍ 6. ഇന്നാണ് മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച കുരിശുപള്ളികളിലേക്കുള്ള റാസ. പള്ളിമുറ്റത്തും നാട്ടുവഴികളിലും വർണ്ണവിസ്മയം കുടവിരിയും. ദേശം പ്രാർത്ഥനാ ഗാനങ്ങളാൽ ഭക്തിസാന്ദ്രമാകും.ഉദ്ദിഷ്ടകാര്യത്തിനു കുടയെടുക്കുക മണർകാട് പള്ളിയിലെ പ്രധാന വഴിപാടാണ്. പതിനായിരക്കണക്കിനു വർണ്ണ മുത്തുക്കുടകൾ റാസയിൽ നിറക്കൂട്ടൊരുക്കും. എണ്ണി തിട്ടപ്പെടുത്തിയിട്ടില്ലാത്ത മണർകാട് പള്ളിയുടെ മുത്തുക്കുട ശേഖരവും റാസയും എണ്ണത്തിലും നിറപ്പകിട്ടിലും ഗിന്നസ്/ലിംക ബുക്ക്‌ ഓഫ് റിക്കാർഡിൽത്തന്നെ ഇടംനേടാവുന്നതാണ് . 

മണർകാടുപള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റം ഭക്തിനിർഭരമായ ചടങ്ങാണ് ആറാം ദിവസം മദ്ധ്യാഹ്നപ്രാർഥനക്കുശേഷം തുടങ്ങുന്ന കുരിശുപള്ളികളിലേക്കുള്ള വർണ്ണാഭമായ റാസ. ഏറ്റവും മുന്നിൽ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രവും, ചിത്രമുള്ള കൊടിയും, ഗീവറുഗീസ്‌ സഹദായുടെ പടവും. പിന്നെ രണ്ടിൽ കുറയാതെ വെട്ടുകുടകൾ. അതിനു പിന്നിലാണ് മുത്തുക്കുടകൾ വർണ്ണപ്രപഞ്ചം തീർക്കുന്നത്‌.

മുത്തുക്കുടകൾക്കു തൊട്ടുപിന്നില്‍ നൂറുകണക്കിന് പൊൻ-വെള്ളി കുരിശുകൾ. കത്തിച്ച മെഴുകുതിരിയുള്ള ചിമ്മിനിയിട്ട വിളക്കും കൈയ്യിലേന്തി ഒരേ നിറത്തിൽ നടന്നുനീങ്ങുന്ന സേവകസംഘം-വനിതാസമാജം അംഗങ്ങൾ അതിനു പിന്നിലാണ്. റാസയുടെ പിന്നറ്റത്തായി വലിയ മേക്കട്ടിക്കു കീഴിൽ, കയ്യിൽ കിലുക്കുമണികളും കത്തിച്ച മെഴുകുതിരികളുമായി നീങ്ങുന്ന വെള്ളക്കുപ്പയമിട്ട ശുശ്രുഷകർക്കിടയിലെ ആരാധനാ വസ്ത്രമണിഞ്ഞ വൈദികർ, തൊഴുകൈകളോടെ ചുറ്റുംനില്ക്കുന്ന ഭക്തജനങ്ങളെ ആശിർവ്വദിച്ചുകൊണ്ട്‌ മുന്നോട്ടു നീങ്ങും. അതിനും പിന്നിൽ വൈകിയെത്തുന്ന ഭക്തജനങ്ങൾ അണമുറിയാതെ അണിചേരും.

കൊട്ടിക്കയറാന്‍ തെക്കൻ കേരളത്തിന്റെ വിവിധ ഇടങ്ങളിലെ വാദ്യസംഘങ്ങള്‍ റാസയിൽ ഉണ്ടാകും. ഓരോ സംഘത്തിനുമൊപ്പം സഹായിയും നിരീക്ഷകനുമായി ഓരോ വാളണ്ടിയറും. ബാൻറ് മേളക്കാർ ഡ്രമ്മുകളും തമ്പേറും ക്ലാർനെറ്റും ട്യൂബയും ട്രംപെറ്റുംകൊണ്ട് പഴയ ഭക്‌തിഗാനങ്ങൾ താളമിട്ടുപാടാൻ പാകത്തിലാക്കി വായിച്ചുകൊടുക്കും. നാസിക് ഡോൽ സംഘങ്ങളാണ് റാസയിലെ കാലം കൂട്ടിച്ചേർത്ത പുതിയ ചേരുവ. ഒരോ സംഘത്തിലും പത്തും അതിലേറെയും ഡോലുകൾ. ആറോ എട്ടോ ടാഷയും. ഡ്രമ്മുകളുടെ ചങ്കുപറിക്കുന്ന മുഴക്കത്തെ ആല്പം ഇകഴ്ത്തുന്ന ഒന്നോ രണ്ടോ ഷേക്കറും. പതിനെട്ടും അതിലേറെയും ഉപകരണങ്ങളടങ്ങിയ നാസിക് ഡോൽ സംഘങ്ങൾ വൻ ശബ്ദഘോഷം തീർക്കും. വലിയ ഡോൽ വായിക്കുന്നവർ കായികാഭ്യാസവും സാഹസികതയും കാട്ടി വിസ്മയിപ്പിക്കും. ചെണ്ടമേളക്കാർക്കൊപ്പം ശിങ്കാരി മേളക്കാരും റാസയില്‍ കൊട്ടിത്തിമിർക്കും.

Manarkad-St-marys-Church-1
മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചെത്തിയ വിശ്വാസികൾ പ്രാർഥനയോടെ. ചിത്രം: റിജോ ജോസഫ് /മനോരമ

കണിയാംകുന്നിലെയും കവലയിലെയും കുരിശിൻതൊട്ടികളിലും കരോട്ടെ പള്ളിയിലും പ്രത്യേക പ്രാർത്ഥനകൾക്കുശേഷം റാസയുടെ മുന്നറ്റം തിരികെ പള്ളിയിലെത്തുമ്പോഴും കുടയെടുക്കുന്ന ഭക്തരുടെ പള്ളിപറമ്പിലെ തിരക്ക് ഒഴിഞ്ഞിട്ടുണ്ടാവില്ല.റാസ കടന്നുപോകുന്ന വഴിക്കിരുപുറവും ഭക്തജനങ്ങൾ തൊഴുകൈകളോടെ നിൽക്കുന്നുണ്ടാവും. ജാതിമതഭേദമില്ലാതെ അവർ കന്യകാമറിയമിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രങ്ങള്‍ അലങ്കരിച്ചുവെച്ചും മെഴുകുതിരി കത്തിച്ചും റാസയെ വരവേൽക്കും. പള്ളി ഗായകസംഘത്തിന്റെയും പ്രദിക്ഷണവഴിയിൽ അവിടവിടെയുള്ള ഗായകസംഘങ്ങളുടെയും പ്രാർത്ഥനാഗാനങ്ങളാൽ ദേശമാകെ ഭക്തിസാന്ദ്രമാകും. വിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ എന്ന് നാട് ഒന്നിച്ച്‌ അപേക്ഷിച്ചുകൊണ്ടിരിക്കും.

പെരുന്നാൾ പ്രദിക്ഷണങ്ങക്ക് പൊതുവിൽ പറയുന്ന ‘റാസ' ഒരു സുറിയാനി പദമാണ്. റാസ അല്ലെങ്കിൽ റോസോ എന്ന വാക്കിനർത്ഥം രഹസ്യം. ഹോളി മിസ്റ്ററി ഡിക് ഷണറികളിലെ സമാനമായ ഇംഗ്ലീഷ് പദം. റാസ കൽദായയും (പൗരസ്ത്യ) റോസോ അന്ത്യോക്യനും (പാശ്ചാത്യ) സുറിയാനി രൂപങ്ങൾ. രണ്ട് സുറിയാനി പാരമ്പര്യത്തിലും വി കുർബാനക്ക് റാസ ‌അല്ലെങ്കിൽ റോസോ എന്ന് പൊതുവായി പറഞ്ഞിരുന്നു.വി കുർബാന (റാസ) എഴുന്നള്ളിച്ചു നീങ്ങുന്ന പ്രദിക്ഷണംതന്നെ കാലാന്തരത്തിൽ റാസയായി പരിണമിച്ചു എന്നാണ് സുറിയാനി-സഭാചരിത്ര പണ്ഡിതനായ ഡോ കുറിയാക്കോസ് മൂലയിൽ പറയുന്നത്. കത്തോലിക്ക വിശ്വാസികളുടെ പെരുന്നാൾ പ്രദിക്ഷണങ്ങളിൽ വി കുർബാന (തിരുവോസ്തി) അരുളിക്കയിൽ എഴുന്നള്ളിക്കുന്ന പതിവുണ്ട്. യാക്കോബായ സഭാ പാരമ്പര്യത്തിൽ അംശവസ്ത്രമണിഞ്ഞ് പരിശുദ്ധരുടെ ചിത്രംവെച്ച കുരിശുള്ള അരുളിക്ക കയ്യിലേന്തിയ വൈദികൻ(ർ) വിശ്വാസികൾക്ക് അനുഗ്രഹം പകർന്ന് പ്രദിക്ഷണത്തിന് ഏറ്റവും പിന്നിലായി നീങ്ങുന്നു.

ഓർമ്മളിലെ റാസക്കിടയിൽ ഇടയ്ക്കിടെ പച്ചയും ചുവപ്പും കൊടികൾ കൈയ്യിലേന്തിയ വാളണ്ടിയറന്മാരുടെ പഴയൊരു ചിത്രമുണ്ട്. പുരോഹിതര്‍ കണിയാംകുന്നിലും കവലയിലെ കുരിശുപള്ളിയിലും കരോട്ടെ പള്ളിയിലും പ്രാർത്ഥന നടത്തുമ്പോൾ റാസയുടെ മുന്നിൽ സന്ദേശമെത്തിക്കുന്നത് ഇടെക്കിടെ ഈ കൊടികൾ കാട്ടിയായിരുന്നു. ചുവപ്പ് കൊടി നിൽക്കാൻ. പച്ച നീങ്ങാൻ. കൊടികൾക്കുപകരം മൊബൈൽ ഫോൺ നിർദ്ദേശങ്ങളായത് ഡ്രോൺ ക്യാമറ നൽകുന്ന പുതിയ ആകാശക്കാഴ്ചകൾക്കൊപ്പം കാലം റാസയ്ക്കു നൽകിയ സാങ്കേതിക പുരോഗതി. വ്യക്തികളും സ്വകാര്യസഥാപനങ്ങളും വഴിക്കിരുപുറവും അവിടവിടെനിന്ന്‌ ശീതളപാനീയങ്ങളും കുപ്പിവെള്ളവും സൗജന്യമായി വിതരണം ചെയ്യുന്ന പതിവ് ഇന്നുമുണ്ട്. പഴയ പെരുന്നാൾ പ്രദക്ഷിണ സ്മരണകളിൽ മഴ നനഞ്ഞു കുതിർന്ന മുത്തുക്കുടയിൽനിന്നു ഒലിച്ചിറങ്ങിയ പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങൾ പടർന്നിട്ടുണ്ട്. ഇവിടെ ഭക്തിയും വിശ്വാസവും ആഘോഷവും ഒന്നാകുന്നു. മതത്തിന്റെ വേലിക്കെട്ടുകൾകടന്ന ഭക്തിയുടെ വർണക്കുടകൾ മൂന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക പ്രദിക്ഷണവഴിയിൽ ആണ്ടുതോറും അണിചേർന്നു ആത്മീയനിർവൃതി നേടുന്നു.

English Summary:

Experience the Divine: The Rasa at Manarcadu Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com