സർവം നശിപ്പിക്കുന്ന ബ്രഹ്‌മാസ്ത്രം
Mail This Article
ഇന്ത്യൻ ഐതിഹ്യങ്ങളുടെ ഏറ്റവും വലിയ സാഹിത്യപരമായ പ്രത്യേകത അതു പുലർത്തുന്ന വിവരണാത്മകതയാണ്. ചുറ്റുമുള്ള പ്രകൃതിയെയും ആളുകളുടെ വികാരങ്ങളെയും ഉപകരണങ്ങളെപ്പറ്റിയും ആയുധങ്ങളെപ്പറ്റിയുമൊക്കെ ഐതിഹ്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പാശുപതാസ്ത്രം, ഇന്ദ്രാസ്ത്രം, നാരായണാസ്ത്രം, ബ്രഹ്‌മദത്തമായ അസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്. ബ്രഹ്‌മദത്തമായ ആയുധങ്ങളിൽ ഏറെ പ്രസിദ്ധം ബ്രഹ്‌മാസ്ത്രം തന്നെ. തങ്ങളുടെ ആവനാഴിയിലെ ഏറ്റവും നല്ല ഉപായം എന്ന നിലയ്ക്കുള്ള ശൈലിയായി പോലും ബ്രഹ്‌മാസ്ത്രത്തെ പറയാറുണ്ട്.
ഹിന്ദു ഐതിഹ്യങ്ങൾ പ്രകാരം വളരെ കുറച്ചുപേർക്കേ ബ്രഹ്‌മാസ്ത്രവും അതുപയോഗിക്കാനുള്ള സിദ്ധിയും ലഭിച്ചിട്ടുള്ളൂ. പരശുരാമൻ, ഭഗവാൻ ശ്രീരാമൻ, ഇന്ദ്രജിത്ത്, ഭീഷ്മാചാര്യർ, ദ്രോണാചാര്യർ, കർണൻ,അശ്വത്ഥാമാവ്, അർജുനൻ,ലക്ഷ്മണൻ എന്നിവർ ഇവരിൽ ഉൾപ്പെടും.ബ്രഹ്‌മാസ്ത്രത്തെപ്പറ്റി ഒരു സിനിമയിൽ പറയുന്നതുപോലത്തെ വിവരണങ്ങൾ പുരാണങ്ങളിലുണ്ട്.ഉപയോഗിച്ചുകഴിഞ്ഞാൽ ഒരു വൻ തീഗോളം സൃഷ്ടിക്കുന്ന ഈ അസ്ത്രത്തിൽ നിന്ന് ഭീതിജന്യമായ ജ്വാലകൾ പുറപ്പെടും. മരങ്ങളും സമുദ്രങ്ങളും മൃഗങ്ങളുമുൾപ്പെടെ പ്രകൃതി വെട്ടിവിറയ്ക്കും. ആകാശം കത്തിജ്വലിക്കുമെന്നും ഹിമാനികൾ ഉരുകുമെന്നും പർവതങ്ങൾ പ്രകമ്പനം കൊള്ളുമെന്നും ഇതെപ്പറ്റിയുള്ള വിവരണങ്ങളിലുണ്ട്.
വ്യക്തികളെ നശിപ്പിക്കാൻ ഉദ്ദേശമിട്ടുള്ളതാണ് ബ്രഹ്‌മാസ്ത്രം. എന്നാൽ ഇതിന്‌റെ ശക്തി കൂടിയ വകഭേദമായ ബ്രഹ്‌മശിരാസ്ത്രം കൂടുതൽ നശീകരണസ്വഭാവമുള്ളതാണ്. സാധാരണ ബ്രഹ്‌മാസ്ത്രത്തെക്കാൾ 4 മടങ്ങാണ് ഇതിന്‌റെ ശേഷി.ബ്രഹ്‌മാസ്ത്രത്തിൽ നിന്നു രക്ഷനൽകുന്ന ബ്രഹ്‌മദണ്ഡിനെക്കുറിച്ചും ഐതിഹ്യങ്ങളിൽ പരാമർശമുണ്ട്. ഇതും ബ്രഹ്‌മാവിനാൽ നിർമിതമാണ്. വിശ്വാമിത്ര മഹർഷിയാകുന്നതിനു മുൻപ് രാജാവായിരുന്ന കൗശികൻ വസിഷ്ഠനുമായി ദേഷ്യത്തിലാകുകയും അദ്ദേഹത്തിന്‌റെ നേർക്കു ബ്രഹ്‌മാസ്ത്രം പ്രയോഗിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഐതിഹ്യങ്ങളിൽ പരാമർശമുണ്ട്. ബ്രഹ്‌മദണ്ഡാണ് അപ്പോൾ വസിഷ്ഠനു രക്ഷ നൽകുന്നത്.
രാമായണത്തിൽ ബ്രഹ്‌മാസ്ത്രത്തെക്കുറിച്ചു പല പരാമർശങ്ങളുണ്ട്. ലങ്കയിൽവച്ച് ഹനുമാനുനേർക്ക് ഇന്ദ്രജിത്ത് ഈ അസ്ത്രം പരീക്ഷിക്കുമെങ്കിലും പ്രത്യേകമായ വരം ലഭിച്ചിട്ടുള്ളതിൽ ഹനുമാന് അത് ദ്രോഹമൊന്നും ചെയ്യില്ല. രാമായണത്തിൽ ഭഗവാൻ ശ്രീരാമൻ ബ്രഹ്‌മാസ്ത്രം പല തവണ ഉപയോഗിക്കുന്നതായി പരാമർശങ്ങളുണ്ട്. രാമസേതു നിർമിക്കാൻ സഹായത്തിനായി ശ്രീരാമൻ, സാഗരത്തിന്റെ അധിപനായ വരുണനോട് ദിവസങ്ങളോളം പ്രാർഥിക്കുമെങ്കിലും ഫലമുണ്ടാകുന്നില്ല. തുടർന്ന് ശ്രീരാമൻ സാഗരത്തിനു നേർക്ക് ബ്രഹ്‌മാസ്ത്രം നീട്ടുമ്പോഴാണ് വരുണൻ പ്രത്യക്ഷപ്പെടുന്നതും സേതുബന്ധനത്തിനു അനുമതി നൽകുന്നതും. രാമ-രാവണയുദ്ധത്തിന്റെ അവസാനം കുറിച്ച് രാവണനെ ശ്രീരാമൻ കൊല്ലുന്നതും ബ്രഹ്‌മാസ്ത്രം ഉപയോഗിച്ചുതന്നെ.