കാലത്തെ അതിജീവിച്ച നവോത്ഥാന മാതൃക
Mail This Article
കാലത്തിനു മുൻപേ വിശ്വാസത്തിന്റെ വെള്ളിവെളിച്ചം സഭയ്ക്കും സമൂഹത്തിനും പ്രദാനംചെയ്ത മലങ്കരയുടെ മഹാഗുരുവായിരുന്നു പരുമല തിരുമേനി. മഹാഗുരു എന്നതിനോടൊപ്പം നന്മയിൽ അധിഷ്ഠിതമായ എന്തിനെയും ഉൾക്കൊള്ളുന്ന മഹാശിഷ്യനുമായിരുന്നു അദ്ദേഹം. തനിക്കുള്ളതെല്ലാം ക്രിസ്തുസന്നിധിയിൽ ആത്മാർപ്പണം ചെയ്തു. പ്രകൃതിയുടെ ഭാവങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് യഥാസമയത്ത് ഉപദേശവും മാർഗദർശിയുമായി പ്രശോഭിച്ചു.അജപാലകരുടെ കാര്യത്തിൽ ഏറെ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിച്ചു. ഒരിക്കലും അത് പ്രകടനപരമായിരുന്നില്ല. വജ്രത്തിന്റെ മുഖശോഭ അതു ദർശിക്കുന്നവരുടെ ദിശയിലെന്നതു പോലെ ഒരേ ഭാവത്തിന്റെ വ്യത്യസ്ത തലങ്ങൾ ഒരുപോലെ ഒരേ ഘട്ടത്തിൽ പ്രദാനം ചെയ്യാൻ കഴിഞ്ഞിരുന്ന മഹാത്മാവ്.
വ്യക്തിജീവിതം എങ്ങനെ വിശുദ്ധമാക്കാമെന്നതായിരുന്നു ആ ജീവിത യാത്രയിലത്രയും അദ്ദേഹം അന്വേഷിച്ചത്. ആത്മീയജീവിതവും ഭൗതികജീവിതത്തിൽ അധിഷ്ഠിതമാണെന്ന ഉൾക്കാഴ്ചയോടെ സത്കർമങ്ങളിലൂടെയും ത്യാഗനിർഭരമായ സേവനങ്ങളിലൂടെയും സഭയിലാകമാനം ഒരു നവീനദർശനത്തിനു വിത്തുപാകി. സഭാപിതാക്കന്മാരുടെ ജീവിതം തന്റേതായ പുതുവെളിച്ചത്തിൽ ശിഷ്യർക്ക് പകർന്നു നൽകി.
ക്രിസ്തുവിന്റെ മാതൃകയിലുള്ള പുതുക്കപ്പെടലുകൾ ഓരോ ഘട്ടത്തിലും അദ്ദേഹത്തിൽ നിന്നുമുണ്ടായി. ‘മനുഷ്യന് മനുഷ്യൻ അശുദ്ധ വസ്തു’വായി കൽപിക്കപ്പെട്ട കേരളത്തിന്റെ ഒരിരുണ്ട കാലത്തിൽ നിന്ന്, അവഗണിക്കപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും തന്റെ അരികിലേക്ക് വിളിച്ചുവരുത്തി ആശ്വാസത്തിന്റെ തെളിനീരു നൽകി. ആരാധാലയങ്ങളും വിദ്യാലയങ്ങളും പിന്നാക്ക വിഭാഗത്തിന് അഗമ്യമായിരുന്ന ഘട്ടത്തിൽ ദൈവാഭിമുഖ്യത്തിനായി ദേവാലയങ്ങളും അക്ഷരജ്ഞാനത്തിനായി പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.
‘'മിടുക്കനാകണ്ട, ഭോഷനാകയുമരുത്. ക്ഷമയാകുന്ന ബലവും ഇഹത്തിലും പരത്തിലും മാനവും... സജ്ജനങ്ങളുടെ ലക്ഷണം അതാകുന്നു. വലിയവൻ ചെറിയവൻ; ചെറിയവൻ വലിയവൻ. ഏവരും തന്നത്താൻ അറിയണം. ബലമറിഞ്ഞു നടക്കണം. ബുദ്ധി പഠിക്കണം; ബുദ്ധിമാൻ എന്നു പഠിക്കരുത്. ഗണത്തെ മറക്കരുത്. എല്ലാവരെയും കരുതണം.’’ എത്ര വ്യാഖ്യാനങ്ങൾക്കും പഠനത്തിനും വിധേയമാകുന്നതാണ് ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ മൊഴികൾ. മിടുക്കനാകാനായുളള തത്രപ്പാടിൽ പലപ്പോഴും ലക്ഷ്യത്തിലെത്തണമെന്നില്ല. എന്നാൽ ഭോഷനാകാതിരിക്കാനുള്ള ശ്രദ്ധയാണ് ജീവിതത്തിന്റെ അടിസ്ഥാന വിജയം എന്ന അറിവ് അദ്ദേഹം ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകി. ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി എന്നത് അന്നേവരെയുള്ള ചരിത്രത്തിലും പിന്നീടുള്ള ചരിത്രത്തിലും അത്യപൂർവമായിരുന്നു. ഈ വലുപ്പത്തിന്റെ ബലം തിരുമേനിയുടെ ജീവിതത്തെ സാരവത്താക്കി. ബുദ്ധിയുള്ളവനാകണം. എന്നാൽ ബുദ്ധിമാനാണെന്നു നടിക്കരുത്. തന്നോടൊപ്പമുള്ള കൂട്ടത്തെ മറക്കരുത്. അതുമാത്രമല്ല കഴിയുന്നിടത്തോളം എല്ലാവരെയും കരുതുകയും വേണം. ക്രിസ്തു ദർശനത്തിന്റെ മർമമാണിതെന്നു സൂക്ഷ്മത്തിൽ കണ്ടെത്താൻ കഴിയും.
അസമാധാനത്തിന്റെ സാഹചര്യത്തിലൂടെ നാം കടന്നുപോകുന്നു. എവിടെയും അസ്വസ്ഥതയുടെയും വിദ്വേഷത്തിന്റെയും ചുറ്റുപാടുകളാണ്. നല്ല മാതൃകകൾ ഇല്ലാതെയാകുന്നു. പണാധിപത്യത്തിന്റെയും വെല്ലുവിളികളുടെയും സാഹചര്യമാണ് ഇന്നു കാണുന്നത്. ഒറ്റപ്പെട്ട നന്മയുടെ തുരുത്തുകൾ ഇല്ലെന്നല്ല. താൻപോരിമയുടെ ബഹുസ്വരതയ്ക്കിടയിൽ ഈ നന്മയുടെ തുരുത്തുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തിന്റെ പുനരാലോചനയിലൂടെ അക്കാദമിക് സമൂഹം പാഠവും പാഠഭേദവും അവതരിപ്പിക്കുന്ന ഈ ഘട്ടത്തിൽ അതുവരെ മുൻനിരയിലില്ലാതെ പോയ അപൂർവം ചിലരുടെ ജീവിതവും പ്രവർത്തനവും ഇപ്പോൾ വിലയിരുത്തപ്പെടുന്നു. എന്നാൽ അവിടെയെങ്ങും പരുമല തിരുമേനിയുടെ നാമം ‘പണ്ഡിത സമൂഹം’ പരാമർശിച്ചു കാണുന്നില്ല. ഈ പരിമിതിക്കു കാരണം നാം തന്നെയാണ്. ‘തണ്ടിന്മേൽ ശോഭിക്കേണ്ട വിളക്ക്’ യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കാത്തതു കാരണം അത് മറ്റുള്ളവർക്ക് ഗോചരമാകുന്നില്ല എന്നതാണ് യാഥാർഥ്യം. ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് നാം ഇതുവരെ ഈ പരിശുദ്ധനെ വിലയിരുത്തിയിട്ടുള്ളത്. അതാണ് അടിസ്ഥാനമെങ്കിലും അതിനപ്പുറമുള്ള പൊതുസമൂഹത്തിന്റെ ഭാഗമാക്കി പ്രതിഷ്ഠിക്കാനും നമുക്കു കഴിയണം.
ജാതിതിരിഞ്ഞ് തങ്ങൾക്ക് തിരുവിതാംകൂറിന്റെ തൊഴിൽമേഖലയിൽ ഇടം കിട്ടണമെന്ന് വാദിക്കുകയും സമരാഹ്വാനങ്ങൾ നടക്കുകയും ചെയ്തപ്പോൾ ആലപ്പുഴയിൽ വച്ചു നടന്ന ‘കൗണ്ടർ മെമ്മോറിയലിന്റെ’ യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പരുമല തിരുമേനി ‘മതനിരപേക്ഷത’ യുടെ വക്താവായി മാറുകയായിരുന്നു എന്ന ചരിത്രം വിസ്മരിക്കപ്പെടുന്നു. പരുമല തിരുമേനിയുടെ പൊതുജീവിതത്തിലെ സുപ്രധാനമായ ഒരു സംഭവമായിരുന്നു ഇത്. മതനിരപേക്ഷതയുടെ ആദ്യകാല മാതൃകയും പരുമല തിരുമേനിയാണെന്നു കാണാം.
അനുദിനം കബറിടത്തിലെത്തുന്ന അനേകരിലൂടെ ഈ മഹാ പരിശുദ്ധൻ അധ്യാത്മിക നവോത്ഥാനത്തിന്റെ ശ്രേണീശൃംഗങ്ങളിൽ വിരാജിക്കുന്നു. ഈ സത്തബോധമാണ് കാലത്തെ അതിജീവിക്കുന്നതെങ്കിലും ഈ ശ്രേഷ്ഠന്റെ ഭൗതിക ജീവിതവും അതുപോലെ തന്നെ പ്രസക്തമായിരുന്നു. എത്രയോ കാര്യങ്ങൾക്ക് അദ്ദേഹം ഒരുപോലെ മാതൃകയായിരുന്നു. യാത്ര നൽകുന്ന അനുഭവങ്ങൾ, യാത്രാവിവരണങ്ങളിലൂടെ ലഭ്യമാകുന്ന സാംസ്കാരിക സമന്വയം, പ്രഭാഷണങ്ങളിലൂടെ കൈമാറുന്ന മൂല്യബോധം, ശിക്ഷണത്തിന്റെയും ശാസനയുടെയും പ്രസക്തി, മാതൃകാ നേതൃത്വം, മിഷൻ പ്രവർത്തനത്തിനു തുടക്കം, വിശ്വമാനവിക കാഴ്ചപ്പാട് എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ സ്മരിക്കപ്പെടാനും ഈ പെരുന്നാൾ സഹായകമാകും.