ADVERTISEMENT

തീർഥാടനങ്ങൾ ഭാരതീയ മനസ്സിന്റെ അവിഭാജ്യ ഘടകമാണ് .ആത്മീയ ചൈതന്യത്തിന്റെ ഊഷ്‌മളകൾ തേടിയുള്ള സാധക സഞ്ചാരങ്ങളാണവ. ജാതി-മത-വർഗ്ഗ ബോധ്യങ്ങൾക്കപ്പുറം വിശുദ്ധിയുടെ തീരം തേടി പരുമലയിലേക്കൊഴുകുന്ന തീർഥാടകരുടെ എണ്ണം കേരളീയ സമൂഹത്തിന് പരിചിതമാണ്. ജനമനസ്സിൽ സ്ഥായിയായ സ്ഥാനം ഉറപ്പിക്കുവാൻ ഇസങ്ങൾക്കും വ്യക്തിപ്രഭാവങ്ങൾക്കും കഴിയാതെ പോകുന്ന കാലത്താണ് മരണശേഷവും നൂറ്റാണ്ടുകളെ ഭേദിക്കുന്ന പരുമലയിലെ വിശുദ്ധിയുടെ തേജോഗോളങ്ങൾ .ഉഗ്രമായ സൂര്യകിരണങ്ങളും കാലാവർഷക്കെടുതികളും തളർത്താതെ പരുമലയിലേക്കൊഴുകുന്ന തീർഥാടക സമൂഹം നമ്മുടെ കാലത്തിന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കും. നിസ്സംശയം കാലത്തിന്റെ പോറലേൽപ്പിക്കാൻ കഴിയാത്ത വിശുദ്ധിയുടെ പ്രഭയാണ് അതെന്ന് സാക്ഷിക്കുന്നു .

തീർഥാടനങ്ങൾ ബോധ്യങ്ങളുടെയും സാക്ഷ്യത്തിന്റെയും പ്രഖ്യാപനങ്ങളാണ്. തീർഥാടകന്റെ ചുവടുവയ്‌പുകളിൽ നിറയുന്ന നിശ്ചയദാർഢ്യമാണ് ആ സഞ്ചാരത്തിന്റെ സൗന്ദര്യം. ശാരീരിക ക്ലേശങ്ങളെ പടിക്കുപുറത്താക്കി ലക്ഷ്യപ്രാപ്‌തിയിലെത്തുന്ന തീർഥാടകന്റെ സഞ്ചാരം ബോധ്യങ്ങളുടെ പിൻബലത്തിലാണ്. വിശ്വാസത്തിന്റെ ആഴമാണ് ഈ ബോധ്യം. തീർഥാടനങ്ങൾ തീർഥാടകന്റെ സ്വകാര്യതയുടെ ലുത്തിനിയാകളല്ല. ഉന്നതമായ സാക്ഷ്യത്തിന്റെ പ്രഖ്യാപനങ്ങളാണ്. അവകാശവാദങ്ങളില്ലാതെ മൗനമായി നിർവ്വഹിക്കുന്ന സാക്ഷ്യത്തിന്റെ ക്രിയാത്മകഭാവം നിയതമായ ഘടനകളെയും സിദ്ധാന്തങ്ങളെയും വെല്ലുവിളിക്കുന്ന ഉത്തരാധുനിക കാലത്തെപോലും വിശുദ്ധിയുടെ തീരം തേടുന്ന തീർഥാടക സമൂഹം സ്വാധീനിക്കുന്നുണ്ട് .

തീർഥാടകന്റെ ചുവടുവെയ്പുകൾ വിശുദ്ധിയുടെ തീരം തേടിയാണ്. വിശുദ്ധിയുടെ തീരം തേടുന്നവർ ആ ചുറ്റുപാടുകളിൽ അന്തിയുറങ്ങുവാൻ ആഗ്രഹിക്കുക സ്വാഭാവികം. താബോറിന്റെ വിശുദ്ധിയിൽ നിന്ന് താഴരങ്ങളുടെ വേദനകളിലേക്ക് ഇറങ്ങുവാൻ നിർബന്ധിച്ച ക്രിസ്തു ബോധ്യങ്ങൾ തന്നെയാണ് തീർഥാടകനുമുണ്ടാകേണ്ടത്. വിശുദ്ധിയുടെ തീരങ്ങൾ നമ്മോടു മന്ത്രിക്കുന്നത് എന്താകും? നേടിയെടുത്തതിന്റെ സ്തോത്രനാദങ്ങളും നേടിയെടുക്കാനുള്ളതിന്റെ ആത്മനൊമ്പരങ്ങളും തീർഥാടകന്റെ മനസ്സിനെ ചുരുക്കിക്കളയുന്നു എങ്കിൽ വിശുദ്ധിയുടെ തീരങ്ങളിലേക്കുള്ള അഭയാർത്ഥികളെ മാത്രമെ നമുക്കു കാണുവാൻ കഴിയൂ. വിശുദ്ധന്റെ കബറിടം ഈ കാലഘട്ടത്തോടു സംവേദിക്കുന്നതെന്താവും? വിശുദ്ധിയുടെ തിരുശേഷിപ്പുകൾ വണങ്ങുവാനുള്ള നമ്മുടെ ആവേശം വിശുദ്ധന്റെ ജീവിതത്തെ തിരിച്ചറിയുവാനുള്ളതുകൂടിയാവണം.

വിപണി ദൈവമാകുന്ന നമ്മുടെ കാലത്ത് തീർഥാടന കേന്ദ്രങ്ങളെയും അവ വിഴുങ്ങുക സ്വാഭാവികം .വിപണിയുയർത്തുന്ന നേട്ടമെന്ന മുദ്രാവാക്യം തീർഥാടകന്റെ മനസ്സിനെ സ്വാധീനിച്ചാൽ വിശുദ്ധിയുടെ തീരങ്ങൾ മലിനപ്പെടും. നാം പ്രണയിക്കേണ്ടത് തീർഥാടന കേന്ദ്രത്തിന്റെ ചുറ്റുപാടുകളെയല്ല വിശുദ്ധിയുടെ തീരങ്ങളെയാവണം. വിപണിക്ക് ആൾക്കൂട്ടങ്ങൾ ഹരമാണ്. ആത്മീയതയ്ക്ക് വ്യക്തികളാണ് പ്രാധാന്യം. ആൾക്കൂട്ട ആത്മീയതയ്ക്ക് വല്ലാത്ത പ്രചാരണം കൈവരുന്ന കാലത്താണ് തീർഥാടനങ്ങൾ വ്യക്തികളെ നേടുന്നതും രൂപപ്പെടുത്തുന്നതും. ജനസഞ്ചാരത്തിന്റെ ആത്മീയത ഉന്മാദത്തിനും കച്ചവടത്തിനും കീഴ്പ്പെടുമ്പോൾ തീർഥാടകന്റെ മനസ്സിനെ ദൈവത്തിന് മാത്രമേ കീഴ്‌പ്പെടുത്താൻ കഴിയുകയുള്ളൂ .

നമുക്കുവേണ്ടത് വിശുദ്ധിയുടെ ചുവടുവെയ്പുകളാണ്. നിയോ ലിബറൽ തത്വശാസ്ത്രങ്ങൾ കീറിമുറിച്ച ജീവിത പരിസരങ്ങളിലേക്കുള്ള ചുവടുവെയ്പുകൾ ശിഥിലമാകുന്ന കുടുംബബന്ധങ്ങളിലേക്ക്, വർഗ്ഗീയ വിഷയം തുപ്പുന്ന കപട മതബോധങ്ങളിലേക്ക്,ഉഗ്രമാക്കപ്പെടുന്ന കച്ചവടമൂല്യ പരിസരങ്ങളിലേക്ക്, ജനാധിപത്യ കശാപ്പുശാലകളിലേക്ക്, കുടിയിറക്കപ്പെടുന്ന വേദനകളിലേക്ക്, അന്നം മുട്ടുന്നവരിലേക്ക്, കിടപ്പാടം നഷ്ടപ്പെടുന്നവരിലേക്ക്, ലിംഗഭേദങ്ങളിലേക്ക്, ജാതി അന്ധകാരങ്ങളിലേക്ക്, തളർന്നുപോയവരിലേക്ക് ഒക്കെയുള്ള ചില വിശുദ്ധ ചുവടുവെയ്പുകൾ. പരുമലയിലേക്ക് സഞ്ചരിക്കുന്നവർ മാത്രമല്ല തീർഥാടകർ. പരുമലയിൽ നിന്ന് മടങ്ങുന്നവരും തീർഥാടകരാണ്. വിശുദ്ധിയുടെ തീരത്തിലേക്ക് ചുവടുവെച്ചവർ വിശുദ്ധിയുടെ ചുവടുവെയ്പുകളിലേക്ക് മടങ്ങുന്നു. പരുമല തിരുമേനി പരിമള തിരുമേനിയായി ഈ വർത്തമാനകാലത്തും നിലനിൽകുവാനനിവാര്യമായ കാണിക്കയാണ് ഈ വിശുദ്ധിയുടെ ചുവടുവെയ്പുകൾ .

English Summary:

Parumala: A Timeless Pilgrimage for the Modern Soul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com