വറ്റിപ്പോകാത്ത വിശുദ്ധിയുടെ ഉറവ
Mail This Article
വിശുദ്ധിയുടെ പരിമളം തലമുറകളിലൂടെ പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്ന, മലങ്കര സഭയുടെ സ്വന്തം വിശുദ്ധന്‍ എന്ന് സഭാമക്കള്‍ അഭിമാനം കൊള്ളുന്ന, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ വീണ്ടും സമാഗതമാകുന്നു. നവംബര്‍ മാസം എന്നുകേട്ടാല്‍ തന്നെ ഇത് പരുമല തിരുമേനിയുടെ ഓര്‍മ്മയുടെ പുണ്യ മാസം എന്ന് മലയാളക്കര ഒന്നാകെ തിരിച്ചറിയുന്ന നിലയിലേക്ക് പുണ്യവാന്‍റെ ഓര്‍മ്മ പുകള്‍പെറ്റതായി മാറിക്കഴിഞ്ഞു. ഇതൊരു ആഗോള പെരുന്നാളായി മാറി എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല; കാരണം മലങ്കര സഭാമക്കള്‍ കുടിയേറിയ സ്ഥലങ്ങളിലൊക്കെ ഇന്ന് വിശുദ്ധന്‍റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പരിശുദ്ധന്‍റെ കബറിട സ്ഥാനം എന്ന നിലയില്‍ 'പരുമല' ഒരു ആഗോള നാമമാകുന്നതും വളരെ സവിശേഷമായ ഒരു വളര്‍ച്ചയാണ്. ഡല്‍ഹി ജനക് പുരിയിലെ 'വടക്കിന്‍റെ പരുമലയും', UAE ഷാര്‍ജയിലെ 'മരുഭൂമിയിലെ പരുമലയും' 'കാനഡയിലെ പരുമലയും' തുടങ്ങി 'പരുമല' എന്ന നാമം വിശ്രുതമാക്കുന്ന ഒട്ടനവധി ദേവാലയങ്ങള്‍ മലങ്കര സഭയ്ക്കുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യദശകത്തില്‍ കേരളത്തിലെ ഒരുള്‍ഗ്രാമത്തില്‍ ജന്മം കൊണ്ട ഒരു സാധാരണ മനുഷ്യന്‍ കാലംചെയ്തു പന്ത്രണ്ടു ദശകങ്ങള്‍ക്കിപ്പുറവും വിശ്വാസികളുടെ മനസ്സില്‍ അമരനായി, അസാധാരണനായി വിരാജിക്കുന്നതു കാലത്തെ വെല്ലുന്ന 'വിശുദ്ധിയുടെ ഖനിയാ'ണ് അദ്ദേഹം എന്നതുകൊണ്ടാണ്. ദൈവത്തിന്‍റെ അന്ത:സത്തയായ വിശുദ്ധി മനുഷ്യനിലും മിഴിവോടെ കണ്ടെത്തപ്പെടുന്നു എന്നതിന്‍റെ ഉദാഹരണമാണ് പരിശുദ്ധ പരുമല തിരുമേനി. ലോകത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതും ദൈവത്തിന്‍റെ നിലവാരങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതുമാണ് വിശുദ്ധി എന്ന് വേദപുസ്തകം വിശുദ്ധിയെ വിലയിരുത്തുന്നു. അമേരിക്കന്‍ എഴുത്തുകാരനും സുവിശേഷകനുമായ A.W. TOZER ദൈവത്തിന്‍റെ വിശുദ്ധിയെ ഇപ്രകാരം വിലയിരുത്തുന്നു: ''ദൈവത്തിന്‍റെ വഴി പരിശുദ്ധമാണ്. വിശുദ്ധനായിരിക്കാന്‍ അവന്‍ ഒരു മാനദണ്ഡവുമായി പൊരുത്തപ്പെടുന്നില്ല. അവന്‍ ആ മാനദണ്ഡമാണ്. അല്ലാതെ മറ്റൊന്നാകാന്‍ കഴിവില്ലാത്ത പരിശുദ്ധിയുടെ അനന്തമായ, അഗ്രാഹ്യമായ പൂര്‍ണ്ണതയോടെ അവന്‍ തികച്ചും വിശുദ്ധനാണ്. അവന്‍ വിശുദ്ധനായതിനാല്‍, അവന്‍റെ എല്ലാ ഗുണങ്ങളും വിശുദ്ധമാണ്; അതായത്, ദൈവത്തിന്‍റെതായി നാം കരുതുന്നതെന്തും വിശുദ്ധമായി കരുതണം''. പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്ന വിശ്വാസികള്‍ക്ക് ആ വിശുദ്ധി സഹായമായി ഒഴുകി എത്തുന്നു.
പരിശുദ്ധന്‍റെ മധ്യസ്ഥ വിലയേറിയതാണ് എന്ന് ലോകം സാക്ഷിക്കുന്നു. കാരണം പരുമലയില്‍ തീര്‍ത്ഥാടകരായെത്തുന്ന ജനസഹസ്രങ്ങള്‍ ശ്രദ്ധയോടുകൂടിയുള്ള ആ വിശുദ്ധന്‍റെ പ്രാര്‍ത്ഥനയുടെ ഫലം അനുഭവിച്ചറിഞ്ഞവരാണ്. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു.(യാക്കോബ് 5:16) യാക്കോബ് ശ്ലീഹ പഴയ നിയമ പ്രവാചകനായ ഏലിയാവിനെ പരിചയപ്പെടുത്തുന്നത് 'ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു' (5:17) അവന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മൂന്നര വര്‍ഷം മഴ നിന്നുപോയി, അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ വീണ്ടും മഴ പെയ്തു ദേശത്തു ധാന്യം വിളഞ്ഞു. പരുമല തിരുമേനിയും സാധാരണ മനുഷ്യനില്‍ നിന്നും അസാധാരണക്കാരനായി രൂപാന്തരപ്പെട്ടത് ജാഗരൂകമായ പ്രാര്‍ത്ഥനയിലൂടെയാണ്. അദ്ദേഹത്തിന് മുന്‍പില്‍ പ്രകൃതിയും, ദുഷ്ട ശക്തികളും, രോഗവും ഒക്കെ കീഴടങ്ങി.
ദൈവത്തോട് കടപ്പെട്ടിരുന്നതുപോലെ തന്നെ ലോകത്തോടും പരിശുദ്ധ പരുമല തിരുമേനി കടപ്പെട്ടിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ അദ്ദേഹം പട നയിച്ചു. അറിവില്ലാത്ത സമൂഹം അന്ധകാരത്തില്‍ തന്നെ നശിച്ചുപോകും എന്ന തിരിച്ചറിവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത് അക്കാലത്തെ വിപ്ലവാത്മകമായ കാല്‍വയ്പായിരുന്നു. ഉച്ച നീചത്വങ്ങള്‍, ആഡംബരം, ധൂര്‍ത്ത്, മദ്യപാനം, സ്ത്രീധനം പോലെയുള്ള തിന്മകള്‍ക്കെതിരെ വിശ്വാസികളെ ജാഗരൂകരാക്കാന്‍ അദ്ദേഹം ഇടവകകള്‍ക്കു കല്പനകള്‍ അയച്ചിട്ടുണ്ട്. ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവെന്നു ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ മടിച്ചപ്പോഴും അദ്ദേഹം യഥാര്‍ത്ഥ സാമൂഹ്യ പരിഷ്‌കര്‍ത്താവും രാജ്യസ്‌നേഹിയും ആയിരുന്നു എന്ന് കാലം തിരിച്ചറിയുന്നു.
പരിശുദ്ധന്‍റെ 122-ാം ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്ന ഈ ദിനങ്ങളില്‍ ദൈവം തൃക്കണ്‍ പാര്‍ക്കുന്ന പരിശുദ്ധന്‍റെ വറ്റിപ്പോകാത്ത വിശുദ്ധിയുടെ ഉറവയില്‍ നിന്നും വിശുദ്ധി പരന്നൊഴുകി നമ്മിലെ അശുദ്ധികളെ ഇല്ലാതാക്കട്ടെ. അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന മൂലം ദൈവം ഈ ലോകത്തില്‍ നന്മ വര്‍ഷിക്കട്ടെ. ദുഖിതര്‍ക്കും, അശരണര്‍ക്കും സഹായത്തിന്‍റെ കരം നീട്ടാന്‍ ഈ പെരുന്നാള്‍ കാലം നമുക്ക് സല്‍ബുദ്ധി ഉണ്ടാകട്ടെ.