ADVERTISEMENT

സഭകളുടെ ഐക്യത്തിനും സഹകരണത്തിനും പറയാവുന്ന വിശേഷണമായിട്ടാണ് ‘എക്യുമെനിക്കൽ’ എന്ന പദം അറിയപ്പെടുന്നത്. എന്നാൽ അധിവാസമേഖലയിൽ ഇടംകൊടുക്കുന്ന അവസ്ഥയെന്നാണ് ‘ഒയ്ക്കുമെനെ’ (Oikoumene) എന്ന പദത്തിന്റെ മൗലിക സൂചന. അതുകൊണ്ട് മനുഷ്യന്റെ ആവാസവ്യവസ്ഥയും അതിനുള്ളിലെ പഴയ സാമ്രാജ്യങ്ങളും, സാമ്രാജ്യങ്ങളിലെ രാഷ്ട്രീയ, മത വ്യവസ്ഥിതികളും അവ തമ്മിലുള്ള ബന്ധങ്ങളും, ഇടം തേടലും, ഇടംകൊടുക്കലും എല്ലാം ‘എക്യുമെനിസ’ത്തിന്റെ പരിധിയിൽ വന്നിട്ടുണ്ട്. അപ്രകാരം, ‘നീതി’, ‘വിശുദ്ധി’, ‘സുതാര്യത’, ഇടുക്കമില്ലാത്തതും ഇടമുള്ളതുമായ അവസ്ഥ, എന്നിവയൊക്കെ ‘എക്യുമെനിക്കൽ’ ദർശനത്തിന്റെ ആത്മീയ സൂചനകളായി കാണപ്പെടുന്നു. ഇവിടെയാണ് പരിശുദ്ധ പരുമല തിരുമേനിയുടെ എക്യുമെനിസത്തിന്റെ ആത്മസുഗന്ധം.

ഇതരമതസ്ഥരായ ഗുരുജനങ്ങളടക്കം ധാരാളം പേരുമായുള്ള സൗഹൃദം; ഇതര സഭാംഗങ്ങളായ നിരവധി ആളുകളുടെ ആദരം, ഭിന്നിച്ചുപോകാവുന്ന പലരേയും കൂടെകൂട്ടിയിണക്കുന്ന ഇടപാടുകൾ; സ്വന്തം സമൂഹത്തിൽ തന്നെ വിവിധ ശ്രേണികളിൽപ്പെട്ടവരുമായുള്ള സൗഹൃദപൂർണമായ സഹവർത്തിത്തം, ഇതിന്റെയെല്ലാം ആൾരൂപമായിരുന്നു സർവർക്കും സ്വീകാര്യനും വിശ്വസ്തനും സ്വന്തവുമായ പരിശുദ്ധ പരുമല തിരുമേനി (1848 – 1902).

ആധുനിക എക്യുമെനിക്കൽ യുഗത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് ജനിക്കുകയും അഖില ലോക സഭാ കൗൺസിലിന്റെ രൂപീകരണത്തിന് ഏതാണ്ട് അരനൂറ്റാണ്ട് മുൻപ് ശാന്തിതീരമണയുകയും ചെയ്തെന്നാലും, പരിശുദ്ധ പരുമല തിരുമേനിക്ക് തനതായ ഒരു എക്യുമെനിക്കൽ ദർശനമുണ്ടായിരുന്നു. ഒന്നാമതായി, താൻ ജീവിച്ച കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ രാജ്യാന്തരവും ദേശീയവും പ്രാദേശികവുമായ സാഹചര്യങ്ങളിൽ ഉൾക്കൊള്ളാൻ ശ്രമിച്ചതിന്റെ തെളിവാണ് ആ ജീവിതം മുഴുവൻതന്നെ. രണ്ടാമതായി പുത്തൻകൂർ നസ്രാണികളുടെ സ്വത്വപോരാട്ടത്തിന്റെ ഭാഗമായി പരിശുദ്ധ പരുമല തിരുമേനിയില്‍ തെളി​ഞ്ഞുവന്ന എക്യുമെനിക്കൽ ദർശനത്തിന്റെ മൂർത്തമായ ചില മേഖലകളുണ്ട്.

കാലത്തിന്റെ കാൻവാസിൽ രൂപപ്പെട്ട ‘എക്യുമെനിക്കൽ’ ജീവിതം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം ലോകചരിത്രത്തിൽ തന്നെ ഒരു പുതുയുഗപ്പിറവിയുടെ കാലമായിരുന്നു. കോളനി ഭരണത്തിൽ നിന്നുള്ള വിമോചന വിപ്ലവങ്ങൾ വിജയം കണ്ടതും സോഷ്യലിസ്റ്റ് – ജനകീയ പ്രസ്ഥാനങ്ങൾക്കും തൊഴിലാളി മുന്നേറ്റങ്ങൾക്കും മാർക്സ്, എൻഗൽസ് മുതലായവരുടെ രചനകൾ ഊർജം പകർന്നതും ഇതിന്റെ നാന്നിയായിരുന്നു. ഭാരതം വിദേശാധിപത്യത്തിലായിരുന്നെങ്കിലും ആത്മീയ – സാംസ്കാരിക നവോത്ഥാനത്തിന്റെ കാറ്റ് ബ്രിട്ടിഷ് മേധാവിത്വത്തിന്റെയും നാട്ടുരാജ്യങ്ങളുടെയും ഇടയിലൂടെ വീശിയതിന്റെ അണുരണനങ്ങൾ വളരെ വ്യക്തമായിരുന്നു. അറിഞ്ഞോ അറിയാതെയോ തന്റെ സമകാലീനരായ ദേബേന്ദ്രനാഥ് ടാഗോർ, കേശവചന്ദ്രസേനൻ, ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, അരവിന്ദ ഘോഷ്, സയ്ദ് അഹമ്മദ് ഖാൻ, രമണ മഹർഷി, ശ്രീനാരായണ ഗുരു, മഹാത്മ ഗാന്ധി, രവീന്ദ്രനാഥ് ടാഗോർ എന്നിവരുടെയൊക്കെ നവോത്ഥാന ആശയസ്ഫുലിംഗങ്ങൾ പരിശുദ്ധ പരുമല തിരുമേനിയുടെയും ദർശനവിഹായസിൽ നിറം ചാലിച്ചു എന്നു വേണം കരുതാൻ.

പത്തൊൻപതാം നൂറ്റാണ്ടിൽ കേരളം പിറന്നിട്ടില്ലെങ്കിലും, തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും ബ്രിട്ടിഷ് ഭരണത്തിന്റെ നന്മയും തിന്മയും തെളിയുന്നത് പരിശുദ്ധ പരുമല തിരുമേനി കണ്ടറിഞ്ഞു. പുത്തൻകൂർ നസ്രാണികൾക്ക് അവരുടെ സഭാപരമായ സ്വത്വപോരാട്ടങ്ങളിൽ തുടർച്ചയായി ഏർപ്പെടേണ്ടി വന്നതും പരിശുദ്ധ പരുമല തിരുമേനിക്ക് അനുഭവിക്കാൻ ഇടയായി. അനേകം പുത്തൻകൂർ നസ്രാണി കുടുംബങ്ങൾക്ക് കൊച്ചി പ്രദേശത്തു നിന്ന് തിരുവതാംകൂറിലേക്ക് കുടിയേറേണ്ടിവന്ന സഭാപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ പരിശുദ്ധ പരുമല തിരുമേനിക്ക് നേരിട്ടറിയാൻ കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ കാലത്തിന്റെ വെല്ലുവിളികളെയും നവോത്ഥാനത്തിന്റെ വൈവിധ്യങ്ങളെയും ഉൾക്കൊള്ളാൻ പര്യാപ്തമായ ഒരു ആന്തരിക വിശാലതയും ചിന്താപക്വതയും പരിശുദ്ധ പരുമല തിരുമേനിക്ക് ദൈവകൃപയായി ലഭ്യമായിരുന്നു.

തദ്ദേശീയമായ സാമൂഹിക ബന്ധങ്ങളുടെ മേഖല

ഭാരത സംസ്കാരത്തിന്റെ സൗന്ദര്യം അതിന്റെ ബഹുസ്വരതയിലാണെന്ന അടിസ്ഥാനബോധ്യം പരിശുദ്ധ പരുമല തിരുമേനി തന്റെ എക്യുമെനിക്കൽ ദർശനത്തിന്റെ അടിത്തറയാക്കിയിരുന്നു. മലങ്കരയിലെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ എങ്ങനെയാണ് ‘ബഹുസ്വരത എക്യുമെനിസം’ പരിശുദ്ധ പരുമല തിരുമേനി പ്രാവർത്തികമാക്കിയത്? പ്രധാനമായും മൂന്നു തലങ്ങളിലുള്ള ഇടപെടൽ ഇതുമായി ബന്ധപ്പെട്ട് പരിശുദ്ധ പരുമല തിരുമേനി നടത്തിയെന്ന് ചരിത്രം സാക്ഷിക്കുന്നു.

1. സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതർക്കായി അവരുടെ അവസ്ഥയിൽ മാറ്റം വരുത്തുവാനുള്ള സാമൂഹിക – സാമ്പത്തിക കൈത്താങ്ങ് നൽകാൻ ചെന്നിത്തല, കാളിക്കുന്ന്, മല്ലപ്പള്ളി, പുതുപ്പള്ളി, കല്ലുങ്കത്ര മുതലായ സ്ഥലങ്ങളിൽ മിഷൻ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി.

2. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ അവസരങ്ങൾ ലക്ഷ്യമിട്ട് വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾ നടത്തി. അതിന്റെ സത്ഫലങ്ങലങ്ങളായിരുന്നു തുമ്പമൺ, മുളന്തുരുത്തി, കുന്നംകുളം, തിരുവല്ല, താഴത്തങ്ങാടി മുതലായ ഇടങ്ങളിൽ പരിശുദ്ധ പരുമല തിരുമേനി ആരംഭിച്ച സ്കൂളുകൾ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും പൊതുവിദ്യാഭ്യാസത്തിന്റെയും അവശ്യകതയെ ഊന്നിയാണ് അദ്ദേഹം ഊർശ്ലം യാത്ര കഴിഞ്ഞ് മടങ്ങിവന്ന ശേഷമുള്ള പ്രസംഗങ്ങൾ നടത്തിയത്.

3. സർക്കാരിൽ നിന്നുള്ള അവകാശങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും യോഗ്യത തെളിയിച്ച് നേടിയെടുക്കുവാൻ തുല്യാവസരങ്ങൾ ആയിരിക്കണം എന്ന പൊതുനയം പരിശുദ്ധ പരുമല തിരുമേനിയുടെ അധ്യക്ഷതയിൽ 1891ൽ ആലപ്പുഴയിൽ കൂടിയ ‘കൗണ്ടർ മലയാളി മെമ്മോറിയൽ’ സർക്കാരിനു മുന്നിൽ സമർപ്പിച്ചു. തദ്ദേശീയമായ സാമൂഹിക ബന്ധങ്ങളുടെ മേഖല ഏറ്റവും സുതാര്യവും നീതിപൂർവവും ആയി കാണുവാനുള്ള ഒരു ബഹുസ്വത്വ എക്യുമെനിസം പരിശുദ്ധ പരുമല തിരുമേനി വ്യക്തമാക്കി.

പരുശുദ്ധ പരുമല തിരുമേനിയെ എല്ലാവർക്കും പ്രിയമാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ എക്യുമെനിസം എന്തെന്ന കാര്യത്തിൽ ഒരു ശരിയായ അന്വേഷണം നടത്തിയാൽ അത് പ്രതികാരത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ദുർഗന്ധത്തെ അകറ്റുന്നതായിരുന്നു എന്നു വ്യക്തമാകും. ആ പരിശുദ്ധ പിതാവിന്റെ എക്യുമെനിസം ദൈവസ്നേഹത്തിന്റെയും നീതിയും ഉദാരതയും നിറഞ്ഞ മനുഷ്യസ്നേഹത്തിന്റെയും സുഗന്ധം പരത്തുന്നതായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com