വിശുദ്ധിയുടെ സൗരഭ്യം
Mail This Article
ഭാരത സഭയ്ക്കും അഖിലലോകർക്കും വിശുദ്ധിയുടെ പരിമളം പരത്തുന്ന താപസ ശ്രേഷ്ഠനായ പരിശുദ്ധ പരുമല തിരുമേനിയുടെ പ്രാർഥനാ മധ്യസ്ഥതയിൽ അഭയപ്പെട്ട് ജനസഹസ്രങ്ങൾ തീർഥാടകരാകുന്ന പുണ്യദിനങ്ങളാണ് ഈ നാളുകൾ.
ആകർഷിക്കപ്പെടാനും ശ്രദ്ധിക്കപ്പെടാനുമായി ആളുകൾ ഏറെ പണിപ്പെടുന്ന ഈ കാലഘട്ടത്തിൽ ഒരു മനുഷ്യന് പ്രാർഥനയും പരസ്നേഹവും കൊണ്ട് ഇത്രയധികം മനുഷ്യരെ ആകർഷിക്കാൻ കഴിയുമെന്ന് നമ്മളെ പഠിപ്പിച്ച യുഗപുരുഷനാണ് പരുമല കൊച്ചുതിരുമേനി. ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർഥ സൗന്ദര്യം എങ്കിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ആത്മീയ സൗന്ദര്യത്തിന്റെ ആഴവും പരപ്പും അളക്കുവാൻ ആർക്കാണ് സാധിക്കുക?
ഭൂമിശാസ്ത്രപരമായി ദ്വീപായിരുന്ന പരുമല, എട്ടുനാടും കീർത്തികേൾക്കുന്ന വിധത്തിൽ ജനസഹസ്രങ്ങളെ കൂട്ടിവരുത്തുന്ന ഇടമായി പരിണമിച്ചതിന് കാരണം സന്യാസത്തിന്റെ വാൽമീകമായ അഴിപ്പുരയിൽ അധിവസിച്ചുകൊണ്ട് പരിശുദ്ധ പരുമല തിരുമേനി രൂപപ്പെടുത്തിയ അതിർവരമ്പുകളില്ലാത്ത ഹൃദയബന്ധങ്ങളാണ്. വയൽപ്പൂവിന് ശലോമോനെക്കാൾ അഴകെന്ന ക്രിസ്തുമൊഴി അക്ഷരാർത്ഥത്തിൽ സാർത്ഥകമാക്കിയ മിഷൻ ദർശനങ്ങളാണ് പരിശുദ്ധ പരുമല തിരുമേനി നടപ്പാക്കിയത്. മനുഷ്യരോടുള്ള ഇഷ്ടമാണ് ദൈവത്തോടുള്ള ആരാധനയെങ്കിൽ ആയത് അതിന്റെ പൂർണതയിൽ ഈ പിതാവ് നിർവഹിച്ചു.
ആരാലും സ്നേഹിക്കപ്പെടാതെയും കരുതപ്പെടാതെയും വിറങ്ങലിച്ചുനിന്ന അസംഘടിതരെ ദേവാലയത്തിന്റെ തണലിൽ ചേർത്തുനിർത്തിയ പരിശുദ്ധ പരുമല തിരുമേനി, കാലത്തിന് പിന്തുടരാൻ ശ്രേഷ്ഠമായ മാതൃക നൽകിയ തപോധനനാണ്.
പരിശുദ്ധ പൗലോസ് അപ്പോസ്തോലൻ കൊരിന്തിലെ സഭയ്ക്കെഴുതിയ ഒന്നാം ലേഖനത്തിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – വിശുദ്ധർ ലോകത്തെ ന്യായം വിധിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലയോ? (6:2). ഇന്നുവരെയുള്ള ബലഹീനതകൾക്കും വീഴ്ചകൾക്കും പിഴകൾക്കുമായി ദൈവത്തോടും സഹജീവികളോടും മാപ്പിരന്നു കൊണ്ട് ഈ തീർഥാടന കാലം ശുഭകരമാകാൻ പ്രാർഥിക്കാം.
പരിശുദ്ധ പരുമല തിരുമേനിക്ക് ശ്രേഷ്ഠത നൽകിയ വിശുദ്ധ ത്രിത്വത്തിന് അനവരതമായ സ്തുതികളും കുറഞ്ഞുപോകാത്ത സ്തോത്രങ്ങളുമർപ്പിക്കുന്നു...
ദൈവമേ പരിശുദ്ധ പരുമല തിരുമേനിക്കുള്ള സ്വർഗീയ ഓഹരിക്ക് ഞങ്ങളെയും അർഹരാക്കേണമേ...