പരുമല തിരുമേനിയുടെ സാമൂഹിക പ്രതിബദ്ധത
Mail This Article
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ (1849 ജൂൺ 15) ജനിക്കുകയും ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ (1902 നവംബർ 2) അന്തരിക്കുകയും ചെയ്ത പരിശുദ്ധ പരുമല തിരുമേനി അൻപത്തിമൂന്നു വർഷക്കാലം മാത്രമാണ് ഇവിടെ ജീവിച്ചത്. തിരുമേനിയുടെ ശ്രദ്ധ സഭാപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിദ്യാഭ്യാസ – സാമൂഹിക രംഗത്തേക്കും പതിഞ്ഞിരുന്നു എന്നുമാത്രമല്ല, ആ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ തക്കനീക്കങ്ങൾ വരുത്തുകയും ചെയ്തു.
പരിശുദ്ധ പരുമല തിരുമേനി തന്റെ കാലഘട്ടത്തിൽ സമൂഹത്തിലുണ്ടായിരുന്ന പല ദുഷ്പ്രേരണകൾക്കും ദുരാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും അവ ഇല്ലായ്മ ചെയ്ത് മനുഷ്യരാശിയെ ആകമാനം അവയിൽ നിന്ന് മോചിതരാക്കുവാൻ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തു. ദളിതരുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ചു. അജ്ഞതയാണ് സമൂഹത്തിൽ നടമാടുന്ന തിന്മകളുടെ മൂലകാരണമെന്ന് തിരുമേനി വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് അന്ധവിശ്വാസങ്ങളേയും ദുരാചാരങ്ങളെയും ചെറുത്തുതോൽപ്പിക്കാനുള്ള ആയുധമെന്ന് മനസ്സിലാക്കി വിദ്യാലങ്ങൾ സ്ഥാപിച്ചു. തുമ്പമൺ പ്രദേശത്തെ മസൂരിബാധയുടെ സമയത്തും മറ്റു പല അസുഖങ്ങളിലും പരുമല തിരുമേനിക്ക് രോഗികളോടുള്ള അനുകമ്പ വെളിവായിട്ടുള്ളതാണ്. പ്രാർഥനയുടെ ശക്തിയാൽ അനേകർക്ക് സൗഖ്യം നൽകിയ പുണ്യാത്മാവായിരുന്നു.
ഇന്ന് നാം എവിടെ നോക്കിയാലും വിദ്യാലയങ്ങളും വർഗ്ഗ വർണ്ണവ്യത്യാസമില്ലാതെ എല്ലാ കുട്ടികളും അവിടെ പഠിക്കുകയും ചെയ്യുന്നു. സാക്ഷരതയിൽ നമ്മുടെ സംസ്ഥാനം ഏറ്റവും മുന്നിലാണെന്ന് അഭിമാനിക്കുകയും ചെയ്യാം. എന്നാൽ 19–ാം നൂറ്റാണ്ടിലെ അവസ്ഥ തികച്ചും ഭിന്നമായിരുന്നു. ജാതിവ്യവസ്ഥയും അതിന്റെ അടിസ്ഥാനത്തിലുള്ള അനവധി അനാചാരങ്ങളും നിലനിന്നു. താഴ്ന്ന ജാതിയിൽപെട്ടവർക്ക് മറ്റുള്ളവരോടൊപ്പം വിദ്യാഭ്യാസം സാദ്ധ്യമല്ല. തീണ്ടലും തൊടീലും അയിത്തവും എല്ലാം കൊടുകുത്തി വാഴുന്ന കാലം. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന അവസ്ഥ.
ഈ പശ്ചാത്തലത്തിൽ പരുമല തിരുമേനിയും തന്റെ ദർശനവുമായി അദ്ദേഹം എഴുതി: എന്തെന്നാൽ ദൈവികത്തിലും ലൗകികത്തിലും പ്രകാശവും ജീവനുമായിട്ടുള്ളത് പഠിത്തമെന്നതല്ലാതെ അതിനു ശരിയായി വേറൊന്നുമില്ലെന്ന് ഏവരും സമ്മതിക്കുന്നതാകുന്നു. നമ്മുടെ രക്ഷിതാവായ മിശിഹാ തമ്പുരാൻ തന്റെ സകല കൃപകളിലും ഒന്നാമതായി നടത്തിയതും തന്റെ ശിഷ്യന്മാരെ പ്രത്യേകം ഭരമേൽപിച്ചതും പഠിത്തമാകുന്നു.
വിദ്യാഭ്യാസം ആദർശനിഷ്ഠമായിരിക്കണമെന്നും അതു അമൂല്യ ധനമാണെന്നും തിരുമേനി കരുതിയിരുന്നു. അദ്ദേഹം എഴുതി. മക്കൾക്കു വിദ്യ ഉണ്ടാക്കി കൊടുക്കുമെങ്കിൽ അതു മതി. സകലത്തിലും സകല പ്രവൃത്തിയിലും നന്മ മാത്രം വിചാരിക്ക… മക്കളെയും അതു തന്നെ ഗുണദോഷിച്ചു പഠിപ്പിക്ക. മടിച്ചാൽ പിന്നെ പഠിത്തത്തിനു കയറ്റമുണ്ടാകയില്ല. വിദ്യാഭ്യാസം വഴി കൈവരിക്കാവുന്ന നന്മയും പുരോഗതിയും നന്നായി മനസ്സിലാക്കിയ തിരുമേനി വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. മുളന്തുരുത്തി സെന്റ് തോമസ് സ്കൂളാണ് തിരുമേനി ആദ്യം സ്ഥാപിച്ചത് സുറിയാനി സമുദായം വകയായി ആദ്യം ഉണ്ടായ സ്കൂളും ഇതുതന്നെ. രണ്ടാമതു സ്ഥാപിച്ചത് കുന്നംകുളത്തായിരുന്നു. തെക്കൻ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ച തിരുമേനി ഈ പ്രദേശത്തും വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ശ്രദ്ധിച്ചു. തുമ്പമൺ എം. ജി. സ്കൂൾ അങ്ങനെ ഉയർന്നുവന്നതാണ്. തിരുവല്ല എംജിഎം സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പ് തിരുമേനി ദിവംഗതനായി.
പ്രാർഥനയും ഉപവാസവും നടത്തി അന്തേവാസിയായി കഴിയുന്ന ഒരു താപസൻ അല്ലായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നിലവാരത്തെ വിലയിരുത്തുകയും അവിടെ ദൃശ്യമായിരുന്ന ഉച്ചനീചത്വങ്ങളെ ശക്തിയായി എതിർക്കുകയും ചെയ്തു. അയിത്തം, തീണ്ടൽ തുടങ്ങിയ ദുരാചാരങ്ങൾ നിലനിന്നിരുന്നതിനെപ്പറ്റി മുകളിൽ സൂചിപ്പിച്ചുവല്ലോ. താഴ്ന്ന ജാതിക്കാർക്ക് രാജവീഥിയിൽക്കൂടി നടക്കുന്നതിനുപോലും വിലക്കുള്ള അവസ്ഥ ! മഹാത്മാഗാന്ധി ഹരിജനോദ്ധാരണത്തിനു മുൻകൈ എടുക്കുന്നതിനു മുമ്പായിത്തന്നെ ഈ രംഗത്ത് ശബ്ദമുയർത്തിയ ആളാണ് പ. പരുമലതിരുമേനി.
ഊർശലേം യാത്രയ്ക്കുശേഷം തിരുമേനി പരുമലയിൽ നടത്തിയ സുപ്രസിദ്ധ പ്രസംഗത്തിൽ യാത്രയുടെ അനുഭവം അനുസ്മരിച്ച ശേഷം ഒന്നാമനായി ഉന്നയിച്ച സംഗതി ശ്രദ്ധേയമാണ്. ക്രിസ്ത്യാനികളായ നാം ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് ആലോചിക്കാം. ഈ നാട്ടിൽ അജ്ഞാനികളായ ദാരിദ്ര്യത്തിൽ മുഴുകി പാപം ചെയ്തും കഷ്ടപ്പെട്ടും വസിക്കുന്ന അനവധി ആളുകളുണ്ട്. താഴ്ന്ന ജാതിക്കാരെന്നും പറഞ്ഞു വരുന്ന പുലയർ മുതലായവർക്ക് രാജപാതയിൽ സഞ്ചാരമോ, സമസൃഷ്ടങ്ങളോട് അടുപ്പമോ സാദ്ധ്യമല്ലാതെ ആണിരിക്കുന്നത്. ഈ സാധുക്കൾക്ക് സത്യമായ ദൈവവിശ്വാസം ഉണ്ടാകേണ്ടതും അവരുടെ കഷ്ടപ്പാടുകൾ തീർക്കേണ്ടതും അവർക്ക് അറിവുണ്ടാക്കിക്കൊടുത്ത് അവരെ പാപങ്ങളിൽ നിന്നും കുറ്റങ്ങളിൽ നിന്നും രക്ഷിക്കേണ്ടതും നമ്മുടെ മുഖ്യമായ കർത്തവ്യമാകുന്നു. ഇവരെ ക്രിസ്തുമതത്തിൽ ചേർത്ത് ഇവർക്ക് പ്രത്യേകം പള്ളികൾ തൽക്കാലം ഉണ്ടാക്കിക്കൊടുക്കണം. ഇവരുടെ ഇപ്പോഴത്തെ താഴ്ന്ന സ്ഥിതിയിൽ നിന്ന് ഇവർ ഉയർന്നുവരുന്നതോടുകൂടി ഇവരെയും നമ്മുടെ പള്ളിയിൽ പ്രവേശിപ്പിച്ചുകൊള്ളും. പള്ളിക്കൂടങ്ങളും ആദ്യം പ്രത്യേകമായും പിന്നീട് സാധാരണമായും കൊടുക്കണം. ഈ വിഷയത്തിൽ നാം ചെയ്തിട്ടുള്ള ശ്രമം വളരെ വർധിപ്പിക്കാനുണ്ട്. ഇവരുടെ ഇടയിൽ സുവിശേഷ പ്രസംഗം നടത്തണം.
കേരള നവോത്ഥാന ശിൽപികളായി ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും മറ്റും ഉയർത്തിക്കാണിക്കുമ്പോൾ അവർക്കു മുമ്പേ തന്നെ ജാതിവ്യവസ്ഥയ്ക്കും, ഉച്ചനീചത്വങ്ങൾക്കും എതിരായി നിലകൊള്ളുവാനും ശബ്ദമുയർത്താനും പരുമല തിരുമേനിക്കു കഴിഞ്ഞു. മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥാനമൊന്നും അലങ്കരിച്ചില്ലെങ്കിലും പരുമല തിരുമേനിയുടെ ശബ്ദം മലങ്കര സഭ മാത്രമല്ല കേരള ജനത ശ്രദ്ധിക്കുവാൻ തക്ക ഔന്നത്യം അദ്ദേഹം ആർജ്ജിച്ചിരുന്നു. പരുമല തിരുമേനിയുടെ സാമൂഹിക പ്രതിബദ്ധത എന്നും മാതൃകാപരമാണ്. ഈ നീതിമാന്റെ ഓർമ്മ നമ്മുക്ക് വാഴ്‌വിനായി തീരട്ടെ.