ADVERTISEMENT

മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനി മൺമറഞ്ഞിട്ട് 122 വർഷങ്ങൾ പിന്നിടുന്നു. സുവിശേഷത്തെ പ്രായോഗികമായി കാട്ടിത്തന്ന ഈ വിശുദ്ധനെ അടുത്ത് പരിചയപ്പെടുമ്പോൾ അത്ഭുതാവഹമായ അനേകം സംഗതികൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്ക് കണ്ടെത്താനാവും. 1848 ജൂൺ 15ന് മുളന്തുരുത്തിയിൽ ചാത്തുരുത്തി കുടുംബത്തിലാണ് പരിശുദ്ധ പരുമല തിരുമേനി പിറന്നത്. ചാത്തുരുത്തിൽ കൊച്ചുമാത്തായിയും മറിയവുമായിരുന്നു മാതാപിതാക്കൾ. രണ്ടു സഹോദരന്മാരും സഹോദരിമായും ഉണ്ടായിരുന്നു. കൊച്ചായ്പ്പോര എന്ന വിളിപ്പേരുള്ള ഗീവർഗീസ് പിറന്ന ശേഷം ഏറെ താമസിയാതെ അമ്മ മറിയം മരിച്ചു. അമ്മയില്ലാതെ വളർന്ന കുട്ടിയുടെ സംരക്ഷണം മൂത്ത സഹോദരി ഏറ്റെടുത്തു.

കുട്ടിക്കാലം മുതൽ പ്രാർഥനയും ഉപവാസവും കൊണ്ട് സമ്പന്നമായ വളരെ അച്ചടക്കമുള്ള ജീവിതമാണ് അദ്ദേഹം പിൻതുടർന്നത്. പത്താം വയസിൽ ശെമ്മാശൻ, പതിനെട്ടാം വയസിൽ വൈദികൻ, ഇരുപത്തിമൂന്നാം വയസിൽ കോർഎപ്പിസ്കോപ്പാ, ഇരുപത്തിനാലാം വയസിൽ റമ്പാൻ, ഇരുപത്തിയെട്ടാം വയസിൽ മെത്രാപ്പൊലീത്ത എന്നീ രീതിയിൽ പൗരോഹിത്യത്തിന്റെ വിവിധ പടവുകൾ വളരെ വേഗം കയറിയ മറ്റൊരാൾ മലങ്കരയിൽ ഉണ്ടായിട്ടില്ല. ഹ്രസ്വായുസായിരുന്ന തിരുമേനി 1902 മവംബർ രണ്ടിന് 54 ാം വയസിൽ ഇഹലോകവാസം വെടിഞ്ഞു. ഏറെ വ്യത്യസ്തതകളുള്ള ആ കൊച്ചുജീവിതം മലയാളക്കരയിൽ ഉയർത്തിവിട്ട ആദ്ധ്യാത്മികതയുടെ ഓളങ്ങൾ ഒന്നേകാൽ നൂറ്റാണ്ടിനിപ്പുറവും കെട്ടടങ്ങിയിട്ടില്ല. പരുമലയിലെ വിശുദ്ധനെ പ്രാർഥനയുടെ നിറകുടമായും ലാളിത്യത്തിന്റെ വിളനിലമായുമൊക്കെ നാം കാണുന്നുവെങ്കിലും കേരളത്തിന്റെ സാമൂഹ്യമേഖലയിൽ തിരുമേനി അടയാളപ്പെടുത്തിയ ചലനങ്ങളെപ്പറ്റി നാം വേണ്ടത്ര ബോധവാന്മാരല്ല.

അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തിവാണ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഒരിറ്റു വെളിച്ചം കടന്നുവന്നു തുടങ്ങിയത് 19 ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. കേരളനവോത്ഥാനത്തിന്റെ മുൻനിരനായകരായ ശ്രീനാരയണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, സി.വി. കുഞ്ഞുരാമൻ, വക്കം മൗലവി, ഫാ. കുരിയാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സമൂഹിക പരിഷ്കർത്താക്കൾ ഉദയം ചെയ്ത കാലമാണത്. 19 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരള സമൂഹത്തിൽ ആരംഭിച്ച സാമൂഹിക – സാംസ്കാരിക മാറ്റമാണ് കേരള നവോത്ഥാനമെന്ന് അറിയപ്പെടുന്നത്. 1898 ൽ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ‘കേരളം ഒരു ഭ്രാന്താലയം’ എന്ന് വിളിച്ചത് ഇവിടെ നിലനിന്നിരുന്ന സാമൂഹിക അന്തകാരം കണ്ടിട്ടാണ്.

പ്രാർഥനയും തപോനിഷ്ഠയും കൊണ്ട് തന്റെ ജീവിതത്തെയും അതുവഴി അനേകരുടെ ജീവിതത്തെയും പ്രകാശിപ്പിച്ച വിശുദ്ധൻ എന്നതിലുപരി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ചലനങ്ങൾ സൃഷ്ടിച്ച ഒരു പരിഷ്കർത്താവ് എന്ന നിലയിൽ പരിശുദ്ധ പരുമല തിരുമേനിയെ കാണാനാണ് എനിക്കേറെയിഷ്ടം. ആ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ് വിദ്യാഭ്യാസത്തോടുള്ള തിരുമേനിയുടെ നിലപാട്. ദരിദ്രരും നിരക്ഷരരും ചൂഷണവിധേയരുമായ ഒരു ജനതതിയെ വിദ്യാഭ്യാസത്തിലേക്ക് നയിക്കുവാൻ ലക്ഷ്യമിട്ട് 1890–കളിൽ അദ്ദേഹം വിവിധ സ്കൂളികൾ സ്ഥാപിച്ചു. മുളന്തുരുത്തിയിലെ സെന്റ് തോമസ് സ്കൂൾ, കുന്നംകുളത്തെ സെന്റ് ഇഗ്നേഷ്യസ് സ്കൂൾ, തിരുവല്ലയിലെ എംജിഎം സ്കൂൾ എന്നിവ അദ്ദേഹം സ്ഥാപിച്ച അനേകം സ്കൂളുകളിൽ ചിലതാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു പുതിയ സംസ്കാരം സൃഷ്ടിക്കാൻ സാധിക്കു എന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു.

ജാതിവ്യവസ്ഥയുടെ ഉഭോൽപ്പന്നങ്ങളായ അയിത്തവും തീണ്ടലും തൊടീലുമൊക്കെ അരങ്ങുവാണ അന്ധകാരനിബിഢമായ ആ കാലഘട്ടത്തിൽ അനേകം സാമൂഹിക തിന്മകൾക്കെതിരെ പടനയിച്ച പോരാളി കൂടിയായിരുന്നു പരിശുദ്ധ പരുമല തിരുമേനി. ജാതിയോ മതമോ പരിഗണിക്കാതെ എല്ലാ വിഭാഗം ആളുകളുമായും സുദൃഢമായ ബന്ധം നിലനിർത്തുന്നതിൽ തിരുമേനി ശ്രദ്ധാലുവായിരുന്നു. പതിതരോടും പാർശ്വവൽകൃതരോടും ചേർന്നുനിൽക്കാൻ തിരുമേനി ശ്രദ്ധിച്ചു. അവർക്കിടയിൽ സുവിശേഷഘോഷണം നടത്തുകയും അനേകരെ ക്രിസ്തീയ മാർഗത്തിലേക്ക് നയിച്ച് അവരുടെ സാമൂഹിക പുനരുദ്ധാരണം സാധ്യമാക്കുകയും ചെയ്തു. അടിമക്കച്ചവടം നിലനിന്നിരുന്ന അക്കാലത്ത് പരുമല തിരുമേനിയുടെ സുധീരമായ കാൽവയ്പുകൾ വരേണ്യവർഗത്തിന്റെ പ്രതിനിധിയായ ഒരു പുരോഹത ശ്രേഷ്ഠനിൽ നിന്ന് ഉണ്ടായി എന്നുള്ളത് വിലമതിക്കപ്പെടേണ്ടതാണ്. 

പരിശുദ്ധ പരുമല തിരുമേനി ഒരു യാത്രാകുതുകിയായിരുന്നു. ദേശങ്ങളും സംസ്കാരങ്ങളും കണ്ടു മനസിലാക്കാൻ സഹായിക്കുന്ന യാത്രകൾ അറിവ് ആർജിക്കുന്നതിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത കാര്യമാണ്. അക്കാലങ്ങളിൽ യാത്രാസൗകര്യങ്ങൾ കാര്യമായി ഉണ്ടായിരുന്നില്ല. യാത്രകൾ ഒരു ഗ്രാമത്തിന്റെ പരിവൃത്തത്തിൽ പരിമിതപ്പെട്ടിരുന്നു. ചുരുക്കം ചിലർ മാത്രമാണ് വ്യാപാരാവശ്യങ്ങൾക്കും മറ്റും ജലമാർഗം കൂടുതൽ ദീർഘമായ യാത്രകൾ ചെയ്തിരുന്നത്. വഞ്ചിമാർഗമോ കപ്പൽ‌മാർഗമോ ഉള്ള യാത്രകൾ അത്രമേൽ ക്ലേശകരവും സാഹസികവുമായിരുന്നു. ഇത്തരം അനേകം പ്രതിസന്ധികളും വെല്ലുവിളികളും നിലനിൽക്കുമ്പോഴാണ് പരിശുദ്ധ പരുമല തിരുമേനി തന്റെ ഊർശ്ലേം യാത്രയ്ക്ക് ഒരുങ്ങുന്നത്. മാസങ്ങൾ നീണ്ട ആ ക്ലേശഭരിതമായ യാത്ര വിജയകമായി പൂർത്തിയാക്കാൻ തിരുമേനിക്കു സാധിച്ചു. മലയാളക്കരയിൽ നിന്ന് ഒരു ബിഷപ് ഇതാദ്യമായാണ് വിശുദ്ധ നാടുകൾ സന്ദർശിക്കുന്നത്. വിശുദ്ധനാട് സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ദീർഘനാളത്തെ അഭിലാഷം 1895–ലാണ് സാക്ഷാത്കരിച്ചത്. തന്റെ തീർഥാടനവേളയിൽ സിറിയൻ ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തായുടെ ആസ്ഥാനമായിരുന്ന ‘സെഹിയോൻ മാളിക’(മർക്കോസിന്റെ മാളിക)യിൽ താമസിച്ചു. മലങ്കരയിൽ മടങ്ങിയെത്തിയ ശേഷം മലങ്കരയിലെ എല്ലാ ഇടവകകളിൽ നിന്നും ഒരു നിശ്ചിത തുക സമാഹരിച്ച് ജറുസലേമിലെ വിശുദ്ധ ദേവാലയത്തിലേക്ക് ഒരു വെള്ളിക്കുരുശ് സമർപ്പിക്കുകയും ചെയ്തു.

പരിശുദ്ധ പരുമല തിരുമേനി മലയാള സാഹിത്യത്തിലും തന്റെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. വിശുദ്ധ നാടുകൾ സന്ദർശിച്ച് മലങ്കരയിൽ മടങ്ങിയെത്തിയ ശേഷം ലക്ഷണമൊത്തൊരു യാത്രാവിവരണം അദ്ദേഹം രചിച്ചു. ‘ഊർശ്ലേം യാത്രാവിവരണം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ യാത്രാവിവരണം മലയാളത്തിലെ യാത്രാവിവരണ സാഹിത്യത്തിലെ കിടയറ്റ ഒരു കൃതി തന്നെയാണ്. യേശുക്രിസ്തുവിന്റെ കബറിനെ സംബന്ധിച്ച് തിരുമേനിയുടെ മനോഹരമായ വിവരണം വായിക്കുന്നവർക്ക് ആ കബർ കൺമുന്നിൽ കാണുന്നതു പോലെയുള്ള അനുഭൂതിയാണ് ഉണ്ടാകുന്നത്.

അനുപമമായ പ്രാർഥനാജീവിതം കൊണ്ടും ശക്തമായ തപോനിഷ്ഠ കൊണ്ടും അചഞ്ചലമായ സാമൂഹിക പ്രതിബദ്ധത കൊണ്ടും ഭാസുരമായ ആ ഭൗതികജീവിതം കേവലം 54 വർഷം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും നൂറ്റാണ്ടുകളിലേക്ക് ആ പ്രകാശം പ്രസരിച്ചുകൊണ്ടേയിരിക്കും. വല്ലപ്പോഴുമൊരിക്കൽ ചരിത്രത്തിൽ മിന്നിമറയുന്ന ഇത്തരം ദിവ്യജ്യോതിസുകളാണ് മൂല്യച്യുതിയുടെ ചുഴിയിൽ വലയുന്ന സമകാലീന സമൂഹത്തിന് മാർഗദർശനമാകുന്നത്.

English Summary:

Discover the extraordinary life and legacy of Saint Parumala Thirumeni, a prominent figure in the Malankara Orthodox Church and a pioneer of social reform in 19th-century Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com