ADVERTISEMENT

അകപ്പൊരുളിന്റെ പ്രഭയുമായി ഇരുണ്ട കാലത്തെ തങ്ങളാലാവും വിധം പ്രകാശിപ്പിക്കുവാൻ നക്ഷത്ര ശോഭയോടെ ഈ മണ്ണിലവതരിക്കുന്ന ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തിൽ നിന്നും മരണം വഴിയായി അവർ നമ്മെ പിരിഞ്ഞാലും അവരുടെ ജീവിതം പരത്തിയ പരിമളം കൊണ്ട് ചിരസ്ഥായിയായ ഒരോർമ്മയായി അവർ കാലത്തെയും ദേശത്തെയും ചരിത്രത്തെയും അതിജീവിച്ച് നിലകൊള്ളും. പരിശുദ്ധ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരുമല തിരുമേനിയുടെ പുണ്യജീവിതം ഇത് സാധൂകരിക്കുന്നു. Public Memory is short lived എന്നാണ് പൊതുവേ പറയപ്പെടുക. എന്നിട്ടും എങ്ങനെയാണ് കേവലം അൻപത്തിനാല് വർഷം മാത്രം ജീവിച്ചിരുന്ന ഒരു സാധാരണ മനുഷ്യർ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും സജീവ സ്മരണയായി ജനസഹസ്രങ്ങളുടെ മനസ്സുകളിൽ നിലനിൽക്കുന്നത് ? സത്യത്തിൽ ഇത് മഹാവിസ്മയമാണ് !

ജീവിതത്തെ പ്രകാശപൂർണവും പ്രസാദാത്മകവുമാക്കിയവരുടെ ഓർമ്മകൾ പ്രഭമങ്ങാതെ നിലനിർത്തിക്കൊണ്ട് കാലം അവരുടെ അനുഗ്രഹീത സ്മരണകളോട് ആഴത്തിൽ നീതി പുലർത്തുന്നത് കാണുമ്പോൾ അവർ സഞ്ചരിച്ച വഴികളിൽക്കൂടി വീണ്ടും പദമൂന്നുവാനുള്ളൊരാഗ്രഹം നമുക്കും ഉണ്ടാവേണ്ടതാണ്. വിശുദ്ധരുടെയും ധാർമ്മികരുടെയുമൊക്കെ ഓർമ്മദിനങ്ങളിൽ അവർക്കു നൽകാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ അതുതന്നെയാണ്– അവരുടെ സുകൃത ജീവിതത്തെ അതേപടി അനുകരിക്കുക എന്നതു തന്നെ.

പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിത വിശുദ്ധിക്കാധാരമായ ആത്മജ്ഞാനം അദ്ദേഹം പ്രാപിച്ചത് താൻ അനുഭവിച്ച ആത്മവ്യഥകളിൽ നിന്നു തന്നെയാവണം. വ്യഥപോൽ അറിവോതുന്ന വേറൊരു ഗുരു  ഇഹപരലോകങ്ങളിലില്ല എന്നാണല്ലോ. നൊന്തുപെറ്റ അമ്മയുടെ കരലാളനങ്ങളുടെ സ്നിഗ്ദത അനുഭവിക്കുവാൻ സാധ്യമാകാതെ പോയ ശൈശവവും തന്നെ മരണവക്രതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാനായണഞ്ഞ വസൂരിരോഗത്തിന്റെ വേദനകളുമെല്ലാം കൊച്ചയ്പ്പോര എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന ബാലനായ ഗീവർഗ്ഗീസിൽ ഉളവാക്കിയത് ഇഹലോകത്തിന്റെയും സുഖഭോഗങ്ങളുടെയും നശ്വരതയെകുറിച്ചുള്ള അറിവാണ്. ഈ അറിവൊളിയിൽ നിന്നാണ് പ്രാർഥനയുടെയും സന്യാസത്തിന്റെയും തപസ്സിന്റെയും ദൈവീകരണത്തിന്റെയും നവോത്ഥാന കർമ്മങ്ങളുടെയുമൊക്കെ പടികളിലേക്ക് പരുമല തിരുമേനി പദമൂന്നിയത്. ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കടങ്ങളെയും ജീവിതമേൽപ്പിക്കുന്ന പരുക്കുകളെയും പക്വതയോടെ നേരിടുമ്പോൾ ലഭ്യമാകുന്ന ആത്മപ്രകാശനം എത്ര ഭംഗിയുള്ളതാണ് എന്ന ജീവനകലയാണ് പരുമല തിരുമേനി നമ്മെ സ്വജീവിതത്തിൽക്കൂടി പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാവണം ദുഃഖഭാരങ്ങളാലും രോഗങ്ങളാലും ജീവിത ക്ലേശങ്ങളാലും വല്ലാതെ തകർന്നു പോയവർ ആ പരിശുദ്ധന്റെ സമാധി സ്ഥലം സന്ദർശിച്ച് മടങ്ങുമ്പോൾ പറഞ്ഞറിയിക്കുവാൻ സാധ്യമാകാത്ത സാന്ത്വനം അനുഭവിക്കുന്നത്. തീർച്ചയായും കഷ്ടതകളും വേദനകളുമെല്ലാം നമ്മെ ശുദ്ധീകരിക്കുന്ന മുഖാന്തിരങ്ങളാണ്.

ലഭിച്ച ജീവിതകാലയളവിനെ എത്ര അഴകോടെയാണ് പരുമലതിരുമേനി പൂർത്തീകരിച്ചത്. മുറജപങ്ങളും പ്രാർഥനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം ഉരുവിട്ട് എന്നും ഒരേ താളത്തിലൊഴുകുന്ന ഒരു ജീവിതക്രമമായിരുന്നില്ല അദ്ദേഹത്തിന്റേത്. നമ്മുടെ പൊതു ധാരണയാണ് ആത്മീയത എന്നാൽ കേവലമൊരു വാൽമീകം സൃഷ്ടിച്ചുള്ള തപസ്സിരിക്കലാണെന്ന്. ലോകവുമായും മനുഷ്യരുമായും മനുഷ്യനെ ബാധിക്കുന്ന സങ്കീർണ്ണങ്ങളായ നിരവധി വിഷയങ്ങളുമായും ആത്മീയന് യാതൊരു ബന്ധവുമില്ല എന്ന് വാദിക്കുന്നവർ ഈ കാലത്തും ഉണ്ടാകാം. അവിടെയാണ് പരുമല തിരുമേനി വ്യത്യസ്തനാകുന്നത്. അദ്ദേഹത്തിന്റെ ഇടയലേഖനങ്ങളും സ്വകാര്യ കത്തുകളും പ്രതിപാദിക്കുന്ന വിഷയങ്ങൾ വിഭിന്നങ്ങളാണ്. ദരിദ്രരുടെ ഉന്നമനവും അധികൃതരെന്ന് മുദ്രകുത്തപ്പെട്ടവരുടെ എഴുനേൽപ്പും സാധുജന സംരക്ഷണ പദ്ധതികളുടെ നടത്തിപ്പും അറിവുപകരുവാനുള്ള അക്ഷരശാലകളുടെ നിർമ്മാണവുമൊക്കെയാണ് പ്രാർഥനയും ഉപവാസവും അനുഷ്ഠിക്കുമ്പോഴും തിരുമേനിയുടെ ചിന്തകളിൽ നിലനിന്നിരുന്നത്. അത് യഥാർത്ഥമായി ക്രിസ്തുവിനെ അനുധാവനം ചെയ്യുന്ന ഏതൊരാൾക്കും സ്വാഭാവികമായും രൂപപ്പെട്ടുവരുന്ന ചിന്തകൾ തന്നെയാണ്. ക്രിസ്തുവിന്റെ ദൈവരാജ്യ ദൗത്യവും അതുതന്നെയായിരുന്നുവല്ലോ. (വി. ലൂക്കോസ് 4:16–20) മനുഷ്യന്റെ ജീവിത ലാവണ്യത്തെ വർധിപ്പിക്കുവാനുതകുന്ന എല്ലാശ്രമങ്ങളും തുടരുവാനോതിയ ക്രിസ്തുവിന്റെ വഴിയിലാണ് പരുമല തിരുമേനിയും ധ്യാനപൂർവം നടന്നു നീങ്ങിയത്. ഇപ്രകാരം ധ്യാനപൂർവം നടന്നു നീങ്ങുന്നവരുടെ അഭാവം ഏതൊരു കാലത്തെയും ഇരുളിലേക്കയയ്ക്കും. ഞാൻ ലോകത്തിന്റെ വെളിച്ചമാണെന്നരുളിയ വെളിച്ചത്തിന്റെ മഹാവലിയ ഗുരുവിനെ പിൻചെന്ന പരുമലതിരുമേനിയുടെ  പ്രാർഥനാ മാദ്ധ്യസ്ഥം ആ പുണ്യവാന്റെ കബറിടം സന്ദർശിക്കുന്ന വിശ്വാസ സഹസ്രങ്ങളുടെ ഹൃദയ ചെരാതുകളെ കൂടുതൽ തെളിയിക്കട്ടെ. എല്ലായിടങ്ങളും പ്രകാശിതമാകട്ടെ !

English Summary:

Explore the inspiring life and legacy of Parumala Thirumeni, a beloved Indian Saint. Discover his teachings on overcoming adversity, the importance of faith, and his enduring impact on millions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com