ADVERTISEMENT

ഇന്ത്യൻ ഐതിഹ്യങ്ങളിൽ അമാനുഷികശേഷിയുള്ള പല വംശങ്ങളെപ്പറ്റിയും പരാമർശമുണ്ട്. യക്ഷന്മ‍ാർ, ഗന്ധർവൻമാർ, കിന്നരൻമാർ, അപ്സരസ്സുകൾ അങ്ങനെ പലതും. ഇക്കൂട്ടത്തിൽപെട്ട ഒരു അമാനുഷിക വംശമാണ് വിദ്യാധരൻമാർ. മാന്ത്രികശേഷിയുള്ള ഇവർക്ക് വായുവിൽ സഞ്ചരിക്കാനും രൂപംമാറാനുമൊക്കെ ശേഷിയുണ്ടെന്ന് ഐതിഹ്യങ്ങൾ പറയുന്നു. രാമായണവും മഹാഭാരതവുമുൾപ്പെടെ കൃതികളിൽ വിദ്യാധരൻമാരെപ്പറ്റി പരാമർശമുണ്ട്. ഈ വിദ്യാധരൻമാരുടെ ചക്രവർത്തിയായി മാറിയ ഒരു രാജകുമാരനുണ്ട്. അവന്റെ പേരാണ് നരവാഹന ദത്തൻ. ഇന്ത്യയിലെ പ്രാചീന സാഹിത്യത്തിന്റെ മകുടോദാഹരണമായ കഥാസരിത് സാഗരത്തിലെ നായകനാണ് നരവാഹനദത്തൻ. 

പൗരാണിക ഭാരതത്തിലെ ഒരു രാജ്യമായിരുന്ന വത്സയുടെ രാജാവായിരുന്നു സഹസ്രാനിക മഹാരാജാവ്. അദ്ദേഹത്തിന് മൃഗവതി എന്ന റാണിയിൽ ഒരു പുത്രനുണ്ടായി. ആ പുത്രന്റെ പേരായിരുന്നു ഉദയനൻ. ശ്രേഷ്ഠാചാര്യനായ ജമദഗ്നിയുടെ കീഴിൽ ശാസ്ത്രങ്ങളും ആയുധവിദ്യയും അഭ്യസിച്ച ഉദയനൻ ഒരേസമയം യോദ്ധാവും അറിവുള്ളവനും കാരുണ്യവാനുമായി വളർന്നു. അയൽരാജ്യത്തെ രാജകുമാരിയും അതിസുന്ദരിയുമായ വാസവദത്തയാണ് ഉദയനന്റെ ഭാര്യയായി മാറുന്നത്.

naravahanadatta-vidyadhara-prince2
Image Credit: This image was generated using Midjourney

എന്നാൽ കാലക്രമേണ ധാർമികബുദ്ധി കൈവിടുന്ന ഉദയനൻ രാജാവെന്ന വലിയ ഉത്തരവാദിത്തത്തിൽ വീഴ്ചകൾ വരുത്തിക്കൊണ്ട് സുഖങ്ങളിൽ ആറാടി ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രിയഭാര്യയായ വാസവദത്തയുമൊക്കെ ഇതിൽ ദുഖിതരായി. അവരുടെ ശ്രമഫലമായി താമസിയാതെ അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുവരികയും ഭരണം മുൻകാലങ്ങളിലെപ്പോലെ മികച്ച രീതിയിൽ നടത്തുകയും ചെയ്തു. പിൽക്കാലത്ത് പത്മാവതിയെന്ന മറ്റൊരു റാണി കൂടി ഉദയനനുണ്ടായി.‌ വാസവദത്തയിൽ ഉദയനനു ജനിക്കുന്ന മകനാണ് നരവാഹനദത്തൻ.നരവാഹനദത്തൻ വളർന്നു വിവാഹപ്രായമാകാറായി. ഉദയനന് ആധിയേറിത്തുടങ്ങി. അതിസുന്ദരനായ തന്റെ മകന് ചേരുന്ന ഒരു ഭാര്യ വേണം. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല,.കൊട്ടാരത്തിലെ ജ്യോതിഷികൾ രാജാവിനെ ഒരു കാര്യം അറിയിച്ചു. നരവാഹന ദത്തൻ ഭാവിയിൽ അനേകം വിവാഹങ്ങൾ കഴിക്കുമെന്നതായിരുന്നു അത്. അതിനായുള്ള യാത്ര കുമാരൻ ചെയ്തേ തീരൂ.

naravahanadatta-vidyadhara-prince3
Image Credit: This image was generated using Midjourney

അങ്ങനെ തന്റെ വധുവിനെത്തേടി നരവാഹനദത്തന്റെ പ്രയാണം തുടങ്ങി. ഉജ്ജയിനിയിൽ അക്കാലത്ത് അതിസുന്ദരിയായ ഒരു രാജകുമാരി വളർന്നുവന്നിരുന്നു. മദനമഞ്ജുക എന്നായിരുന്നു അവളുടെ പേര്. മദനമഞ്ജുകയുടെ അപാരസൗന്ദര്യവും സ്വഭാവഗുണങ്ങളും അന്ന് നാടു മുഴുവൻ പാടിപ്പുകഴ്ത്തിയിരുന്ന കാലമാണ്. മദനമഞ്ജുകയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി നരവാഹന ദത്തൻ ഉജ്ജയിനിയിലെ രാജധാനിയിലെത്തി. രാജാവിനും രാജ്ഞിക്കും നരവാഹനദത്തനെ ഇഷ്ടമായി. എങ്കിലും മദനമഞ്ജുകയുടെ സമ്മതം നേടുക എളുപ്പമായിരുന്നില്ല. രാജധാനിയിൽ ഒരു സിംഹാസനത്തിൽ അവൾ ഉപവിഷ്ടയായി. അവൾ ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാൽ മാത്രമേ വിവാഹം സാധ്യമാകൂ എന്ന് മദനമഞ്ജുക പറഞ്ഞു.

 Naravahanadatta: The Epic Journey of the Vidyadhara
Image Credit: This image was generated using Midjourney

‌ഭൂമിയിൽ കിളിർക്കാതെ ഇരുന്നിട്ടും ജീവനെ താങ്ങിനിർത്തുന്നു. സ്വർഗത്തിലേത് അല്ലാതിരുന്നിട്ടും വായുവിൽ നിലനിൽക്കുന്നു. ആരാണത് എന്നായിരുന്നു ചോദ്യം. ബുദ്ധിമാനായ നരവാഹനദത്തൻ ഉത്തരം നൽകി–മേഘം. അവന്റെ ബുദ്ധിശക്തിയിൽ ആകൃഷ്ടയായ മദനമഞ്ജുക നരവാഹന ദത്തനെ വിവാഹം ചെയ്തു. അ‌ടുത്തയാത്ര വിദർഭയിലേക്കായിരുന്നു. അവിടത്തെ രാജകുമാരിയായ പത്മാവതിയെ വിവാഹം കഴിക്കാനായിരുന്നു ആ യാത്ര. പദ്മാവതി ആയുധവിദ്യയിൽ അതിനിപുണയായിരുന്നു. ഇരുവരും മത്സരം വച്ചു. ഒപ്പത്തിനൊപ്പമായിരുന്നു അവർ. പിന്നീട് ഒരു ചെറിയ പൂവിനെ ലക്ഷ്യമാക്കി. പത്മാവതി പൂവിൽ തന്നെ അമ്പെയ്തു. എന്നാൽ ആ അമ്പിനെ രണ്ടായിപ്പിളർത്തിക്കൊണ്ട് കൂടുതൽ കൃത്യതയോടെ നരവാഹന ദത്തൻ അമ്പെയ്തു.

naravahanadatta-vidyadhara-prince1
Image Credit: This image was generated using Midjourney

നരവാഹനദത്തൻ യാത്രകൾ തുടർന്നു. യക്ഷ രാജകുമാരിയായ വിദ്യയെയും, പാതാളത്തിലെ തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട സൂര്യപ്രഭയെയുമൊക്കെ വിവാഹം കഴിച്ച് കാഞ്ചനപുരം എന്ന സ്ഥലത്തെത്തി. അവിടം ഭരിച്ചിരുന്നത് മായാസഭനെന്ന ദുർമന്ത്രവാദിയാണ്. അദ്ദേഹത്തിന്റെ മകളായിരുന്നു രത്നപ്രഭ. മായാസഭനെ പോരിൽ തോൽപിക്കുന്നവർക്കേ രത്നപ്രഭയെ വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നൽ അപാരമായ ധൈര്യവും തന്റെയൊപ്പമുള്ള മറ്റുഭാര്യമാരുടെ സഹായവും ഉപയോഗിച്ച് നരവാഹന ദത്തൻ ആ ദുർമന്ത്രവാദിയെ തോൽപിക്കുക തന്നെ ചെയ്തു.ശേഷം രത്നപ്രഭയെ വിവാഹം കഴിച്ച് മറ്റു ഭാര്യമാർക്കൊപ്പം വത്സരാജ്യത്തിലേക്കു മടങ്ങുന്നതാണു നരവാഹനദത്തന്റെ കഥ.

English Summary:

The captivating tale of Naravahanadatta, the prince of Vidyadharas, from the ancient Indian epic Kathasaritsagara. Explore the world of Indian mythology, kings, and prophecies in this timeless story.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com