നമുക്കിഷ്ടമുള്ള കാര്യങ്ങൾ നമുക്കു വേണ്ടി മാത്രം; ന്യായങ്ങൾ വേണ്ടാത്ത സന്തോഷം
Mail This Article
കടപ്പുറത്തു പതിവായി ഓടാൻ പോകുന്ന ഒരാൾ. ബീച്ചിലെ പതിവു സന്ദർശകരൊക്കെ സ്ഥലം വിട്ടു കഴിഞ്ഞ്, രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ ഓട്ടം. പാതിരാക്കടപ്പുറത്ത് ഒറ്റയ്ക്ക് ഓടുന്നതാണ് ഇഷ്ടം. ഒരു ദിവസം അങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ, കടലോരത്തെ മതിൽക്കെട്ടിൽ ഒരു സ്ത്രീ ഇരിക്കുന്നത് അദ്ദേഹം കണ്ടു. അർധരാത്രി, ഒരു സ്ത്രീ കടപ്പുറത്തു തനിച്ചിരിക്കുന്നതിൽ തെല്ലൊരു പന്തികേടു തോന്നിയെങ്കിലും അവരായി, അവരുടെ പാടായി എന്ന ചിന്തയിൽ അദ്ദേഹം ഓട്ടം തുടർന്നതേയുള്ളു. അപ്പോൾ ആ സ്ത്രീ കയ്യുയർത്തി വീശി:ഹലോ. അവരുടെ അഭിവാദ്യം കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ ഓട്ടം തുടരാം എന്നാണ് അദ്ദേഹം ആദ്യം തീരുമാനിച്ചത്. എന്നാൽ, ഒരു വീണ്ടുവിചാരം പോലെ അദ്ദേഹം ഓട്ടം നിർത്തി; സ്ത്രീയുടെ അടുത്തേക്കു ചെന്നു.
ടി ഷർട്ട് ധരിച്ച്, രണ്ടു കയ്യിലും പച്ചകുത്തിയ സ്വർണത്തലമുടിക്കാരി. തനിച്ചിരുന്നു ഗിറ്റാറിൽ ശ്രുതി മീട്ടുകയാണവർ.
അവർ പറഞ്ഞു: ‘രാത്രിയിൽ നിങ്ങളിങ്ങനെ ഓടുന്നത് ഞാൻ കാണാറുണ്ട്’. ‘അതിനെന്താ?’ ‘ഒന്നുമില്ല; ഈ പാതിരാ നേരത്ത് ഇങ്ങനെ ഓടുന്ന മറ്റാരെയും ഞാൻ കണ്ടിട്ടില്ല’. ‘ഈ നേരത്ത് ഈ കടപ്പുറം തീർത്തും നിശ്ശബ്ദമാണ്. നിശ്ശബ്ദമായ സ്ഥലങ്ങളാണ് എനിക്കിഷ്ടം. ഈ നേരത്ത് ഇങ്ങനെ ഓടുമ്പോൾ എന്റെ മനസ്സ് പൂർണമായും ശാന്തമാകുന്നു; ഒരു ധ്യാനത്തിലെന്നതു പോലെ’.
സ്വർണമുടിക്കാരിയുടെ വിരലുകൾ വീണ്ടും ഗിറ്റാറിന്റെ തന്ത്രികളെ തൊട്ടുണർത്തി. അപ്പോൾ അദ്ദേഹം ചോദിച്ചു: ‘നിങ്ങളെന്തിനാണ് ഈ അർധരാത്രി ആളില്ലാത്ത കടപ്പുറത്തു വന്നിരുന്നു ഗിറ്റാർ വായിക്കുന്നത്? ആരാണിവിടെ അതു കേൾക്കാനുള്ളത്?’
മറുപടി പറയാൻ ആ സ്ത്രീ ഒരു നിമിഷം പോലും ആലോചിച്ചില്ല: ‘ആരും കേൾക്കാനല്ല. എനിക്കു വേണ്ടി മാത്രം. നിങ്ങളുടെ പാതിരാ ഓട്ടം പോലെ തന്നെ’.
ഇത് എനിക്കൊരു ധ്യാനമാണ് എന്ന് അവൾ പറഞ്ഞില്ല. പക്ഷേ, അവരുടെ വാക്കിലുണ്ടായിരുന്നത് ഒരുതരം ഏകാന്ത ധ്യാനത്തിന്റെ ഈണം തന്നെയായിരുന്നു. ഓരോരുത്തർക്കും ആനന്ദം നൽകുന്നത് ഓരോ കാര്യമാവും. അതിനു വിശേഷാൽ ന്യായങ്ങൾ ആവശ്യമില്ല. തനിച്ചു ചെയ്യുന്ന ഒരു കാര്യത്തിൽ നമ്മുടെ മനസ്സ് സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ മറ്റൊന്നും പ്രസക്തമല്ല. നമുക്കിഷ്ടമുള്ള കാര്യങ്ങൾ നമുക്കു വേണ്ടി മാത്രം ചെയ്യുമ്പോൾ നമ്മുടെ മനസ്സിലേക്കൊരു നിശ്ശബ്ദ സംഗീതം കയറിവരുന്നുണ്ട്. നാം മാത്രമേ അതു കേൾക്കുന്നുള്ളു. അങ്ങനെ തന്നെയാണ് വേണ്ടത്; നമ്മുടെ സമാധാനം നാം സ്വയം കണ്ടെത്തുന്നു.