രാജാവിനെ പാഠം പഠിപ്പിച്ച സ്ത്രീ
Mail This Article
മധ്യ ഇന്ത്യയിൽ ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നുകിടന്ന ഒരു നാട്ടുരാജ്യമായിരുന്നു മാൾവ. എഡി 1010 മുതൽ 1055 വരെ പ്രതിഭാധനനായ ഒരു രാജാവ് മാൾവയുടെ ഭരണാധികാരിയായി. അദ്ദേഹമായിരുന്നു ഭോജ രാജാവ്. അനേകം നാട്ടുരാജ്യങ്ങളും സാമ്രാജ്യങ്ങളും ഭരണകൂടങ്ങളുമൊക്കെ ഉണ്ടായിട്ടുള്ള മഹാചരിത്രം പേറുന്ന രാജ്യമാണ് ഇന്ത്യ. ഒട്ടനവധി രാജാക്കൻമാരും ഈ രാജ്യത്തുണ്ടായി. എന്നാൽ ഭോജരാജാവ് വളരെ പ്രസിദ്ധനായിരുന്നു. ഇതിഹാസ കഥാപാത്രമായ വിക്രമാദിത്യ മഹാരാജാവിനെപ്പോലെ അദ്ദേഹം പല കഥകളിലും മിത്തുകളിലും സാഹിത്യത്തിലും ശോഭിക്കുന്നു. മാൾവയിലെ രാജാവായിരുന്ന സിന്ധുരാജന്റെയും റാണി സാവിത്രിയുടെയും മകനായിരുന്ന ഭോജൻ പണ്ഡിതനായ രാജാവ് എന്ന വിശേഷണത്തിന് എല്ലാ തരത്തിലും അർഹനായിരുന്നു ഭോജൻ.
കവികൾക്കും ബുദ്ധിജീവികൾക്കും സാഹിത്യകാരൻമാർക്കും ചിന്തകർക്കുമെല്ലാം അദ്ദേഹത്തിന്റെ രാജധാനിയായ ധാര എപ്പോഴും സ്വാഗതമരുളി. പ്രജകളുടെ വിദ്യാഭ്യാസത്തിനും ഭോജൻ പ്രാധാന്യം നൽകിയിരുന്നു. ഭോജരാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ നാട്ടിലെ നെയ്ത്തുകാർ കാവ്യങ്ങൾ രചിച്ചിരുന്നെന്നൊരു പഴമൊഴി തന്നെയുണ്ട്. ബഹുമുഖ പ്രതിഭയായ ഭോജരാജാവ് ഒരു ശക്തനായ സൈനിക നേതാവ് കൂടിയായിരുന്നു.എന്നാൽ വാൾ പിടിക്കാത്ത നേരത്ത് അക്ഷരങ്ങളായിരുന്നു രാജാവിനു കൂട്ട്. 84 ഗ്രന്ഥങ്ങൾ തന്റെ ജീവിതകാലത്ത് ഭോജൻ രചിച്ചിരുന്നത്രേ. എത്ര മഹാനും ശ്രേഷ്ഠനുമായ രാജാവായിരുന്നു ഭോജനെന്നത് ഇതിൽനിന്നു വ്യക്തം.
ഭോജന്റെ രാജസഭയിൽ കാളിദാസനെന്ന കവിയുണ്ടായിരുന്നു. വിക്രമാദിത്യന്റെ കഥയിലെ പ്രശസ്തനായ കാളിദാസനല്ല, മറ്റൊരു കാളിദാസൻ. ഈ കാളിദാസനും ശ്രേഷ്ഠനായ കവിയും പണ്ഡിതനുമായിരുന്നു. ഭോജരാജാവിനും കാളിദാസനും തങ്ങൾ വളരെ അറിവുള്ളവരാണെന്ന അഹങ്കാരം മനസ്സിലുണ്ടായിരുന്നു. ഭോജരാജാവും കാളിദാസനും കൂടി ഒരിക്കൽ ഒരു യാത്ര പോയി. ഒരു കാട്ടിലൂടെയായിരുന്നു ആ യാത്ര. അവർക്കു വഴിതെറ്റി. അവിടെയുമിവിടെയും കറങ്ങിനടന്ന ശേഷം അവർ ഒരു കുടിൽ കണ്ട് അങ്ങോട്ടു ചെന്നു. അവിടെ വളരെ പ്രായമായ ഒരു സ്ത്രീയുണ്ടായിരുന്നു. ആ അമ്മ അവർക്കു കഴിക്കാൻ പഴങ്ങളും കുടിക്കാൻ വെള്ളവും നൽകി. അതിനു ശേഷം ആരാണു നിങ്ങൾ എന്നു ചോദിച്ചു.
താൻ ഈ രാജ്യത്തിന്റെ രാജാവാണെന്നും ഇതു തന്റെ പ്രിയമിത്രമായ കവിയാണെന്നും ഭോജൻ പറഞ്ഞു. എന്നാൽ അമ്മ വിടാൻ ഒരുക്കമായിരുന്നില്ല. തനിക്കു രണ്ടു രാജാക്കൻമാരെ മാത്രമേ അറിയൂ. ഒന്ന് ഭൂമിക്കു വെള്ളം നൽകുന്ന മേഘരാജൻ. രണ്ട് ജീവനെ തിരിച്ചുകൊണ്ടുപോകുന്ന യമരാജൻ.-എന്ന് ആ അമ്മ പറഞ്ഞു.രാജാവും കാളിദാസനും അൽഭുതപ്പെട്ടു. ഇത്തരത്തിൽ രാജാവിനോട് ആരും എതിർത്ത് ഇതുവരെ സംസാരിച്ചിരുന്നില്ല. എന്നാൽ തങ്ങൾ സമ്പന്നരായ രണ്ടു വ്യക്തികളാണെന്ന് കരുതാൻ രാജാവ് പറഞ്ഞു. എന്നാൽ ആ സ്ത്രീ ഇത്തവണയും മറുചോദ്യം ചോദിച്ചു. ഭൂമിയിൽ ആരും സമ്പത്ത് സൃഷ്ടിക്കുന്നില്ല. സമ്പത്ത് കൂട്ടിവയ്ക്കുന്നതേയുള്ളൂ. സമ്പത്തു നൽകുന്നത് പ്രകൃതിയാണെന്നായിരുന്നു സ്ത്രീയുടെ പക്ഷം.
രാജാവ് അമ്പരന്നു. എന്നാൽ തങ്ങൾ രണ്ടു കവികളാണെന്ന് രാജാവ് പറഞ്ഞു. ലോകത്തെ ഏറ്റവും ശ്രേഷ്ഠകവി പ്രകൃതിയാണെന്നും ആ കവിയോളം സൗന്ദര്യം അവതരിപ്പിക്കാൻ ആർക്കുമാകില്ലെന്നും വൃദ്ധസ്ത്രീ പറഞ്ഞു. തങ്ങളുടെ മുന്നിലുള്ള സ്ത്രീ ബുദ്ധിമതിയും അറിവുള്ളവളുമാണെന്ന് രാജാവിനും കവിക്കും മനസ്സിലായി, ഈ രാജ്യത്തെ ജനപ്രിയരായ രണ്ടാൾക്കാരാണ് തങ്ങളെന്ന് രാജാവ് വീണ്ടും പറഞ്ഞു.അരിയും വെള്ളവുമാണ് ഏതുരാജ്യത്തും ഏറ്റവും ജനപ്രിയമുള്ളതെന്നായിരുന്നു വൃദ്ധയുടെ ഉത്തരം. എങ്കിൽ തങ്ങളെ അതിഥികളായി കണക്കാക്കൂ എന്നു രാജാവ് പറഞ്ഞു. ക്ഷണിക്കപ്പെടാതെ വരുന്നവനും പോകാനിഷ്ടമില്ലാത്തപ്പോൾ പോകുന്നവനുമാണ് അതിഥിയെന്നു പറഞ്ഞ സ്ത്രീ, യൗവ്വനകാലമാണ് ലോകത്തെ ശരിയായ അതിഥിയെന്നു പറഞ്ഞു.
എങ്കിൽ തങ്ങളെ വഴിതെറ്റിയ രണ്ടു യാത്രികരായി കണക്കാക്കൂവെന്ന് രാജാവ് പറഞ്ഞപ്പോൾ സൂര്യനും ചന്ദ്രനുമാണ് ഈ ലോകത്തു തനിക്കറിയാവുന്ന മഹായാത്രികരെന്ന് സ്ത്രീ പറഞ്ഞു. ജ്ഞാനിയായ വൃദ്ധസ്ത്രീ തങ്ങളുടെ അഹങ്കാരത്തെ ശമിപ്പിക്കാനാണ് ഈ മറുചോദ്യങ്ങളെല്ലാം ഉന്നയിച്ചതെന്ന് ഭോജരാജനും കാളിദാസനും മനസ്സിലായി. അവർ അവരുടെ കാൽക്കൽ വീണു വന്ദിച്ചശേഷം തങ്ങൾ തോറ്റതായി അറിയിച്ചു. അനന്തരം രാജധാനിയിലേക്കുള്ള വഴി മനസ്സിലാക്കി കുടിലിൽ നിന്നു പുറത്തുകടന്നു.