ADVERTISEMENT

ഇന്നത്തെ ബിഹാറിലാണ് വൈശാലി സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്ത് ഏറെ പ്രശസ്തമായ ഒരു പട്ടണമായിരുന്നു വൈശാലി. ലിക്ചാവി രാജാക്കൻമാരുൾപ്പെടെ ഭരിച്ച വജ്ജി എന്ന മഹാജനപദത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി. പ്രാചീന ഭാരതത്തിലെ 16 രാജ്യങ്ങളെയാണു മഹാജനപദങ്ങൾ എന്നു വിളിച്ചിരുന്നത്. ശ്രേയസ്സുള്ള ഒരു ചരിത്രമാണ് വൈശാലിക്ക്. ഇവിടെയാണ് തന്റെ സമാധിക്കു മുൻപ് ശ്രീബുദ്ധൻ അവസാന തത്വോപദേശം നൽകിയത്. ജൈനതീർഥങ്കരനായ മഹാവീരൻ ജന്മമെടുത്തതും വൈശാലിയിലാണ്. 

വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു.അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. മഹാനാമൻ എന്നൊരു ഭൂപ്രഭു അമ്രപാലിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് സ്വന്തം നാടുപേക്ഷിച്ച് വൈശാലിയിലെ അംബാര ഗ്രാമത്തിൽ വന്നു താമസിച്ചത് ആ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ തെളിവ്.

amrapali-vaishali-story2
Image Credit: This image was generated using Midjourney

അമ്രപാലി പരിശോഭിതയായി വൈശാലിയിൽ ജീവിച്ചു. പുഷ്പകുമാരനെന്ന യുവാവിനെ അവൾ സ്നേഹിച്ചു. അവനെ വിവാഹം കഴിക്കാൻ അവൾ ആഗ്രഹിച്ചു. ആ വിവാഹം നടക്കുമെന്ന സ്ഥിതിയും വന്നു. എന്നാൽ അക്കാലത്താണ് ലിക്ചാവി രാജവംശത്തിന്റെ തമ്പുരാനും വൈശാലിയുടെ രാജാവുമായ മനുദേവൻ അവളെക്കണ്ട് മോഹിച്ചത്. പുഷ്പകുമാരനെ ചതിയിലൂടെ രാജാവ് കൊന്നത്രേ. എന്നിട്ട് അമ്രപാലിയെ നഗരവധുവായി പ്രഖ്യാപിച്ചു. രാജനർത്തകിയുമായി അവൾ.

ധനികരും രാജത്വമുള്ളവരുമായ ആരാധകർ അവളുടെ നൃത്തവും സ്നേഹവും തേടി വന്നു. അവർ കൊണ്ടുവന്ന ധനം അവളെ ധനികയാക്കി. അളവറ്റ ധനം അവളുടെ പക്കൽ കുമിഞ്ഞുകൂടി. പല നാട്ടുരാജാക്കൻമാരെയും കവച്ചുവയ്ക്കുന്നതായിരുന്നു ആ സമ്പത്ത്. അക്കാലത്ത് മഗധ വജ്ജി ജനപദത്തോട് ശത്രുത പുലർത്തിയിരുന്നു. ആയിരം കോട്ടകളുടെ ശക്തിയുള്ളതായിരുന്നു മഗധ. സിംഹതുല്യമായ ശൂരത്വമുള്ള ബിംബിസാരൻ അവിടത്തെ രാജാവായിരുന്നു. ഒരിക്കൽ ബിംബിസാരൻ മഗധ ആക്രമിച്ചു. എന്തെല്ലാമോ കാരണങ്ങളാൽ ബിംബിസാരന് അമ്രപാലിയുടെ വീട്ടിൽ അഭയം തേടേണ്ടി വന്നു. അമ്രപാലിയുടെ സൗന്ദര്യത്തിൽ രാജാവ് ആകൃഷ്ടനായി.

amrapali-vaishali-story4
Image Credit: This image was generated using Midjourney

തന്റെ മുന്നിലുള്ളത് മഗധയുടെ മഹാപ്രഭുവാണെന്ന് അറിയാതെ അമ്രപാലിയും അനുരക്തയായി. അനേകം യുദ്ധങ്ങൾ ജയിച്ച ഒരു യോദ്ധാവ് മാത്രമായിരുന്നില്ല ബിംബിസാരൻ, മികച്ച ഒരു സംഗീതജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. ബിംബിസാരന്റെ സംഗീതത്തിനനുസരിച്ച് അമ്രപാലി ചുവടുകൾ വച്ചു. എന്നാലൊരിക്കൽ ബിംബിസാരൻ ആരാണെന്ന് അമ്രപാലി കണ്ടെത്തി. തന്റെ പ്രണയത്തേക്കാൾ വില ജന്മനാടായ വൈശാലിക്കു കൊടുത്തവളായിരുന്നു അമ്രപാലി. തന്റെ നാടിനെ വെറുതെ വിടണമെന്നും ഇവിടെ നിന്നു പോകണമെന്നും അമ്രപാലി ബിംബിസാരനോട് അപേക്ഷിച്ചു. അനേകം അക്ഷൗഹിണികൾക്കും തകർക്കാനൊക്കാത്ത വിധം കരുത്തനായ ബിംബിസാരൻ പക്ഷേ തന്റെ പ്രണയഭാജനത്തിന്റെ അഭ്യർഥന ചെവികൊണ്ടു. അദ്ദേഹം യുദ്ധമുപേക്ഷിച്ചു മടങ്ങി. ഇതുമൂലം ഭീരുവെന്ന പേര് അദ്ദേഹത്തിനു വന്നു ചേർന്നിരുന്നു.

amrapali-vaishali-story3
Image Credit: This image was generated using Midjourney

പിൽക്കാലത്ത് മഗധയിൽ ബിംബിസാരന്റെ പുത്രനായ അജാതശത്രു അധികാരത്തിലേറി. അച്ഛനു തുല്യനായ മകനായിരുന്നു അജാതശത്രു. തങ്ങൾക്കു ചുറ്റുമുള്ള ശത്രുത പുലർത്തുന്ന രാജ്യങ്ങളെയെല്ലാം വരുതിയിലാക്കാൻ അജാതശത്രു തീരുമാനിച്ചിരുന്നു. വൈശാലിയെ കടന്നാക്രമിച്ച അജാതശത്രുവും അമ്രപാലിയിൽ ആകൃഷ്ടനായി. ബിംബിസാരന്റെ മകനാണ് അജാതശത്രുവെന്നറിയാതെ അമ്രപാലിയും ആ രാജാവിനെ പ്രണയിച്ചു. എന്നാൽ ശത്രുരാജ്യത്തിന്റെ നായകനായ രാജാവുമായി പ്രണയത്തിലായ അമ്രപാലിയെ നാട്ടുകാർ എതിർത്തു. അവർ അവളെ തടവിലാക്കണമെന്ന് ആവശ്യമുയർത്തി. അമ്രപാലി തടങ്കലിലായി. ക്രുദ്ധനായ അജാതശത്രു വൈശാലിയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടു. നാട് നാശോന്മുഖമായി.

amrapali-vaishali-story
Image Credit: This image was generated using Midjourney

മോചനം കിട്ടിയ അമ്രപാലി തന്റെ നാടിന്റെ ദുരവസ്ഥയിൽ പരിതപിച്ചു. അജാതശത്രുവിനോട് അവൾ പിരിഞ്ഞു. ഒരിക്കൽ അമ്രപാലിയുെട കാതിൽ ആ വാർത്തയെത്തി. തങ്ങളുടെ നാട്ടിലേക്കു ശ്രീബുദ്ധൻ എത്തുന്നു. സിദ്ധാർഥ ഗൗതമനായി രാജവംശത്തിൽ ജനിച്ച്, എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് ഭിക്ഷാംദേഹിയായി ജീവിക്കുന്ന ആ മഹാപുരുഷനെ കാണണമെന്നത് അമ്രപാലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. രണ്ടും കൽപിച്ച് അവൾ ബുദ്ധനെ ഒരു വിരുന്നിനായി തന്റെ വീട്ടിലേക്കു ക്ഷണിച്ചു. തന്നെപ്പോലെ ഒരു പെണ്ണിന്റെ വീട്ടിലേക്കു സർവസംഗപരിത്യാഗിയായ ബുദ്ധൻ വരില്ലെന്നായിരുന്നു അമ്രപാലിയുടെ വിചാരം. എന്നാൽ ബുദ്ധൻ എത്താമെന്നറിയിച്ചു. അതുപോലെ അദ്ദേഹം അവിടെയെത്തുകയും ചെയ്തു.

amrapali-vaishali-story1
Image Credit: This image was generated using Midjourney

കൊട്ടാരസദൃശ്യമായ തന്റെ വീട്ടിലെത്തിയ ശ്രീബുദ്ധനു വിശിഷ്ടഭോജ്യങ്ങൾ അമ്രപാലി വിളമ്പി. യാതൊരു വിവേചനവും കാട്ടാതെ ബുദ്ധൻ ആഹാരം കഴിച്ചു. തേജോമയനായ ശ്രീബുദ്ധനെ, മനുഷ്യജീവിതത്തിന്റെ മറപൊരുൾ തേടിയ മഹാദാർശനികനെ നേരിട്ടു കണ്ടു സുകൃതം കൊള്ളുകയായിരുന്നു അമ്രപാലി. ആഢംബരത്തിലും പ്രണയങ്ങളിലും വിഷാദപർവങ്ങളിലും കുടുങ്ങിക്കിടക്കുന്ന സ്വന്തം ജീവിതത്തെപ്പറ്റി അവളോർത്തത് അപ്പോഴാണ്. ആത്മീയമായ അനുഭൂതി അവളെ വന്നു പൊതിഞ്ഞു. തന്റെ പൂർവജീവിതം ഒന്നുമായിരുന്നില്ലെന്ന് അമ്രപാലി മനസ്സിലാക്കി. ശ്രീബുദ്ധചരണങ്ങളിൽ അഭയം പ്രാപിച്ച അവളിലേക്ക് ഗംഗയായും യമുനയായും ആത്മബോധം ഒഴുകി. തന്റെ ലൗകിക ജീവിതം അവിടെ അവസാനിച്ചെന്ന് അവൾക്ക് ബോധ്യം വന്നു. ആടയാഭരണങ്ങളും ചമയങ്ങളും സ്വാർഥകാമദ്വേഷങ്ങളും ഉപേക്ഷിച്ച് ഭിക്ഷാംദേഹിയായ ഒരു സന്ന്യാസിയായി അവൾ മാറി.

English Summary:

Amrapali of Vaishali’s life was a dramatic journey from a courtesan to a Buddhist nun. Her story, interwoven with powerful kings and pivotal historical events, exemplifies the complexities of ancient Indian society.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com