ക്രിസ്തു എന്ന സുഹൃത്ത്, സ്നേഹം, അധ്യാപകൻ; ജീവനും പ്രകാശവുമാകുന്ന അനുഭവങ്ങൾ
Mail This Article
ക്രിസ്തുമസ് പല കാരണങ്ങളാൽ ലോകത്തിന്റെ ആഘോഷമാണ്. ലോക ജനതയുടെ മൂന്നിലൊന്ന് ക്രിസ്തുമത വിശ്വാസികളാകുമ്പോഴും വിശുദ്ധ ബൈബിൾ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള പുസ്തകമായി മാറുമ്പോഴും പ്രായോഗിക ജീവിതത്തിൽ ക്രിസ്തു ദർശനങ്ങൾ ഒരു വ്യക്തിക്കും അവന്റെ സമൂഹത്തിനും വരുത്തുന്ന മാറ്റങ്ങളാണ് ഈ ദിവസത്തെ വ്യത്യസ്തമാക്കുന്നത്. ആയതിനാൽ ക്രിസ്തുവിന് എത്രമാത്രം ഈ ലോകത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞുവെന്നത് ചിന്തനീയം തന്നെ.
വിദ്വേഷത്തിലും മനുഷ്യാവകാശലംഘനങ്ങളിലും അന്ധവിശ്വാസങ്ങളിലും മുങ്ങിത്താഴ്ന്ന സമൂഹത്തിൽ ഒരു പുതിയ വെളിച്ചമായി ക്രിസ്തു വരികയുണ്ടായി. അന്നേവരെ മനുഷ്യനിൽ നിലനിന്നിരുന്ന എല്ലാത്തരം തിന്മയുടെയും മോചനമായി ആ വെളിച്ചം മാറിയപ്പോൾ മാനവരാശിക്ക് ഒരു പുതിയ ജീവനും സത്യവും വഴിയും തുറന്ന് കിട്ടുകയായിരുന്നു. സ്‌നേഹത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു പുതിയ വഴി. ആ അചഞ്ചല സ്‌നേഹത്തിന് മുന്നിൽ മാനവരാശി ഒരു മഞ്ഞുതുള്ളിയായി മാറിയപ്പോൾ സത്യത്തിന്റെയും നീതിബോധത്തിന്റെയും പകരംവയ്ക്കാൻ കഴിയാത്ത പ്രതിബിംബമായി ചരിത്ര താളുകളിൽ ആ നിസ്വാർത്ഥ ജീവിതം രേഖപ്പെടുത്തുകയായിരുന്നു. ലോകത്തിന് പ്രകാശമായ ആ നീതിബോധത്തിലേയ്ക്കാണ് മനുഷ്യർ ഒറ്റയ്ക്കും കൂട്ടായും നടന്നുനീങ്ങിയത് എന്നതിൽ സംശയമില്ല.
ക്രിസ്തുവിന്റെ ജീവിതം ഒരോ വ്യക്തികളിലും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നൽകുന്നത്. ഒന്നിൽ നിന്ന് വ്യത്യസ്തമായ പലതരം അനുഭവങ്ങൾ. ഒരു ഉത്തമ സുഹൃത്തിനെപ്പോലെ ആ സാന്നിധ്യം തിരിച്ചറിയുന്ന ധാരാളം മനുഷ്യർ നമുക്ക് ചുറ്റിലും ഉണ്ട്. അതിൽ ഒരു അനുഭവം സോഫിയ എന്ന കോളജ് വിദ്യാർത്ഥിനിയുടേതാണ്. ക്രിസ്തു എന്താണ് എന്ന ചോദ്യത്തിന് എന്റെ ഉത്തമസുഹൃത്താണ് എന്ന് നിസ്സംശയം ഉത്തരം പറയുവാൻ സോഫിയക്ക് കഴിഞ്ഞു. എപ്പോഴും തന്നോടൊപ്പമുള്ള ഉത്തമസുഹൃത്ത്. ജീവിതത്തിൽ എല്ലാം തുറന്ന് സംസാരിക്കുവാൻ കഴിയുന്ന സൗഹൃദം. അവളുടെ ആശ്വാസം. നിത്യസന്തോഷം.
നവീകരണത്തിൽ നിന്ന് നവീകരണത്തിലേയ്ക്ക് നയിക്കുന്ന ആത്മബന്ധമാണ് ആ സൗഹൃദം എന്ന സോഫിയയുടെ കണ്ടെത്തൽ വെറും തിരിച്ചറിവ് മാത്രമല്ല, മറിച്ച് ഒരു തത്വചിന്തയുടെ വാതിൽ തുറക്കലാണ്. മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുന്ന തത്വചിന്ത. അവളിൽ കൂടുതൽ അനുകമ്പയുണ്ടാക്കുന്ന സന്തോഷത്തിന്റെ സ്പർശനം. സോഫിയയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത് ഈ അനുഭവങ്ങളാണ്. അതിലൂടെയാണ് ഒരു വ്യക്തി സമൂഹത്തിൽ സൃഷ്ടിപരമായി കൂടുതൽ ഉപയോഗമുള്ള വ്യക്തിയായി മാറുന്നത്. ഞാൻ സത്യവും വഴിയും ജീവനും ആകുന്നു എന്ന ക്രിസ്തുവിന്റെ ഓർമ്മപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആയിരക്കണക്കിന് സോഫിയമാർ ആ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്നത്. ആ വഴി അന്ധകാരത്തിൽ തെളിയുന്ന പ്രകാശമാണ്. മനുഷ്യൻ അന്വേഷിക്കുന്ന, മനുഷ്യനെ അന്വേഷിക്കുന്ന സത്യം. അനുഗ്രഹീതമായ ഒരു പുതിയ ലോകത്തിന്റെ വാതിൽ തുറക്കൽ.
ഒരു വർഷം മുമ്പ് സിസ്റ്റർ റിഗ്ന എന്ന കന്യാസ്ത്രീയെ പരിചയപ്പെടുവാൻ ഇടയായി. ഒരു കോളജ് അധ്യാപിക കൂടിയാണ് സിസ്റ്റർ. അവരുടെ വിദ്യാർത്ഥിനിയായിരുന്ന രേവതി എസ്. എന്ന കുട്ടിയുടെ ചികിത്സയുടെ ഭാഗമായി രക്തദാനത്തിന് വേണ്ട സഹായങ്ങൾ ചെയ്യുവാൻ ആയിരുന്നു വിളിച്ചതും പരിചയപ്പെട്ടതും. റീജനൽ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന രേവതിക്ക് രക്തദാനം ചെയ്യാൻ അഡ്വ. അനസ് എന്ന എന്റെ വിദ്യാർത്ഥി വളരെയധികം സഹായങ്ങൾ ചെയ്തുകൊടുത്തുവെങ്കിലും മൂന്ന് മാസത്തിനുള്ളിൽ രേവതി എല്ലാപേരെയും വിട്ടുപിരിഞ്ഞ് പോകുകയായിരുന്നു. എന്നെയും അഡ്വ.അനസിനെയും ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്. സിസ്റ്റർ റിഗ്നയെ ഈ സംഭവം വേദനിപ്പിച്ചുവെങ്കിലും വളരെ യാഥാർത്ഥ്യ ബോധത്തോടെയാണ് അവർ അതിനെ കൈകാര്യം ചെയ്തത്. ക്രിസ്തുവിൽ ജീവിക്കുന്ന സിസ്റ്റർ റിഗ്ന ക്രിസ്തു എന്നാൽ സ്‌നേഹവും സേവനവും ത്യാഗവുമാണ് എന്ന തിരിച്ചറിവാണ് നൽകിയത്.
പലപ്പോഴും നമുക്ക് പ്രിയപ്പെട്ട പലതും ത്യജിക്കേണ്ടിവരാം. ചിലപ്പോൾ വളരെ അടുപ്പമുള്ള പലതും. അത് ഉൾക്കൊള്ളുവാൻ ഉള്ള ശക്തി ലഭിക്കുന്ന ഒരു ഊർജ സ്രോതസ്സാണ് ക്രിസ്തു എന്നാണ് സിസ്റ്റർ റിഗ്ന പറഞ്ഞുവച്ചത്. അതുകൊണ്ടുതന്നെ ഒരു നിത്യസ്‌നേഹത്തിന്റെ പ്രതീകമായി ക്രിസ്തു മാറുമ്പോൾ ആ സ്‌നേഹത്തിന്റെ വ്യാപ്തിയും വലുതാണ് എന്ന തിരിച്ചറിവിലാണ് എത്തിച്ചേരുക. ആ സ്‌നേഹത്തിൽ എന്തും സഹിക്കാനുള്ള കഴിവ് ഒരു വ്യക്തി ആർജ്ജിച്ചെടുക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഹൃദയത്തിലേറ്റ മുറിവുകളെ തരണംചെയ്തുകൊണ്ട് സിസ്റ്റർ മുന്നോട്ടുപോകുകയാണ്, തികഞ്ഞ സേവനമനോഭാവത്തോടെ. ആ സേവന മനോഭാവത്തിലൂടെയുണ്ടാകുന്ന സാമൂഹിക മാറ്റം മാത്രമാണ് ആധുനിക സമൂഹത്തിന്റെ പ്രത്യാശ. ഇങ്ങനെ ജീവിക്കുന്ന ആയിരക്കണക്കിന് വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. സ്‌നേഹത്തിലും സഹനത്തിലും സേവനത്തിലും ജീവിക്കുന്നവർ. പ്രതിസന്ധി ഘട്ടത്തിൽ മറ്റുള്ളവർക്ക് തണലാകുന്നവർ.
അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റൊരുവ്യക്തിയെ അടയാളപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുകയാണ്. സുനിൽ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ഒരു സ്‌കൂൾ ടീച്ചറാണ്. ക്രിസ്തുവിൽ കണ്ട ഒരു നല്ല അധ്യാപകനാണ് സുനിൽസാറിന്റെയും ഒരു ഉത്തമ അധ്യാപകനാകാനുള്ള പ്രേരകശക്തി. ലോകം കണ്ട നല്ല അധ്യാപനായിരുന്നു ക്രിസ്തു എന്നതിൽ സംശയമില്ല. കാരണം ക്രിസ്തു തിരഞ്ഞെടുത്ത ശിഷ്യന്മാർ യോഗ്യതയുള്ളവർ ആയിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം അവർ യോഗ്യരായി മാറുകയായിരുന്നു.
സമൂഹത്തിലെ ഏറ്റവും ദുർബലരായ വ്യക്തികളെയാണ് അദ്ദേഹം സ്വന്തം ശിഷ്യന്മാരായി തിരഞ്ഞെടുത്തത്. അതിൽ തിന്മയുടെ കൂടെ നിന്നവർ ഉണ്ടായിരുന്നു, കരം പിരിക്കുന്നവർ ഉണ്ടായിരുന്നു, പാർശ്വവത്കരിക്കപ്പെട്ട മത്സ്യതൊഴിലാളികളുണ്ടായിരുന്നു. എന്നാൽ ക്രിസ്തുവിനോടുള്ള വിശ്വാസം ശിഷ്യന്മാരെ മനുഷ്യനെ പിടിക്കുന്നവരായി മാറ്റുകയായിരുന്നു. ക്രിസ്തുവിൽ നിന്ന് ഒഴുകിയ പകരംവയ്ക്കാൻ കഴിയാത്ത നിത്യസ്‌നേഹത്തിന്റെ ദിവ്യസ്പർശമാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ ഇത്രയും ശക്തന്മാരാക്കിയത്. ഇതാണ് ഒരു അധ്യാപകനിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് കിട്ടേണ്ടത് എന്ന തിരിച്ചറിവാണ് സുനിൽസാറിനെ പോലുള്ള അധ്യാപകരെ വ്യത്യസ്തരാക്കുന്നത്. അത് അദ്ദേഹത്തിന്റെ ചിന്തയിലും വാക്കിലും പ്രവർത്തിയിലും പ്രതിഫലിക്കുമ്പോൾ അവരുടെ ഏറ്റവും ദുർബലനായ വിദ്യാർഥിയും ഉയർത്തെഴുന്നേൽക്കുകയാണ്. ക്രിസ്തുമസ് മഹനീയമാകുന്നത് ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ക്രിസ്തു ജീവനും പ്രകാശവുമാകുന്ന അനുഭവങ്ങൾ.
Safi Mohan M R
Assistant Professor in Law
Govt law college tvpm.
Founder Law and justice Research Foundation