പ്രണയപ്പൊരുളുകളുടെ വിശ്വാചാര്യൻ വിട വാങ്ങിയിട്ട് 751 കൊല്ലം; സ്മരണ പുതുക്കി സൂഫി ലോകം
Mail This Article
ബിശ്‌നൊ അസ് നയ് ചൂൻ ഹികായത്ത് മീ കുനദ്
വസ് ജുദായീഹാ ശികായത്ത് മീ കുനദ്
കസ് നെയെസ്താൻ താ മറാ ബുബ്രീദെ അന്ത്
അസ് നഫീറം മർദൊ സൻ നാലീദെ അന്ത്
പുല്ലാംകുഴലിന്റെ കഥാകഥനമെങ്ങനെയെന്നു കേൾക്കുവിൻ
വിരഹങ്ങളെ ചൊല്ലിയാണ് അതിന്റെ ആവലാതി,
അതു പറയുന്നു, മുളങ്കാട്ടിൽ നിന്ന് നീയെന്നെ വെട്ടിമാറ്റിയല്ലോ,
അന്നു മുതൽ തുടങ്ങിയ എന്റെ രോദനം കേട്ട്
കണ്ണീർ വാർക്കുകയാണ് സ്ത്രീ പുരുഷ ഭേദമില്ലാതെ സർവരും
മൗലാനാ ജലാലുദ്ദീൻ റൂമിയുടെ വിഖ്യാത കൃതി മഅ്‌നവിയിലെ ആദ്യ വരികളാണിത്. റൂമിയുടെ കാവ്യം ലോകമെങ്ങും പ്രണയിനികളുടെ ഹൃദയങ്ങളോട് സദാ ചേർന്നു കിടക്കുന്നതാണ്. ദിവ്യസ്നേഹത്തിന്റെ അതിരില്ലാത്ത ലോകങ്ങളിലേക്ക് റൂമി ഈരടികൾ വായനക്കാരെ ഇന്നും കൊണ്ടുപോകുന്നു. ആത്മാക്കളുടെ ലോകത്തു നിന്ന് തന്റെ തന്നെ പിരിച്ചെടുത്ത് ഈ ഭൂമിയിലേക്ക് അയച്ചതിന്റെ അഗാധമായ വിരഹ ദുഃഖത്തെ മുളങ്കാട്ടിൽ നിന്നും അറ്റുപോയ പുല്ലാങ്കുഴലിന്റെ സംഗീതത്തോട് ചേർത്തു വായിക്കുകയാണിവിടെ റൂമി.
യുനെസ്‌കോ 2007ൽ രാജ്യാന്തര റൂമി വർഷമായി ആചരിച്ചതോടെ ലോകമെങ്ങും റൂമിയെക്കുറിച്ച പലതരം പരിപാടികൾ വ്യാപകമായി. യുഎസിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കവികളിലൊരാളായ റൂമി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിസ്റ്റിക്കൽ ദർശനങ്ങളുടെ പാരമ്യമാണ് റൂമി കാവ്യങ്ങൾ. ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന കൃതിയാണ് മസ്‌നവി. ആറു വാള്യങ്ങളിലായി കാൽ ലക്ഷത്തിലേറെ വരികളാണ് മസ്‌നവിയിലുള്ളത്. തന്റെ മൂലസ്രോതസ്സിലേക്ക് അതേ പരിശുദ്ധതയിൽ മടങ്ങിപ്പോവാനുള്ള ആത്മീയദാഹത്തിന്റെ എല്ലാ വശങ്ങളും മസ്‌നവിയിൽ വിവരിക്കുന്നു.
മത വൈജ്ഞാനിക പാരമ്പര്യത്തിന്റെ സാമ്പ്രദായിക വഴികളിൽ നിന്ന് മാറി നടന്ന ആത്മജ്ഞാനിയായിരുന്നു മൗലാന ജലാലുദ്ദീൻ റൂമി. ഹല്ലാജും ഇബ്‌നു അറബിയും വെട്ടിത്തെളിച്ചു പോയ അതീന്ദ്രിയജ്ഞാന സ്രോതസ്സുകളിൽ നിന്ന് ആത്മജ്ഞാനം വേണ്ടുവോളം നുകർന്ന് പല രൂപത്തിൽ ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. കവിതയും ദർശനവും സംഗീതവും കഥയും കലയും ആയിരുന്നു മനുഷ്യഹൃദയത്തെ സ്‌നേഹാകാശത്തേക്ക് ഉയർത്താൻ അവർ ഉപയോഗിച്ച മൂന്നുപാധികൾ.
ലോകത്ത് സൂഫിസത്തെ കലയോടും സംഗീതത്തോടും ചേർത്തുനിർത്തിയത് മൗലാന ജലാലുദ്ദീൻ റൂമിയുടെ കവിതകളിലൂടെയും താളാത്മകമായ ചലനങ്ങളിലൂടെയും തന്നെയായിരുന്നു. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന സൂഫി എഴുത്തുകരൻ റൂമിയല്ലാതെ മറ്റാരുമല്ല. മൗലാനാ ജലാലുദ്ദീൻ റൂമി ഈ ലോകത്തോടു വിടവാങ്ങിയിട്ട് 751 വർഷങ്ങളാകുന്ന ഈ വേളയിൽ വിവിധ രാജ്യങ്ങളിൽ പലതരത്തിൽ അനുസ്മരണ സംഗമങ്ങൾ നടക്കുകയാണ്. തുർക്കിയിലെ കോനിയയിൽ ഖബറടക്കം ചെയ്യപ്പെട്ട റൂമിക്ക് കേരളത്തിലും ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുണ്ട്. മൗലവിയ്യ സൂഫി നൃത്തവും മസ്നവി പോലുള്ള കൃതികളും അദ്ദേഹത്തിന്റെ പേരിൽ ലോകമാകെ പതിനായിരങ്ങളെ ആകർഷിക്കുന്ന സാഹിത്യ-കലാ സംഭാവനകളാണ്.
അറബിക് കലണ്ടറിലെ ജമാദുൽ അവ്വൽ മാസത്തിലാണ് റൂമിയുടെ ഉറൂസിന്റെ ഭാഗമായി അനുസ്മരണ പരിപാടികൾ നടക്കുന്നത്. കഴിഞ്ഞ ദിവസം തുർക്കിയിലെ മൗലാനാ കൾച്ചറൽ സെന്ററിൽ ഉറൂസിന്റെ ഭാഗമായി ഇന്റർനാഷനൽ കോമെമൊറേഷൻ സെറിമണി ഓഫ് റൂമീസ് ആനിവേഴ്സറി ഓഫ് റീയൂണിയൻ സംഘടിപ്പിച്ചിരുന്നു. റൂമി കവിതകളുടെ മൗലിക സ്രോതസ് പേർഷ്യൻ ഭാഷ ആയതിനാൽ ഇറാനിൽ റൂമി കവിതകൾക്ക് വലിയ പ്രാധാന്യം നൽകപ്പെടുന്നുണ്ട്. ഇറാഖ്, അസർബൈജാൻ, ഉസ്ബക്കിസ്താൻ, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയ മേഖലകളിലും റൂമിക്ക് വലിയ തോതിൽ ആരാധകരുള്ളതിനാൽ ഇവിടെയൊക്കെ കവിസംഗമങ്ങൾ ഉറൂസ് ദിനത്തിൽ നടത്തപ്പെടുന്നു.