ADVERTISEMENT

ഇസ്‌ലാം മതത്തിന്റെ സാംസ്കാരികമൂല്യങ്ങൾ അനാവരണംചെയ്യുന്ന പഠന മേഖലയാണ് തസ്വവ്വുഫ്. ഇമാം ഖുശൈരിയുടെ രിസാലത്തുൽ ഖുശൈരിയ്യ, ഇമാം ഗസ്സാലിയുടെ ഇഹ് യാ തുടങ്ങി ആധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രചനകൾ ഒട്ടേറെയുണ്ട്. പലതും ആയിരത്തോളം താളുകളുള്ള വിപുലമായ ഗ്രന്ഥങ്ങളാണ്. എന്നാൽ വെറും 188 വരി കവിതയിലൂടെ ആത്മജ്ഞാനത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന രചനയാണ് പൊന്നാനിയിലെ മഖ്ദൂം ഒന്നാമൻ രചിച്ച ഹിദായത്തുൽ അദ്കിയാ. ഒരുകാലത്ത് കേരളത്തിലെ മദ്രസകളിൽ പഠിപ്പിക്കപ്പെട്ടിരുന്നതും സാധാരണ വിശ്വാസികൾ പോലും ഹൃദിസ്ഥമാക്കിയിരുന്നതുമായ അദ്കിയാ ഇ‌സ്‍‌ലാമിക ആധ്യാത്മിക സാഹിത്യത്തിന് കേരളം നൽകിയ മഹത്തായ സംഭാവനകളിൽ ഒന്നാണ്.

ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് തുടങ്ങി ആത്മജ്ഞാനി ഉൾക്കൊള്ളേണ്ട അടിസ്ഥാന സംജ്ഞകളെ ഉദാഹരണ സഹിതം വിശകലനം ചെയ്ത ശേഷം സൂഫിയുടെ വഴിയിലേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കുന്നവർക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാനായി മഖ്ദൂം ഒൻപത് നിർദേശങ്ങൾ പറഞ്ഞുകൊടുക്കുന്നു. പശ്ചാത്താപം, കുറഞ്ഞ ജീവിത വിഭവങ്ങൾകൊണ്ടുള്ള സംതൃപ്തി, ഐഹിക വിരക്തി, ജ്ഞാന സമ്പാദനം, പ്രവാചകചര്യ പിന്തുടരൽ, ദൈവത്തിൽ ഭരമേൽപ്പിക്കൽ, ആത്മാർത്ഥത, ഏകാന്തവാസം, സമയനിഷ്ഠ എന്നിവയാണ് ആത്മജ്ഞാനി സ്വീകരിക്കേണ്ട നിർദേശങ്ങൾ. ഇവയ്ക്കു പുറമേ ദിനചര്യകളിൽ പുലർത്തേണ്ട കൃത്യത, വിദ്യാർത്ഥി പാലിക്കേണ്ട മര്യാദകൾ, ഭക്ഷണ മര്യാദകൾ തുടങ്ങി മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും വ്യക്തിത്വ വികാസം നേടാനും ആഗ്രഹിക്കുന്നവർക്കുള്ള മാർഗദർശനങ്ങൾ കൂടി ഇതിൽ ഉണ്ട്.

ശരീരത്തിന്റെ താൽപര്യങ്ങളോടു ചേർന്നു നിന്ന് പഠിച്ചു മുന്നേറാനും ലക്ഷ്യ പ്രാപ്തിയിലെത്താനും ഇമാം നവവിയുടെ രിയാളുസ്വാലിഹീൻ, ഗസ്സാലിയുടെ ഇഹ് യാ തുടങ്ങി മനുഷ്യനെ സംസ്കരിക്കാൻ പര്യാപ്തമായ രചനകൾ വായിക്കാനും ഗ്രന്ഥകാരൻ നിർദേശിക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആണ് മഖ്ദൂം ഒന്നാമൻ അദ്കിയ രചിക്കുന്നത്. ഇന്ത്യക്കു പുറത്ത് ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്നും ഈ ഗ്രന്ഥം വായിക്കപ്പെടുന്നുണ്ട്. ഇന്തൊനീഷ്യക്കാരനായ ഇസ്‌ലാമിക പണ്ഡിതൻ സയ്യിദ് ബക്‌രി ‘കിഫായത്തുൽ അദ്കിയാ ഫീ മിൻഹാജിൽ അസ്ഫിയാ' എന്ന പേരിൽ അദ്കിയയുടെ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. സമകാലിക പണ്ഡിതന്മാരിൽ പ്രധാനിയായ കോടമ്പുഴ ബാവാ മുസല്യാർ 'രിസ്ഖുൽ അസ്ഫിയാ' എന്നപേരിൽ അറബിയിൽ അദ്കിയയുടെ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അബ്ദുസ്സലാം ശാമിൽ ഇർഫാനി 'ആത്മജ്ഞാനികളുടെ ആഹാര'മെന്ന പേരിൽ ഈ വ്യാഖ്യാനമുൾപ്പെടെ അസ്കിയാ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ആത്മജ്ഞാനികളിൽ പലരും തങ്ങളുടെ ആത്മീയ യാത്രയുടെ അവലംബമായാണ് അസ്കിയയെ കാണുന്നത്. അറബിയിൽ സാമാന്യ പരിജ്ഞാനമുള്ളവർക്ക് എളുപ്പത്തിൽ വായിക്കാനും ഉൾക്കൊള്ളാനും സാധിക്കുന്നവിധം ഹൃദ്യവും ലളിതവുമാണ് മഖ്ദൂമിന്റെ രചനാശൈലി.

English Summary:

Hidayathul Adkiya provides a concise guide to Sufism. This essential text by Makhdum I of Ponnani offers practical steps toward spiritual enlightenment, impacting spiritual seekers globally for centuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com