കരുതലാകുന്ന ക്രിസ്മസ്; ശാന്തരാത്രി തിരുരാത്രി
Mail This Article
“അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” (ലൂക്ക 2:14) എന്ന ദൈവദൂതന്റെ ആശംസ സർവ മാനവകുലത്തിനും വേണ്ടിയുള്ളതായിരുന്നു. ക്രിസ്മസ് സന്തോഷത്തിലേക്കുള്ള ക്ഷണമാണ്; എളിമപ്പെടലിലൂടെ ദൈവപുത്രന്റെ ജീവിതം അനുകരിക്കാനുള്ള ക്ഷണം. ‘‘തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16) എന്നാണ് ബൈബിൾ പറയുന്നത്. ദൈവം നമുക്കു നൽകിയ ഈ സമ്മാനം നാം സ്വീകരിക്കുമ്പോൾ പരസ്പര സ്നേഹത്തിന്റെ തലത്തെക്കുറിച്ചും ഓർക്കണം. അപരനിൽ ദൈവത്തെ കണ്ടുകൊണ്ട്, ദൈവിക സാന്നിധ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഈ ക്രിസ്മസ് ഫലദായകമാക്കാം.
കൊട്ടിയടയ്ക്കപ്പെട്ട സത്രങ്ങൾക്കു പകരമായി തുറക്കപ്പെട്ട പുൽത്തൊട്ടിലിൽ വിശാലമായ ആകാശവും നക്ഷത്രങ്ങളുമൊക്കെയുള്ള ശാന്തമായ അന്തരീക്ഷത്തിലാണ് ദൈവ പുത്രന്റെ പിറവി. ദരിദ്രസാഹചര്യത്തിൽ പിറന്ന്, നക്ഷ്രതങ്ങൾ നോക്കി കിടക്കുന്ന ഉണ്ണിമിശിഹായിൽ തങ്ങളെത്തന്നെ കാണാൻ ആട്ടിടയന്മാർക്ക് എളുപ്പമായിരുന്നു. നമ്മുടെ സമൂഹത്തിലെ ഓരോ ജീവനിലും ദൈവത്തെ കാണാൻ നമുക്കും കഴിയണം. നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ദൈവരൂപങ്ങളെ തിരിച്ചറിയാനും അവരെ ശുശ്രൂഷിക്കുന്നതിനുമായി നമ്മുടെ ജീവിതയാത്ര തുടരാം. രക്ഷയിലേക്കുള്ള ആ യാത്രയ്ക്കു ദിവ്യ നക്ഷത്രം വഴികാട്ടിയാകട്ടെ.
മനുഷ്യവംശം മുഴുവൻ കാത്തിരുന്ന രക്ഷകൻ ഭൂമിയിൽ അവതരിച്ചത് ലോകത്തിനു മുഴുവൻ ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനു വേണ്ടിയായിരുന്നു. എന്നാൽ, അശാന്തിയുടെ വാർത്തകളുമായാണ് ഓരോ പ്രഭാതവും ഉണരുന്നത്. എങ്കിലും പ്രതീക്ഷയുടെ പൊൻ വെളിച്ചം നമ്മെ മുന്നോട്ടു നയിക്കുന്നു. ഇരുൾ നിറഞ്ഞ ലോകത്തിലേക്ക് വലിയ സന്തോഷത്തിന്റെയും പ്രത്യാശയുടെയും സദ് വാർത്തയാണ് ക്രിസ്മസ് കൊണ്ടുവരുന്നത്. ദൈവാനുഗ്രഹപ്രദമായ ഒരു ക്രിസ്മസും പുതുവർഷവും ആശംസിക്കുന്നു.