സന്തോഷത്തിന്റെ സന്ദേശം നൽകിക്കൊണ്ട് വീണ്ടുമൊരു ക്രിസ്മസ്
Mail This Article
ഏവർക്കും സന്തോഷത്തിന്റെ സന്ദേശം നൽകിക്കൊണ്ട് ക്രിസ്മസ് വീണ്ടും വന്നെത്തിയിരിക്കുന്നു. മനുഷ്യർക്കും എല്ലാ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും സന്തോഷവും സന്തോഷകരമായ സാഹചര്യങ്ങളും ആവശ്യമാണ്. സന്തോഷങ്ങളെ വിവിധ രീതികളിൽ നമുക്ക് തരംതിരിക്കാമെങ്കിലും ക്രിസ്മസിന്റെ സന്തോഷം വേറിട്ട് നിൽക്കുന്നു. കാരണം അതു കാലങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി നിൽക്കുന്നു. ക്രിസ്മസ് എന്ന സന്തോഷത്തിന്റെ പ്രത്യേകത അതിന്റെ ഉദ്ഭവം സ്വർഗത്തിൽ നിന്നുമാണ്. അത് ദൈവത്തിൽ നിന്നുമുള്ളതാണ്, അത് കാലഭേദങ്ങൾക്കതീതമാണ്. ആദ്യ ക്രിസ്മസ് ദിനത്തിൽ പ്രഘോഷിക്കപ്പെട്ട സന്തോഷ സന്ദേശം എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു. സ്വർഗത്തിൽ നിന്നും ദൈവദൂതന്മാരിലൂടെ ഇടയന്മാരിലേക്കും അവരിൽ നിന്നു മറ്റുള്ളവരിലേക്കും പകരപ്പെട്ടു. ഇടയന്മാരുടെ സാഹചര്യങ്ങൾ മാറിയില്ലെങ്കിലും അവർ സന്തോഷചിത്തരായി.
ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവരും ദൈവത്തിന്റെ മനുഷ്യാവതാരത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത് എല്ലാവർക്കും വേണ്ടിയുള്ള സന്തോഷമാണ്. മനുഷ്യരിലുള്ള തിന്മയെ അകറ്റി, നന്മയ്ക്ക് കരുത്തേകാനാണ് ദൈവം മനുഷ്യനായി പിറന്നത്. നന്മയുടെ പ്രോത്സാഹനവും തിന്മയുടെ തിരസ്ക്കരണവും ക്രിസ്മസിന്റെ അതിപ്രധാന ഘടകമാണ്. ആധുനിക ലോകത്ത് ക്രിസ്മസ് ആഘോഷിക്കുമ്പോൾ തിരുപ്പിറവിയുടെ മഹത്വം നാം എത്രത്തോളം ഉൾക്കൊള്ളുന്നുണ്ടെന്നു ചിന്തിക്കണം.
ക്രിസ്മസിന്റെ സന്തോഷം നമ്മിലുണ്ടോ? നമ്മിലൂടെ അത് മറ്റുള്ളവരിലേക്ക് പകരപ്പെടുന്നുണ്ടോ? ഓരോ ക്രിസ്മസ് ആഘോഷത്തിനു ശേഷവും നമ്മിലെ തിന്മയും വിദ്വേഷവും കോപവും ഏതളവിൽ എത്തിനിൽക്കുന്നു? ക്രിസ്മസ് ആഘോഷിക്കുന്ന നമുക്ക് ഈ സന്തോഷം മറ്റുള്ളവരിലേക്ക് കൈമാറാൻ കഴിയണം. നന്മയോടും സന്തോഷത്തോടും സമാധാനത്തോടും നീതിയോടും പക്ഷം ചേരാൻ സാധിക്കുന്നില്ലെങ്കിൽ നമ്മുടെ ക്രിസ്മസ് ആഘോഷം അർഥശൂന്യമാണ്. ദൈവപുത്രനോടു ചേർന്ന് നമുക്ക് ക്രിസ്മസ് അർഥപൂർണമാക്കാം. ഏവർക്കും ദൈവനാമത്തിൽ ക്രിസ്മസ് പുതുവത്സരാശംസകൾ നേരുന്നു.