കൊല്ലവർഷം 1200, ചിങ്ങമാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം
Mail This Article
ചിങ്ങം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി: വന്നു ചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകുമെങ്കിലും ചില നഷ്ടങ്ങളും തടസ്സങ്ങളും സംഭവിക്കാം. സന്താനങ്ങളുടെ കാര്യത്തിൽ വളരെ ശ്രദ്ധ വേണം.
ഭരണി: പഴയ ബാധ്യതകൾ കുറയുമെങ്കിലും പുതിയ ചില ബാധ്യതകൾ ഉണ്ടാകും. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് ചെറിയൊരു തടസ്സത്തിനു ശേഷം അനുകൂല സാഹചര്യം കൈവരും. സംസാരത്തിൽ മിതത്വം പാലിക്കണം അല്ലെങ്കിൽ വാക്കുതർക്കമുണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
കാർത്തിക: പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും. ഔദ്യോഗിക രംഗത്ത് ജോലിഭാരം വർധിക്കും. വാഗ്ദാനങ്ങൾ കഴിവതും ഒഴിവാക്കണം. വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധ പാടില്ല. സത്യാവസ്ഥ പൂർണമായി ബോധ്യപ്പെടാതെ പ്രതികരിച്ചാൽ ദോഷാനുഭവങ്ങൾക്കിടയുള്ളതിനാൽ അവ ഒഴിവാക്കണം.
രോഹിണി: കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചില ക്ലേശാനുഭവങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധവേണം. വിവാഹകാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം. നന്നായി ഈശ്വര പ്രാർഥന ചെയ്യണം.
മകയിരം: ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. സുദീർഘമായ ചർച്ചയാൽ അബദ്ധധാരണകൾ ഒഴിഞ്ഞു പോകും. പ്രവൃത്തിയിലുള്ള നിഷ്കർഷയും ആത്മാർഥതയും ലക്ഷ്യബോധവും ഉന്നത സ്ഥാനമാനങ്ങൾക്കു വഴിയൊരുക്കും. വരവു ചെലവുകൾ തുല്യമായിരിക്കും.
തിരുവാതിര: ജീവിത നിലവാരം മെച്ചപ്പെടും. ഇച്ഛാ - ജ്ഞാന ക്രിയാശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമാകും. കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമപ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും.
പുണർതം: ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായി തീരും. ഭക്ഷണ ക്രമീകരണങ്ങളിൽ നിഷ്കർഷ വേണ്ടി വരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും. അനാവശ്യ സംസാരം ഒഴിവാക്കണം. ക്ഷിപ്രകോപം പല അനിഷ്ടങ്ങൾക്കും ഇടവരുത്തും.
പൂയം: പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടി വരും. പുതിയ കരാറു ജോലിയിൽ സാമ്പത്തിക നേട്ടം കുറയും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർഥികൾ അലസത വെടിയണം. ബന്ധുമിത്രാദികൾ മനസ്സിനിഷ്ടപെടാത്ത രീതിയിൽ പ്രവർത്തിക്കും.
ആയില്യം: ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. തൊഴിൽപരമായ പ്രാരാബ്ധങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കുവാൻ കഴിയില്ല. അനാവശ്യമായി അന്യരുടെ കാര്യത്തിൽ ഇടപെടരുത്. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.
മകം: ആരോഗ്യ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും.
പൂരം: ഈശ്വര പ്രാർഥനകളാൽ ആപൽഘട്ടങ്ങൾ തരണം ചെയ്യും. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അമിതവേഗതയിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.
ഉത്രം: വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദാസീനമനോഭാവം ഉപേക്ഷിച്ച് ഊർജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കും.
അത്തം: ഈശ്വരപ്രാർഥനകളാലും ഏകാഗ്രചിന്തകളാലും ഉപരിപഠനം പൂർത്തികരിക്കും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സജ്ജന സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും. തൊഴിൽ സ്ഥാപനത്തിന്റെ നിലനില്‍പിനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും.
ചിത്തിര: നിർദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവർക്ക് ഉപകരിക്കുമെങ്കിലും സ്വന്തം ജീവിതത്തിൽ അർഥപൂർണമാവുകയില്ല. ഔദ്യാഗികമായി ഉത്തരവാദിത്വം വർധിക്കും. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. ആരോഗ്യ ശ്രദ്ധ വേണം.
ചോതി: അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. വ്യക്തിത്ത്വ വികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ജീവിതപങ്കാളിയുടെ പേരിൽ വ്യാപരങ്ങളിൽ ഏർപ്പെടുവാനിടയുണ്ട്.
വിശാഖം: കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദാന്തരീക്ഷം സംജാതമാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർഥനാകും. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം.
അനിഴം: പദ്ധതി സമർപ്പണം, പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയിക്കും. ഭക്തി ശ്രദ്ധാപുരസ്സരം ചെയ്യുന്നതെല്ലാം വിജയിക്കും. ആഗ്രഹങ്ങൾക്കനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും അവസരമുണ്ടാകും. വില്‍പനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും.
തൃക്കേട്ട: സാമ്പത്തിക സ്ഥിതിയും ജീവിതഗതിയും മെച്ചപ്പെടുന്നതിനാൽ പണി ചെയ്തു വരുന്ന ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. അധികൃതരുടെ പ്രീതിനിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. ഭാവനകൾ യഥാർഥ്യമാകും. ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം. മറ്റുള്ളവരുടെ എതിർപ്പിനെ അവഗണിക്കും.
മൂലം: സ്ഥാപനത്തിന്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്.
പൂരാടം: വിദ്യാർഥികൾക്ക് ഉത്സാഹക്കുറവ്, ഉദാസീനമനോഭാവം തുടങ്ങിയവ വർധിക്കും. സാമ്പത്തിക നില തൃപ്തികരമാവില്ല. ശത്രുക്കളെ കരുതിയിരിക്കുക. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ്. ശത്രുക്കളെ കരുതിയിരിക്കുക.
ഉത്രാടം: ആരോഗ്യകരമായി കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തികനേട്ടം വരുമെങ്കിലും ചെലവ് വർധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. എടുത്തു ചാട്ടങ്ങൾ കാരണം ക്ലേശങ്ങൾക്ക് സാധ്യതയുള്ളതിനാൽ എടുത്തുചാട്ടം വേണ്ട. വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തി പൂർവം പിൻമാറുക.
തിരുവോണം: ആരോഗ്യനില പൂർണമായും തൃപ്തികരമായിരിക്കില്ല. ഔദ്യോഗികരംഗത്ത് അധികാര പദവിയും ഒപ്പം അധ്വാന ഭാരവും വർധിക്കും. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവം. ആത്മസുഹൃത്തുക്കളിൽ നിന്ന് പ്രതികൂലാനുഭവം ഉണ്ടായേക്കാം.
അവിട്ടം: നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. ഗൃഹത്തിന്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വരും. ദാമ്പത്യജീവതത്തിൽ വിട്ടു വീഴ്ച ചെയ്യണം.
ചതയം: മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വന്തം കഴിവിനും പ്രാപ്തിക്കുമനുസരിച്ച് പ്രവർത്തിക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയും.
പൂരൂരുട്ടാതി: ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്നു സസൂക്ഷ്മം നിരീക്ഷിക്കാതെ ഒന്നിലും ഇടപെടരുത്. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. അശ്രാന്ത പരിശ്രമത്താൽ ലാഭോദ്ദേശ പ്രവൃത്തികളിൽ പകുതി അനുഭവമുണ്ടാകും. പുണ്യകർമങ്ങൾ ചെയ്തും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചും വിഘ്നേശ്വര പ്രീതി നേടുകയും ചെയ്താൽ സർവദോഷഫലങ്ങളും മാറിക്കിട്ടുന്നതാണ്.
ഉത്തൃട്ടാതി: പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനിടവരും. എതിർപ്പുകളെ നയത്തോടെ നേരിടാനായി ശ്രമിക്കും. ഭൂമിയിടപാടുകളിൽ ലാഭമുണ്ടാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സന്താനങ്ങളിൽ നിന്നും സഹായം ഉണ്ടാകും. സന്താനങ്ങൾ മൂലം പ്രശ്സ്തിയും ആദരവും ലഭിക്കും.
രേവതി: കുടുംബത്തിൽ എല്ലാവിധ ശ്രേയസ്സും കാണപ്പെടും. മനസ്സിന് ആനന്ദം നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്. ഇപ്പോഴുള്ള ബിസിനസിൽ കൂടുതൽ വിപുലീകരണം നടത്തും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കടബാധ്യതകൾ കുറഞ്ഞുവരുന്നതായി കാണാം. ജീവിതവിജയത്തിനായി അക്ഷീണം പ്രയത്നിക്കും.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com