ഇൻഡിഗോയുടെ സ്ട്രെച്ചിന് എതിരെ എയർ ഇന്ത്യയുടെ പുതിയ 'ആയുധം'; മെട്രോ റൂട്ടിൽ ഇനി പറക്കുക എയർബസ് 320
Mail This Article
ന്യൂഡൽഹി∙ എയർ ഇന്ത്യയുടെ 5 പ്രധാന മെട്രോ റൂട്ടുകളിൽ ഡിസംബർ 1 മുതൽ എല്ലാ ആഭ്യന്തര നാരോ–ബോഡി സർവീസുകൾക്കും വിസ്താരയുടെ എയർബസ് 320 നിയോ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യമൊരുക്കി യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇൻഡിഗോ മെട്രോ റൂട്ടുകളിൽ ‘ഇൻഡിഗോ സ്ട്രെച്ച്’ എന്ന പേരിൽ ആരംഭിച്ച ബിസിനസ് ക്ലാസ് സർവീസിനെ നേരിടാൻ കൂടിയാണിത്.
വിസ്താരയുടെ ഏറ്റവും മികച്ച വിമാനങ്ങളായിരിക്കും ഈ റൂട്ടിൽ നാരോ–ബോഡി സർവീസുകൾക്കായി ഉപയോഗിക്കുക.വിസ്താര വിമാനങ്ങൾ‘എഐ2’ (AI2) എന്ന ഫ്ലൈറ്റ്കോഡ് ഉപയോഗിക്കുന്നതിനാൽ ഈ റൂട്ടുകളിലെ എല്ലാ നാരോ–ബോഡി എയർ ഇന്ത്യ സർവീസുകളുടെയും കോഡ് ഈ രീതിയിലായിരിക്കും. ഇതോടെ ഈ റൂട്ടുകളിലെ എല്ലാ എയർ ഇന്ത്യ സർവീസുകളിലും ബിസിനസ് ക്ലാസ് (8 സീറ്റ്), പ്രീമിയം ഇക്കോണമി (24 സീറ്റ്), ഇക്കോണമി (132 സീറ്റ്) എന്നിവയുണ്ടാകും.
ഡൽഹിയിൽ നിന്ന് മുംബൈ, ബെംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ എയർ ഇന്ത്യയുടെ ഒന്ന് വീതം വൈഡ്–ബോഡി (വലിയ വിമാനം) സർവീസ് തുടരും.