ADVERTISEMENT

ഓള്‍ഡ് ഡല്‍ഹിയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച സാധാരണ ആണ്‍കുട്ടി...വളര്‍ന്നത് ചാന്ദ്‌നി ചൗക്കില്‍. പിന്നീട് കുടുംബം ബോംബെയിലേക്ക് കുടിയേറി. തുടക്കം മുതല്‍ അവന് താല്‍പ്പര്യം ആയോധനകലയോടായിരുന്നു. കോളജില്‍ ചേര്‍ന്നെങ്കിലും അച്ഛന്‍ ഹരി ഓം ഭാട്ടിയയോട് അവന്‍ പറഞ്ഞു, പഠിത്തം ശരിയാകില്ലെന്ന്...അങ്ങനെ ഡ്രോപ്പ് ഔട്ട്. എന്താ താല്‍പ്പര്യമെന്ന് അച്ഛന്‍...ആയോധന കലയില്‍ പഠനം തുടരണം. സേവ് ചെയ്ത് വച്ച പണമെല്ലാം ചേര്‍ത്ത് അച്ഛന്‍ അവനെ തായ്‌ലന്‍ഡിലേക്ക് പറഞ്ഞുവിട്ടു. 

അതിനോടകം നാട്ടില്‍ നിന്ന് തയ്‌ക്കോന്‍ഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ അവന്‍ ബാങ്കോക്കിലെത്തി പഠിക്കാനാരംഭിച്ചത് മുവയ് തായ് അഥവാ തായ് ബോക്‌സിങ് ആയിരുന്നു. ടോണി ജോയിലൂടെ ലോകത്ത് ജനകീയമായ ആയോധന കല. അഞ്ച് വര്‍ഷത്തോളം കഠിന പഠനം. അവിടെ ഹോട്ടലുകളില്‍ വെയ്റ്ററായും ഷെഫായും ജോലിയെടുത്ത് പണമുണ്ടാക്കി അവന്‍. അതിന് ശേഷം ഇന്ത്യയിലേക്ക് മടക്കം, പിന്നെ കൊല്‍ക്കത്തയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി. അതിന്‌ശേഷം ധാക്കയിലെ ഹോട്ടലില്‍ ഷെഫ്. അവസാനം ബോംബെയിലേക്ക് തിരിച്ചെത്തി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് അയാള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ അച്ഛന്‍ ആ യുവാവിന് മോഡലിങ്ങിന് അവസരമൊരുക്കിയത്. തന്റെ ഒരു മാസത്തെ ശമ്പളത്തേക്കാളും വലിയ തുക രണ്ട് ദിവസത്തെ ഷൂട്ടിങ്ങിലൂടെ അയാള്‍ക്ക് കിട്ടി. അതൊരു കണ്ണ് തുറക്കലായിരുന്നു. പണം പലമടങ്ങായി വര്‍ധിപ്പിക്കാനുള്ള വഴി അന്ന് പഠിച്ചു ആ യുവാവ്. പിന്നീട് മോഡലിങ് വഴി സിനിമയിലേക്ക്... രാജീവ് ഹരി ഓം ഭാട്ടിയ കരാട്ടെ മാഷിന്റെ റോളില്‍ തന്നെ 'ആജ്' എന്ന സിനിമയില്‍ ആദ്യവേഷമണിഞ്ഞു. ബോളിവുഡിലെ കില്ലാഡി സൂപ്പര്‍ ഹീറോ അക്ഷയ് കുമാറിന്റെ തുടക്കമിങ്ങനെയായിരുന്നു. അന്ന് വെയ്റ്റര്‍ ജോലി ചെയ്ത അക്കിയെന്ന അക്ഷയ് കുമാറിന്റെ ഇന്നത്തെ ആസ്തി 2500 കോടി രൂപയാണ്. 

akshay-kumar-3 - 1

ആശ്രയിക്കാവുന്ന താരം, ഉയര്‍ന്ന മൂല്യം

കില്ലാഡി സീരിസുകളിലൂടെ ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന്‍ താരമെന്ന ഖ്യാതി നേടി അക്ഷയ് കുമാര്‍. റൊമാന്‍സും കോമഡിയുമെല്ലാമായി അഭിനയതലം വ്യാപിച്ചതോടെ ഏത് നിര്‍മാതാവിനും കാശ് തിരിച്ചുലഭിക്കുന്ന വിശ്വാസ്യതയും അച്ചടക്കവുമുള്ള താരമായി മാറി അക്ഷയ്. ഹേരാ ഫെരിയും ബൂല്‍ ബുലയ്യയും ഏക് പ്രേം കഥയും പാഡ്മാനും ഒഎംജിയുമെല്ലാം അക്കിയുടെ മൂല്യം കുത്തനെ ഉയര്‍ത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 താരങ്ങളില്‍ അക്ഷയ് കുമാറുണ്ട്. 145 കോടി രൂപ വരെ അദ്ദേഹം ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നു. 

പരസ്യങ്ങളിലൂടെയും കോടികള്‍

40തിലധികം പ്രധാന ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അക്ഷയ് കുമാര്‍ എത്തുന്നു. ഓരോ പരസ്യത്തിനും ആറ് കോടി രൂപയാണ് താരം വാങ്ങുന്നത്. ടാറ്റ മോട്ടോഴ്‌സ്, ഡോളര്‍ ക്ലബ്ബ്, പോളിസി ബസാര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളില്‍ അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

വമ്പന്‍ റിയല്‍റ്റി നിക്ഷേപം

റിയല്‍ എസ്റ്റേറ്റില്‍ അക്ഷയ് കുമാറിന് വമ്പന്‍ നിക്ഷേപമുണ്ട്...2001ല്‍ 9 കോടി മുടക്കിയാണ് മുംബൈയിലെ ജൂഹുവില്‍ താരം ആഡംബര വില്ല വാങ്ങിയത്. ഇപ്പോള്‍ അതിന്റെ മൂല്യം 50 കോടി രൂപയാണ്. മൗറീഷ്യസില്‍ താരത്തിന് ഹോളിഡേ ഹോമും കാനഡയില്‍ അത്യാഡംബര പ്രോപ്പര്‍ട്ടികളുമുണ്ട്. 2017ലാണ് ജുഹുവില്‍ തന്നെ 18 കോടി രൂപ മുടക്കി അത്യാഡംബര അപ്പാര്‍ട്‌മെന്റുകള്‍ താരം വാങ്ങിയത്. 

akshay-kumar-2 - 1

സ്വന്തം നിര്‍മാണ കമ്പനി

ഹരി ഓം എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന പേരില്‍ സ്വന്തം നിര്‍മാണ കമ്പനിയും അക്ഷയ് കുമാറിനുണ്ട്. മികച്ച ലാഭം കൊയ്യുന്ന സംരംഭമാണിത്. സിങ് ഈസ് കിങ്, റൗഡി റാത്തോര്‍, ഹൗസ്ഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ സംരംഭം നിര്‍മിച്ചിട്ടുണ്ട്. 

ആഡംബര കാര്‍ ശേഖരം

അത്യാഡംബര കാറുകളോടും താരത്തിന് പ്രത്യേക മമതയുണ്ട്. റോള്‍സ് റോയ്‌സ് ഫാന്റം VII, റേഞ്ച് റോവര്‍ വോഗ്, ബെന്റ്‌ലി കോണ്ടിനന്റല്‍ ഫ്‌ളയിങ് സ്പര്‍, മെഴ്‌സിഡെസ് ബെന്‍സ് ജിഎല്‍350, വെല്‍ഫയര്‍ തുടങ്ങി നിരവധി മോഡലുകള്‍ താരത്തിന്റെ ഗരാജിലുണ്ട്. 

അക്ഷയ് കുമാറിന്റെ വരുമാനസ്രോതസുകള്‍

∙സിനിമ (അഭിനയം): ഒരു സിനിമയ്ക്ക് വാങ്ങുന്നത് 70 കോടി രൂപ മുതല്‍ 145 കോടി രൂപ വരെ

∙നിര്‍മാണ സംരംഭം: ഹരി ഓം എന്റര്‍ടെയ്ന്‍മെന്റ്, ഗ്രേസിങ് ഗോട്ട് പിക്‌ച്ചേഴ്‌സ് എന്നിങ്ങനെ രണ്ട് നിര്‍മാണ സംരംഭങ്ങളിലൂടെയും മികച്ച വരുമാനം നേടുന്നു. 

അക്ഷയ് കുമാർ (Photo: Instagram/ @akshaykumar)
അക്ഷയ് കുമാർ (Photo: Instagram/ @akshaykumar)

∙പരസ്യങ്ങള്‍: ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളിലൂടെ കോടികള്‍ കൊയ്യുന്നു താരം. 40തിലധികം ബ്രാന്‍ഡുകള്‍ അക്കിയുടെ മുഖം ഉപയോഗിക്കുന്നു. 

∙നിക്ഷേപങ്ങള്‍: റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെയും മറ്റ് ബിസിനസ് നിക്ഷേപങ്ങളിലൂടെയും നേട്ടം കൊയ്യുന്നുണ്ട് അക്ഷയ് കുമാര്‍

English Summary:

From hotel waiter to Bollywood superstar, discover how Akshay Kumar built a 2500 crore empire. Explore his journey, income sources, and incredible success story.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com