താജിനു കൂട്ടായി ഗേറ്റ്‌വേ; ഉടൻ വരും ജിഞ്ചർ: ഡെസ്റ്റിനേഷൻ വെഡ്ഡിങ് കളറാക്കാൻ ബേക്കൽ
Mail This Article
ബേക്കൽ (കാസർകോട്) ∙ ദക്ഷിണേന്ത്യയിലെ മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് ലൊക്കേഷനായി മുന്നേറുന്ന ബേക്കൽ ടൂറിസം മേഖലയിൽ ടാറ്റ ഗ്രൂപ്പിന്റെ രണ്ടാമത്തെ റിസോർട്ടും പ്രവർത്തനമാരംഭിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഡിവിഷനായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്സിഎൽ) ‘ഗേറ്റ്‌വേ’ റിസോർട്ടാണ് പുതിയതായി ആരംഭിച്ചത്. ഇവിടെ 151 മുറികളുണ്ട്. ഐഎച്ച്സിഎലിന്റെ കേരളത്തിലെ ഏറ്റവുമധികം മുറികളുളള റിസോർട്ടാണിത്.
ഐഎച്ച്സിഎലിന്റെ താജ് റിസോർട്സ് നിലവിൽ ബേക്കൽ ഉദുമ കാപ്പിൽ ബീച്ചിൽ 77 മുറികളുമായി പ്രവർത്തിക്കുന്നുണ്ട്. ഗേറ്റ്‌വേയ്ക്കു പുറമെ ജിഞ്ചർ ബ്രാൻഡ് ഹോട്ടൽ 150 മുറികളുമായി ഉദുമ പള്ളത്ത് ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയുമാണ്. ജിഞ്ചർ കൂടി പ്രവർത്തനമാരംഭിച്ചാൽ ബേക്കലിൽ മൂന്നിടത്തായി ആകെ 370ലേറെ മുറികൾ ഐഎച്ച്സിഎലിന് മാത്രം ലഭ്യമാകും. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആവശ്യത്തിനനുസരിച്ച് ബേക്കലിൽ പഞ്ചനക്ഷത്ര മുറികൾ ലഭ്യമല്ലാതിരുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാവും. താജ് റിസോർട്ടിൽ മാത്രം ഈ വർഷം 8 ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടന്നതായി ജനറൽ മാനേജർ ദിനേശ് വർമ പറഞ്ഞു.
ശരാശരി 1.5 കോടി രൂപയാണ് ബേക്കലിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ മുറികൾക്കും വേദിക്കും മാത്രമായി പാർട്ടികൾ ചെലവിടുന്നത്. മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ വിവാഹ പാർട്ടികളെത്തുന്നത്.
30 ഏക്കറോളം സ്ഥലത്ത് 71,551 ചതുരശ്ര അടി ഇൻഡോർ, ഔട്ഡോർ സ്ഥല സൗകര്യമാണ് ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കും ബിസിനസ് കോൺഫറൻസുകൾക്കും മൈസ് ടൂറിസത്തിനുമായി ഗേറ്റ്‌വേ ഹോട്ടലിലുള്ളത്. ബേക്കൽ പുഴയുടെ തീരത്തോടു ചേർന്നുള്ള ലോൺ, റസ്റ്ററന്റ്, ഓപ്പൺ സ്പേസ്, കൺവൻഷൻ സെന്റർ, പൂൾ ബാർ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഗേറ്റ് വേ ജനറൽ മാനേജർ അനൂപ് കുമാർ പറഞ്ഞു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ(ബിആർഡിസി) പാട്ടത്തിനു നൽകിയ സ്ഥലത്താണ് ഐഎച്ച്സിഎലിന്റെ താജ്, ഗേറ്റ്‌വേ റിസോർട്ടുകൾ പ്രവർത്തിക്കുന്നത്. മംഗളൂരു വിമാനത്താവളത്തിൽ നിന്ന് 70 കിലോമീറ്ററും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 101 കിലോമീറ്ററുമാണ് ദൂരം. നിർമാണം പുരോഗമിക്കുന്ന 5 എണ്ണം ഉൾപ്പെടെ നിലവിൽ 20 പ്രോപ്പർട്ടികളാണ് ഐഎച്ച്സിഎലിന് കേരളത്തിൽ ആകെയുള്ളത്. ഇതിൽ നിർമാണത്തിലിരിക്കുന്ന മൂന്നെണ്ണം ഉൾപ്പെടെ 8 എണ്ണം കൊച്ചിയിലാണ്.