സ്വന്തം ഇവിയുമായി ജെഎസ്ഡബ്ല്യു; മൽസരം കൊഴുക്കും
Mail This Article
അങ്ങനെ ചൈനീസ് കമ്പനിക്ക് ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ഔട്ട്‌പോസ്റ്റാകാനല്ല ഞങ്ങളുടെ ഉദ്ദേശ്യം--ജെഎസ്ഡബ്ല്യു മേധാവി സജ്ജന്‍ ജിന്‍ഡല്‍ ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് എംജി മോട്ടോഴ്‌സിന്റെ മാതൃകമ്പനിയായ ചൈനയിലെ സായിക് മോട്ടോറുമായി 10,000 കോടി രൂപയുടെ പങ്കാളിത്ത കരാറില്‍ ജെഎസ്ഡബ്ല്യു ഒപ്പിട്ടത്. എംജി ബ്രാന്‍ഡില്‍ വരുന്ന ഇവികള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും വില്‍ക്കാനുമായിരുന്നു കരാര്‍. ഇന്ത്യയിലെ ശക്തമായ നിയമങ്ങള്‍ കാരണം സായിക്കിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടായിരുന്നു.
സ്റ്റീല്‍, പെയിന്റ്, സിമന്റ് തുടങ്ങി നിരവധി മേഖലകളില്‍ ശക്തമായ ജെഎസ്ഡബ്ല്യുവിന്റെ കേവലമൊരു പങ്കാളിത്ത നീക്കം മാത്രമായിരുന്നില്ല അത്. കഴിഞ്ഞ ദിവസത്തെ സജ്ജന്‍ ജിന്‍ഡലിന്റെ വാക്കുകള്‍ അത് അടിവരയിടുന്നു. ചൈനീസ് കമ്പനിയുടെ കാര്‍ വില്‍ക്കാനല്ല ഓട്ടോമോട്ടിവ് രംഗത്തെത്തിയതെന്നും, സ്വന്തം ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു ഇവി മോഡലുകള്‍ പുറത്തിറക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഇ വി രംഗത്തേയ്ക്ക്
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. ഇവി മേഖലയും രേഖപ്പെടുത്തുന്നത് മികച്ച വളര്‍ച്ചയാണ്. ഈ ബിസിനസ് അവസരം മുതലെടുക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രമുഖ സ്റ്റീല്‍ കമ്പനിയായ ജെഎസ്ഡബ്ല്യുവിന്റെ വരവ്. ജെഎസ്ഡബ്ല്യു ബ്രാന്‍ഡില്‍ തന്നെയായിരിക്കും വാഹനങ്ങള്‍ എത്തുക. നിലവില്‍ ഇന്ത്യന്‍ ഇവി വിപണിയിലെ പ്രധാന കമ്പനികള്‍ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും ഒല ഇലക്ട്രിക്കുമാണ്.
വൻപദ്ധതികൾ
പുതിയ ഓട്ടോമൊബൈല്‍ പദ്ധതിക്കായി മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ 27,200 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇവിടുത്തെ പ്ലാന്റില്‍ മാത്രം 5,200 പുതിയ തൊഴിലവസരങ്ങളുണ്ടാകും.
നിലവില്‍ എംജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരി ഉടമസ്ഥാവകാശം ജെഎസ്ഡബ്ല്യുവിനാണ്. ഒക്‌ടോബര്‍ മാസത്തില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റത് 6019 യൂണിറ്റുകളാണ്. ഇതില്‍ 70 ശതമാനം ഇവികളാണ്. ശ്രദ്ധേയ ഇലക്ട്രിക് ക്രോസ് ഓവറായ വിന്‍ഡ്‌സറിന്റെ 3144 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്കായി. അതേസമയം ചൈന പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇവി വിപണിയുടെ വളര്‍ച്ച അത്ര ആവേശത്തിലല്ല നീങ്ങുന്നത്.
ഇന്ത്യയുടെ മൊത്തം പാസഞ്ചര്‍ കാര്‍ വിപണിയുടെ രണ്ട് ശതമാനം മാത്രമാണ് ഇപ്പോഴും ഇവി വിപണിയുടെ വിഹിതം. എസ് ആന്‍ഡ് പി മൊബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം വാര്‍ഷികാടിസ്ഥാനത്തില്‍ 100,000 യൂണിറ്റ് ഇവികളാണ് രാജ്യത്ത് വിറ്റുപോകുന്നത്.