പവർഹൗസ് ആയി ഐപിഎൽ; 100 മില്യൺ ഡോളർ ക്ലബ്ബിൽ 4 ടീമുകൾ; മുന്നിൽ ചെന്നൈ, ടോപ് 5ൽ ഇടംകിട്ടാതെ സഞ്ജുവിന്റെ റോയൽസ്
Mail This Article
രാജ്യാന്തര കായിക വിനോദരംഗത്തെ (sports entertainment) മിന്നും താരമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടിമാമാങ്കമായ’ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL/ഐപിഎൽ). ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുൻനിര താരങ്ങൾ വിവിധ ടീമുകളിലായി കൊമ്പുകോർക്കുന്ന ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുടെ മൊത്തം ബ്രാൻഡ് മൂല്യം (Cumulative Brand Value) 2024ൽ 13% വളർന്ന് 1,200 കോടി യുഎസ് ഡോളറായെന്നും (ഒരുലക്ഷം കോടി രൂപ) ഇതോടെ ആഗോള സ്പോർട്സ് എന്റർടെയ്ൻമെന്റ് രംഗത്ത് ശ്രദ്ധേയമായ വാണിജ്യ വിജയവുമായി വമ്പൻ പവർഹൗസായി ഐപിഎൽ മാറിയെന്നും ബ്രാൻഡ് ഫിനാൻസിന്റെ (Brand Finance) റിപ്പോർട്ട് വ്യക്തമാക്കി. 2023ൽ മൂല്യം 1,070 കോടി ഡോളറായിരുന്നു (90,500 കോടി രൂപ).
ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി 4 ടീമുകൾ 100 മില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന പ്രത്യേകതയുമുണ്ട്. എം.എസ്. ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പർ കിങ്സ് (CSK/സിഎസ്കെ), ബോളിവുഡിന്റെ കിങ് ഖാൻ ഷാറുഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR/കെകെആർ), വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB/ആർസിബി), രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് (MI/എംഐ) എന്നിവയാണവ. ഇതിൽ സിഎസ്കെയാണ് ബ്രാൻഡ് മൂല്യത്തിൽ മുന്നിൽ. എന്നാൽ, ബ്രാൻഡ് മൂല്യത്തിലെ വളർച്ചാക്കുതിപ്പിൽ മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദും (SRH) ആർസിബിയുമാണ്.
ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് (RR), ഡൽഹി ക്യാപിറ്റൽസ് (DC), പഞ്ചാബ് കിങ്സ് (Punjab Kings), ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans), ലക്നൗ സൂപ്പർ ജയന്റ്സ് (LSG) എന്നിവയാണ് ഐപിഎല്ലിലെ 10 ഫ്രാഞ്ചൈസികൾ. ഇന്ത്യൻ കായികമേഖലയെ തന്നെ പുതിയ കുതിപ്പോടെ മുന്നോട്ട് നയിക്കുന്ന ഐപിഎൽ നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്നത് 12.5 ലക്ഷത്തോളം പേർക്കാണ്. ഇന്ത്യക്ക് പുറമേ യുഎഇ, സൗദി അറേബ്യ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഐപിഎല്ലിന് വൻ വിപണി സ്വാധീനമുണ്ട്.
ഐപിഎല്ലിലെ ടോപ് 5 ടീമുകൾക്ക് മികച്ച വളർച്ചാസാധ്യതയാണുള്ളതെന്നും ആഗോളതലത്തിൽ ഏറെ ശക്തവും ഫുട്ബോൾ ലീഗുകളുമായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇപിഎൽ), ലാ ലീഗ, ബുന്ദസ് ലീഗ, സീരി എ, ലീഗ് വൺ എന്നിവയോട് കിടപിടിക്കുംവിധം വളരാൻ ഇവയുടെ കരുത്തോട ഐപിഎല്ലിന് കഴിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
100 മില്യൺ ക്ലബ്ബിലും പോരാട്ടം പൊടിപൂരം
52% വർധിച്ച് 12.20 കോടി ഡോളറാണ് (1,032 കോടി രൂപ) സിഎസ്കെയുടെ ബ്രാൻഡ് മൂല്യം. ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമായി സിഎസ്കെയെ വളർത്തുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം.എസ്. ധോണിയുടെ സാന്നിധ്യം ഏറെ വലുതാണെന്ന് ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ടിലുണ്ട്.
32% വളർച്ചയുമായി മുംബൈ ഇന്ത്യൻസാണ് രണ്ടാമത്. ബ്രാൻഡ് മൂല്യം 11.90 കോടി ഡോളർ (1,006 കോടി രൂപ) ഓരോ ഐപിഎൽ സീസണിലും ശ്രദ്ധേയമായ പ്രകടനം, ആരാധകബാഹുല്യമുള്ള താരങ്ങളുടെ സാന്നിധ്യം എന്നിവയാണ് എംഐയുടെ കരുത്ത്. 67% വളർച്ചയുമായി 11.70 കോടി ഡോളർ (990 കോടി രൂപ) ബ്രാൻഡ് മൂല്യമുള്ള ആർസിബിക്കാണ് മൂന്നാംസ്ഥാനം. മികച്ച ആരാധക അടിത്തറയാണ് ആർസിബിയുടെയും കരുത്ത്. ബ്രാൻഡ് മൂല്യത്തിൽ ഈ വർഷം ഏറ്റവും മുന്നേറ്റം നടത്തിയാണ് സൺറൈസേഴ്സാണ് (എസ്ആർഎച്ച്); 76%. ടീമിന്റെ ബ്രാൻഡ് മൂല്യം 8.50 കോടി ഡോളർ (719 കോടി രൂപ). ഐപിഎല്ലിലെ അതിവേഗം വളരുന്ന ബ്രാൻഡ് എന്ന പട്ടവുമാണ് ഇതുവഴി ടീം സ്വന്തമാക്കിയിരിക്കുന്നത്.
സിഎസ്കെ ശക്തമായ ബ്രാൻഡ്
മാർക്കറ്റിങ്, താരങ്ങളുടെ ലേലം, ബ്രോഡ്കാസ്റ്റിങ് അവകാശം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് തയാറാക്കിയത്. ബ്രാൻഡ് കരുത്തിൽ എഎഎ (AAA) റേറ്റിങ്ങുമായി സിഎസ്കെയാണ് ഏറ്റവും ശക്തമായ ബ്രാൻഡ് (Strongest IPL Brand). ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സിൽ (BSI/ബിഎസ്ഐ) 100ൽ 89.2 സ്കോറും സിഎസ്കെയ്ക്കുണ്ട്. കെകെആർ, എംഐ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ; ഇരുവർക്കും 77.8 സ്കോർ വീതമാണുള്ളത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് 5-ാം സ്ഥാനമാണുള്ളത്; സ്കോർ 67.9. രാജസ്ഥാന്റെ ബ്രാൻഡ് മൂല്യം 8.1 കോടി ഡോളറുമാണ് (685 കോടി രൂപ).
ഐപിഎല്ലിന്റെ പരമ്പരാഗത ടിവി ആസ്വാദകരെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആസ്വാദകരുടെ എണ്ണം മറികടന്നുവെന്നത് പ്രത്യകതയാണെന്ന് ബ്രാൻഡ് ഫിനാൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ അജിമോൻ ഫ്രാൻസിസ് പറഞ്ഞു. മത്സരങ്ങളിൽ ആഭ്യന്തര ബാറ്റർമാരും ബോളർമാരും വിദേശ താരങ്ങളേക്കാൾ മികവ് പുലർത്തുന്നതും ശ്രദ്ധേയം.
ആർസിബിയുടെ സ്ത്രീശക്തി
ഐപിഎല്ലിന്റെ വിമൻസ് പ്രീമിയർ ലീഗിൽ ഇക്കുറി ചാംപ്യന്മാരായ ആർസിബി വിമൻസ് ടീമിന്റെ വിജയം, ഫ്രാഞ്ചൈസിക്കുമേൽ സ്പോൺസർമാരുടെയും ആരാധകരുടെയും വിശ്വാസ്യത വർധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ആർസിബി വനിതാ ടിമീന്റെ ആദ്യ കിരീടവുമാണിത്. ടിവി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ആസ്വാദകരെ നേടാനും ടീമിനു കഴിഞ്ഞു. സൂപ്പർതാരങ്ങളായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ എന്നിവരുടെ സാന്നിധ്യവും കരുത്താണ്.