പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്, ആദ്യഗഡു 100 കോടി : പകരം 106 ഏക്കർ ഇൻഡസ്ട്രിയൽ കോർപറേഷന്
Mail This Article
തിരുവനന്തപുരം ∙ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്ക് ആദ്യഘട്ടമായി കേന്ദ്രം 100 കോടി രൂപ നൽകും. ഉറപ്പു ലഭിച്ചതോടെ 106 ഏക്കർ കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തിൽ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ കമ്പനിയായ (എസ്പിവി) കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ പേരിലേക്കു മാറ്റി.
പാലക്കാട് ജില്ലയിലെ പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കറിലാണ് സ്മാർട് സിറ്റിയുടെ ഒന്നാം ഘട്ടം വരുന്നത്. രണ്ടാംഘട്ടം പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ സമീപ സ്ഥലങ്ങളിലും. നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ (എൻഐസിഡിസി) സംഘം കേരളത്തിലെത്തി നടത്തിയ ചർച്ചകളെത്തുടർന്നാണു നിർമാണ പ്രവർത്തനം തുടങ്ങാമെന്ന് അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രം ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു.
ഭൂമിയേറ്റെടുക്കലിനു സർക്കാരും പദ്ധതിക്ക് എൻഐസിഡിസിയുമാണു പണം മുടക്കുക. ആകെ 1470 ഏക്കർ ഇതിനകം കിൻഫ്ര ഏറ്റെടുത്തു. ഘട്ടം ഘട്ടമായി കേന്ദ്രം പണം നൽകുന്നതിനൊപ്പം തുല്യമായ തുകയുടെ ഭൂമിയും എസ്പിവിയുടെ പേരിലേക്കു മാറ്റും. പദ്ധതിക്കു പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടൻസിയെ (പിഎംസി) നിശ്ചയിക്കാൻ എൻഐസിഡിസിയും, നിർമാണക്കമ്പനിയെ നിശ്ചയിക്കാൻ എസ്പിവിയും ടെൻഡർ വിളിക്കും.
അങ്കമാലി ഗിഫ്റ്റ് സിറ്റിയും മുന്നോട്ട്
ഇതേ ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റിക്കു (ഗിഫ്റ്റ് സിറ്റി) കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ലെങ്കിലും പദ്ധതിയുമായി കേരളം മുന്നോട്ടുപോകും. 358 ഏക്കർ ഏറ്റെടുക്കുന്നതിന് 840 കോടി രൂപ നൽകാനുള്ള സന്നദ്ധത കിഫ്ബി അറിയിച്ചിരുന്നു.