‘വി ദി യുഎഇ’ 2031 വികസന രേഖ; യുഎഇയിൽ വിതരണം ചെയ്തത് 15 ലക്ഷത്തിലേറെ വ്യാപാര ലൈസൻസുകൾ
Mail This Article
അബുദാബി ∙ യുഎഇയിൽ 15 ലക്ഷത്തിലേറെ വ്യാപാര ലൈസൻസുകൾ വിതരണം ചെയ്തതായി മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. സാമ്പത്തിക സംയോജന സമിതി യോഗത്തിലായിരുന്നു വെളിപ്പെടുത്തൽ.
രാജ്യാന്തര നിലവാരം അനുസരിച്ച് സാമ്പത്തിക മേഖലയുടെ വൈവിധ്യവൽക്കരണത്തിൽ യുഎഇയുടെ വിവേകപൂർണമായ മാർഗനിർദേശം വിജയച്ചതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. ‘വി ദി യുഎഇ’ 2031 വികസന രേഖയുടെ ഭാഗമായി സാമ്പത്തിക മേഖലയിൽ പരിഷ്കരണം നടത്തുകയാണ്. സമഗ്ര സാമ്പത്തിക ഡേറ്റാ ബേസ് വികസിപ്പിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ദേശീയ സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിനും പ്രാദേശിക, രാജ്യാന്തര കമ്പനികളെ ആകർഷിക്കുന്നതിനുമുള്ള നടപടി തുടരും.
നൂതന നിയമനിർമാണത്തിലൂടെ നിക്ഷേപ മേഖല വികസിപ്പിക്കുന്നതിന് ഇക്കണോമിക് ഇന്റഗ്രേഷൻ സമിതി രാജ്യത്തെ വിവിധ വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ടെലിമാർക്കറ്റിങ് സംവിധാനങ്ങളെക്കുറിച്ചും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് സംബന്ധിച്ചും മന്ത്രിസഭയുടെ നിർദേശങ്ങൾ പിന്തുടരുന്നുണ്ടെന്ന് സമിതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ലൈസൻസിങ് സുഗമമാക്കുന്നതിനും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. പരമ്പരാഗത വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ പൈതൃകം സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും സമിതി പ്രവർത്തിക്കും. ഈന്തപ്പഴം, പാൽ, തേൻ, മത്സ്യം തുടങ്ങിയ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളുടെ 'ഉത്ഭവ രാജ്യം' എന്ന യുഎഇയുടെ ആഗോള പ്രശസ്തി വർധിപ്പിക്കുന്ന നടപടികളും രാജ്യം സ്വീകരിക്കുന്നുണ്ട്. ഗവൺമെന്റ് ഡേറ്റ മച്യൂരിറ്റി സൂചികയിൽ സാമ്പത്തിക മന്ത്രാലയത്തിന്റെയും പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുടെയും പ്രകടനം 95.7 ശതമാനം സ്കോർ നേടിയതായും മന്ത്രി സൂചിപ്പിച്ചു. വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, സംരംഭകത്വ സഹമന്ത്രി ആലിയ അബ്ദുല്ല അൽ മസ്റൂഇ, 7 എമിറേറ്റുകളിലെയും പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.