മനസു നിറയ്ക്കുന്ന യാത്രകൾ, വീണ്ടും വരുന്ന യാത്രികർ : ഇത് മൽസരമില്ലാത്ത ബിസിനസ് മോഡൽ
Mail This Article
യാത്ര പോയ വിശേഷങ്ങൾ പറയാൻ എല്ലാവർക്കും ഇഷ്ടമാണ്. തങ്ങളുടെ മനസ് നിറച്ച ആ യാത്രകൾ ചെയ്യാൻ കൂട്ടുകാരേയും ബന്ധുക്കളേയും നിർബന്ധിക്കുകയും ചെയ്യും. അത്തരം കാതോട് കാതോരം സംഭാഷണങ്ങളിലൂടെ ബിസിനസ് വളർന്ന കഥയാണ് ‘ജോൺസ് ഗോ കേരളയ്ക്ക്’ പറയാനുള്ളത്.
ബിസിനസ് ഫാമിലിയിൽ നിന്ന് വന്ന ജോൺ പോൾ ഭാര്യ ഡീന ജോണിനു വേണ്ടി അങ്കമാലിയിൽ ഈ ചെറിയ സംരംഭം തുടങ്ങിയത് 14 വർഷം മുൻപാണ്. നേരമ്പോക്കിനായി തുടങ്ങിയതാണെങ്കിലും യാത്രക്കാരുടെ ഇഷ്ടത്തിനൊത്ത് സുരക്ഷയും ആകർഷകവുമായ യാത്രാ പാക്കേജുകളും നൽകിയതോടെ മൂന്നാം വർഷത്തിൽ സംരംഭം ലാഭത്തിലെത്തി. ഇതു മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം പകർന്നു. അതോടെ വൈവിധ്യവും ആകർഷകവുമായ പാക്കേജുകളുമായി ഇന്ത്യയിലെമ്പാടും അവിസ്മരണീയ യാത്രകളൊരുക്കി ‘ജോൺസ് ഗോ കേരള’ മികച്ചൊരു യാത്രാ സേവനദാതാവായി വളർന്നു.
മൽസരമില്ലാത്ത ബിസിനസ് മോഡൽ
ഈ ഇന്റർനെറ്റ് യുഗത്തിലും 14 വർഷമായി ഫോണിൽ കൂടിയാണ് കൂടുതൽ ബിസിനസും. പ്രതീക്ഷയ്ക്ക് അപ്പുറമുള്ള സൗകര്യങ്ങൾ നൽകി സന്തോഷിപ്പിക്കുന്നതാണ് വളർച്ചയ്ക്ക് കാരണമെന്ന് ജോൺ വിശ്വസിക്കുന്നു. ഓരോ യാത്രയും കഴിയുന്നതോടെ യാത്രക്കാരുടെ നെറ്റ്‌വർക്ക് വളർന്നു പന്തലിച്ചു. ‘മത്സരം ഇല്ലാത്ത ഒരു ബിസിനസ് മോഡൽ’ ആയി വളർത്തിയെടുക്കാൻ സാധിച്ചു. യാത്ര ചെയ്തവർ തന്നെ വേറെ സ്ഥലങ്ങളിലേക്ക് യാത്ര ആവശ്യപ്പെടുന്നതും വേറെ ആളുകളെ കൊണ്ടുവരുന്നതുമാണ് വിജയത്തിന് കാരണം.
യാത്ര ഇഷ്ടത്തിനൊത്ത്
തേക്കടി, മൂന്നാർ, ആലപ്പുഴ, കുമരകം, വർക്കല, തിരുവനന്തപുരം, പൂവാർ, കന്യാകുമാരി, മധുര, രാമേശ്വരം, അതിരപ്പിള്ളി, വാഴച്ചാൽ, കാശ്മീർ, ഉത്തരാഖണ്ഡ്, ഡൽഹി, ആഗ്ര, ജയ്‌പൂർ, ഷിംല, കുളു, മനാലി , ഗോവ, കൂർഗ് മൈസൂരു, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ‘ജോൺസ് ഗോ കേരളയ്ക്ക്’ ഇപ്പോൾ പാക്കേജുകളുണ്ട്.
കുടുംബങ്ങൾക്ക് മാത്രമായും ഗ്രൂപ്പ് ട്രിപ്പുകളും മുതിർന്ന പൗരന്മാർക്കായുള്ള പാക്കേജും യാത്രക്കാരുടെ ഡിമാൻഡിനനുസരിച്ച് ലഭ്യമാക്കും. അമ്പല സന്ദർശനങ്ങളും ആയുർവേദ ചികിത്സക്കുള്ള സൗകര്യങ്ങളും ഹൗസ് ബോട്ട് യാത്രകളും കപ്പൽ യാത്രകളും ഒരുക്കാറുണ്ട്.
എയർപോർട്ട് പിക് അപ്പ്
എയർ പോർട്ട് പിക് അപ്പും ഡ്രോപ്പും സ്ഥലങ്ങൾ കാണിക്കലും അടക്കമാണ് പാക്കേജ്. കൊച്ചി എയർപോർട്ടിനടുത്ത് തന്നെ യാത്രക്കാർക്ക് ഫ്ലാറ്റ് സൗകര്യമുണ്ട്. പരിചയമില്ലാത്ത സ്ഥലത്ത് എയർ പോർട്ടിൽ നിന്ന് ലഭിക്കുന്ന പാക്കേജ് യാത്രികർക്ക് സുരക്ഷിതത്വം ഉറപ്പാക്കും. ചെലവു കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കാനും സഹായിക്കും.
3 സ്റ്റാർ മുതലുള്ള ഹോട്ടലിലും റിസോർട്ടിലുമാണ് താമസം. കേരളത്തിനും രാജ്യത്തിനും പുറത്തുളള യാത്രകൾക്കായി ‘പോൾസ് പാരഡൈസ്’ എന്ന പുതിയ യാത്ര സംരംഭത്തിന്റെ പണിപ്പുരയിലാണ് ഇവർ ഇപ്പോൾ. അതോടെ ജോൺസ് ഗോ കേരള സംസ്ഥാനത്തിനകത്തെ യാത്രാ പാക്കേജുകളിൽ മാത്രം ശ്രദ്ധ കേന്ദീകരിക്കും.
മനസ്സ് നിറയ്ക്കുന്ന യാത്രകൾ, വീണ്ടും വരുന്ന യാത്രികർ, ഓരോ യാത്രക്കാരോടും പുലർത്തുന്ന വ്യക്തിബന്ധങ്ങൾ , ഫോണിലൂടെ കമ്മ്യൂണിക്കേഷൻ എന്നിവയടക്കം ഉപഭോക്താവിന്റെ ഒപ്പം നിന്നുകൊണ്ട് സേവനം ലഭ്യമാക്കുന്നു എന്നതാണ് ജോൺ– ഡീന ദമ്പതികളുടെ വിജയത്തിനു അടിത്തറ.