വളപ്പില കമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Mail This Article
കേരളത്തിലെ 9 നഗരങ്ങളില്‍ ബ്രാഞ്ചുകളുള്ള പരസ്യ ഏജന്‍സി വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോര്‍പ്പറേറ്റ് ഓഫീസ് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്സിലെ ഫാത്തിമ നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ നിര്‍വഹിച്ചു. മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വർഗീസ് സംസാരിച്ചു.
പുത്തന്‍ പള്ളിയുടെ ബസിലിക്ക ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനം പുതിയ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് മാറുമ്പോള്‍ നിരവധി സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലെതന്നെ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഡിജിറ്റല്‍ വിംഗ്, ടിവി, റേഡിയോ, പ്രിന്റ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം സെക്ഷനുകള്‍, എഴുപതിലധികം വിദഗ്ദ്ധരായ സ്റ്റാഫുകളുടെ കരുത്തുറ്റ ടീം, ഏറ്റവും മികച്ച ആര്‍ട്ട് സ്റ്റുഡിയോ അങ്ങനെ അത് നീളുന്നു. പത്രം, ടിവി, റേഡിയോ, ഡിജിറ്റല്‍ മീഡിയ തുടങ്ങി പരസ്യ രംഗത്തെ എല്ലാ സേവനങ്ങളും ഏറ്റവും പ്രൊഫഷണല്‍ ആയി നിര്‍വഹിക്കുന്ന വിദഗ്ധരായ ടീമുകള്‍ കോര്‍പ്പറേറ്റ് ഓഫീസിന്റെ സേവനത്തെ കൂടുതല്‍ അതുല്യമാക്കുന്നു.
കോർപ്പറേറ്റ് ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോസ് ആലുക്കാസ്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, മലയാള മനോരമ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചാണ്ടി, ഫിലിം ആക്ടര്‍ സിജോയ് വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. വളപ്പില കമ്യൂണിക്കേഷന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ് വളപ്പില, ജയിംസ് ജെയിംസ് വളപ്പില ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍, ഗോപു നന്തിലത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഗോപു നന്തിലത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഓഫീസ് സന്ദര്‍ശിച്ചു.
40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാദര്‍ വടക്കന്‍ സ്ഥാപിച്ച തൊഴിലാളി പത്രത്തിലെ പത്രപ്രവര്‍ത്തകനും സാമൂഹ്യ സേവന രംഗത്തെ വ്യക്തിത്വവുമായിരുന്ന പോള്‍ വളപ്പില ചെറിയ രീതിയില്‍ തുടക്കമിട്ട പരസ്യ സ്ഥാപനമായിരുന്നു വളപ്പില കമ്മ്യൂണിക്കേഷന്‍സ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലൂടെയും സര്‍പ്പണത്തിലൂടെയും വളര്‍ച്ചയുടെ ഓരോ പടവുകളും വളപ്പില കമ്യൂണിക്കേഷന്‍സ് വിജയകരമായി പിന്നിട്ടു. അദ്ദേഹത്തിന് കൂട്ടായി മക്കളായ ജോണ്‍സ് വളപ്പിലയും ജെയിംസ് വളപ്പിലയും ചേര്‍ന്നത്തോടെ വളപ്പില കമ്മ്യൂണിക്കേഷന്‍സ് കൂടുതല്‍ കരുത്തുറ്റതായി. തുടര്‍ന്ന് വൈവിധ്യമായ സേവനങ്ങളിലൂടെ പുതിയ ഉയരങ്ങളിലേക്ക് വളപ്പില കമ്യൂണിക്കേഷന്‍സ് കുതിച്ചു. ഇപ്പോള്‍ പുതിയ തലമുറയായ പോള്‍ വളപ്പിലയിലൂടെയും ലിയോ വളപ്പിലയിലൂടെയും അത് കൂടുതല്‍ മികവോടെ പ്രയാണം തുടരുന്നു.