ADVERTISEMENT

സ്വന്തമായൊരു വീട് എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. അടച്ചുറപ്പുള്ള വീട്ടിൽ മനസമാധാനത്തോടെ അന്തിയുറങ്ങുന്നതിനോളം സ്വസ്ഥത ലഭിക്കുന്ന മറ്റെന്തുണ്ട്. കാലത്തിനനുസരിച്ചുള്ള രൂപമാറ്റവും വിസ്തൃതിയും കൂടുതലുള്ള വീടുകളാണ് മലയാളികൾ ഇന്ന് പണിതുയർത്തുന്നത്. ജീവിതകാലത്തിൽ ഒരിക്കൽ പൂർത്തീകരിക്കുന്ന സ്വപ്നവീടിനു ചാരുതയും ഉറപ്പും വർധിക്കണമെന്ന നിർബന്ധവും മലയാളിക്കുണ്ട്. 

അതിനായി ബാങ്കുകളിൽനിന്നും ഇതര ധനസ്ഥാപനങ്ങളിൽനിന്നും ഭവനവായ്പകൾ എടുക്കുന്നവരും കുറവല്ല. ഇടപാടുകാരുടെ താൽപര്യങ്ങൾക്കനുസൃതമായി, ആകർഷകമായ പലിശനിരക്കോടെ വായ്പകൾ നൽകാൻ ഇത്തരം സ്ഥാപനങ്ങൾ തയാറാണ്. കണക്കുകൾ പ്രകാരം ഭവനവായ്പ മേഖലയിൽ ഗണ്യമായ വർധനവാണുണ്ടാകുന്നത്. 

ഭവനവായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം;

Representative Image. Photo credit : New Africa/ Shutterstock.com.
Representative Image. Photo credit : New Africa/ Shutterstock.com.

∙വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതകൾ

വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭവന വായ്പകൾ അനുവദിക്കുന്നത്. പ്രധാനമായും ശമ്പളത്തിന്റെയും മറ്റു വരുമാന സ്രോതസ്സുകളുടെയും കണക്ക് നൽകണം. തിരിച്ചടവിനുള്ള ശേഷിക്ക് പുറമേ, വായ്പ എടുക്കുന്ന ആളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക സാഹചര്യം, പങ്കാളിയുടെ വരുമാനം എന്നിവയും പരിശോധിക്കും. യോഗ്യതയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗത്തിലുള്ള വായ്പകൾ അനുവദിക്കും.

∙വിവിധതരം പലിശനിരക്കുകൾ

അഡ്ജസ്റ്റബൾ ഫ്ലോട്ടിങ് റേറ്റ് ലോണുകൾ:- എടുക്കുന്ന വായ്പയെയും തിരിച്ചടവ് സമയത്തുള്ള പലിശനിരക്കിനെയും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്ന ലോണുകളാണ് ഫ്ലോട്ടിങ് റേറ്റ് വായ്പകൾ. മിക്കവാറും റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്ലോട്ടിങ് റേറ്റ് നിശ്ചയിക്കുന്നത്. ബെഞ്ച്മാർക്ക് നിരക്കിന്റെ ഏറ്റക്കുറച്ചിലുകൾ പലിശനിരക്കിനെയും ബാധിക്കും.

ഫിക്സഡ് റേറ്റ് ലോണുകൾ:- വായ്പയുടെ തിരിച്ചടവ് കാലാവധി മുഴുവനും നിശ്ചിത പലിശ നിരക്ക് ഏർപ്പെടുത്തിയിട്ടുള്ള വായ്പകളാണിവ. കാലാവധി കഴിയുംവരെ പലിശനിരക്കിന് മാറ്റമുണ്ടാകില്ല. ഉദാഹരണത്തിന്, 10% പലിശനിരക്കിൽ ഒരാൾ ഭവനവായ്പ എടുക്കുകയാണെങ്കിൽ തിരിച്ചടവ് കാലം മുഴുവനും പലിശനിരക്ക് 10% തന്നെയാകും. 

credit-loan - 1

റിപ്പോ നിരക്കിന്റെ ഏറ്റക്കുറച്ചിലുകൾ ഇത്തരം വായ്പകളുടെ പലിശനിരക്കിനെ ബാധിക്കില്ല.

ഹൈബ്രിഡ്  ലോണുകൾ:- വായ്പയുടെ ഒരുഭാഗം നിശ്ചിത പലിശ നിരക്കിലും ബാക്കി തുക ക്രമീകരിക്കാവുന്നതുമായ ലോണുകളാണ് കോമ്പിനേഷൻ ലോണുകൾ.

∙വായ്പയായി എത്ര തുക ലഭിക്കും?

ഈടു നൽകുന്ന വസ്തുവിന് ആനുപാതികമായി 90% വരെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ ഇന്നുണ്ട്. വായ്‌പയെടുക്കുന്ന വ്യക്തിയുടെ കൊളാറ്ററൽ കവറേജും തിരിച്ചടവുശേഷിയുമാണ് പ്രധാനമായും ധന സ്ഥാപനങ്ങൾ പരിശോധിക്കുന്നത്. 

നിലവിൽ മറ്റു വായ്പകൾ ഉള്ള വ്യക്തികൾ അവയെല്ലാം തീർത്തതിനുശേഷം ഹോം ലോണിന് അപേക്ഷിക്കുന്നതാകും നല്ലത്. 

ഇത് ഹോം ലോണിലേക്കുള്ള നിങ്ങളുടെ തിരിച്ചടവ് ശേഷി തെളിയിക്കുന്നതിനും പരമാവധി തുക വായ്പയായി ലഭിക്കുന്നതിനും സഹായിക്കും.

∙പ്രതിമാസ തവണകൾ (ഇഎംഐ)

തിരിച്ചടവ് സമയത്ത് ഇടപാടുകാരൻ നൽകേണ്ട തുല്യമായ പ്രതിമാസ ഗഡുവാണ് ഇഎംഐ. പലിശ നിരക്കിനെയും വായ്പ കാലാവധിയെയും ആശ്രയിച്ചാണ് ഇഎംഐ കണക്കാക്കുന്നത്. 

ഇടപാടുകാരന്റെ പ്രായത്തെയും വരുമാനത്തെയും കണക്കാക്കി ഇഎംഐ കാലാവധികൾക്ക് മാറ്റമുണ്ടാകും.

Home-Loan-EMI-0

∙ഡോക്യുമെൻ്റേഷൻ

കെവൈസി മാനദണ്ഡപ്രകാരമുള്ള രേഖകൾക്കു പുറമേ, വരുമാന സർട്ടിഫിക്കറ്റ്, ഇൻകം ടാക്സ് റിട്ടേണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയും സമർപ്പിക്കണം. ഈടായി നൽകുന്ന വസ്തുവിന്റെ അസ്സൽ രേഖകളും അനുബന്ധ വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്.

∙ഇൻഷുറൻസ്

മരണം, പ്രകൃതിക്ഷോഭം, മാരക അസുഖങ്ങൾ തുടങ്ങി ദൗർഭാഗ്യകരമായ സാഹചര്യങ്ങളിൽ ഭവനവായ്പകൾ ബാധ്യത ആകാതിരിക്കാൻ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് നല്ലതാണ്. എടുക്കുന്ന മുഴുവൻ തുകയ്ക്കും ഇൻഷുറൻസ് കവറേജ്‌ ഇന്ന് വിപണിയിൽ ലഭ്യമാണ്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റീട്ടെയ്ൽ അസറ്റ്സ്  മേധാവിയും ചീഫ് ജനറൽ മാനേജരുമാണ് ലേഖകൻ

English Summary:

Learn everything about housing loans in Kerala, including eligibility criteria, interest rates, loan amounts, EMIs, documentation, and insurance. Apply for a home loan today!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com