ബിഗ് ബിയും കിങ് ഖാനുമല്ല; ബ്രാൻഡുകളുടെ ക്രീസിൽ 'തല'വൻ ധോണി; കോലിയെ പിന്തള്ളി ഗാംഗുലി, ടോപ് 10ൽ സച്ചിൻ ഇല്ലേ?
Mail This Article
സിനിമയിലും കായികരംഗത്തുമെന്നതുപോലെ സെലബ്രിറ്റികൾ തിളങ്ങുന്ന മേഖലയാണ് പരസ്യങ്ങളും. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും സെലബ്രിറ്റികൾക്കിടയിൽ ഇപ്പോഴും ഏറ്റവുമധികം കമ്പനികളുമായി (ബ്രാൻഡ്) കരാറിലേർപ്പെട്ടിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി തന്നെ. 2024 ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകൾ പ്രകാരം ടാം മീഡിയ റിസർച്ച് തയാറാക്കിയ പട്ടികയിൽ എം.എസ്. ധോണിക്കാണ് ഒന്നാംസ്ഥാനം.
42 ബ്രാൻഡുകളുമായി ധോണിക്ക് സഹകരണമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിക്ക് ഇപ്പോഴും ആരാധകർക്കിടയിൽ വൻ സ്വാധീനമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023 ജനുവരി-ജൂണിൽ ധോണി ബ്രാൻഡ് അംബാസഡർ ആയിരുന്ന കമ്പനികൾ 32 എണ്ണം മാത്രമായിരുന്നു. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനുമായി സഹകരിക്കുന്നത് 41 ബ്രാൻഡുകൾ. 34 എണ്ണവുമായി കിങ് ഖാൻ ഷാറുഖ് ഖാൻ മൂന്നാമതാണ്.
പട്ടികയിൽ ആദ്യ 10ൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ ഇല്ലെന്നതാണ് കൗതുകം. 31 ബ്രാൻഡുകളുമായി കരീന കപുർ ആണ് നാലാമത്. അക്ഷയ് കുമാർ 28 ബ്രാൻഡുകളുമായി 5-ാം സ്ഥാനത്തുണ്ട്. കിയാറ അഡ്വാനിയാണ് ആറാമത്; ബ്രാൻഡുകൾ 27. മാധുരി ദീക്ഷിത് (25), മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി (24), ബോളിവുഡ് താരം രൺവീർ സിങ് (21) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ക്രിക്കറ്റ് താരവും മുൻ ക്യാപ്റ്റനുമായ വിരാട് കോലി 10-ാം സ്ഥാനത്താണ്. ബ്രാൻഡുകൾ 21.
കോലിയേക്കാൾ മുന്നിലാണ് ഗാംഗുലി എന്നതും കൗതുകം. മാത്രമല്ല, കഴിഞ്ഞവർഷത്തെ സമാനകാലത്തെ 29 എണ്ണത്തിൽ നിന്നാണ് ഈ വർഷം കോലിക്കൊപ്പമുള്ള ബ്രാൻഡുകളുടെ എണ്ണം 21ലേക്ക് കുറഞ്ഞതെന്നും റിപ്പോർട്ട് പറയുന്നു. ബിഗ് ബിയുടെ ബ്രാൻഡ് സഹകരണം 40ൽ നിന്നാണ് 41ലേക്ക് ഉയർന്നത്. ഷാറുഖിനൊപ്പം 2023 ജനുവരി-ജൂണിൽ 21 ബ്രാൻഡുകളേ ഉണ്ടായിരുന്നുള്ളൂ.
മാധുരി ദീക്ഷിതിനൊപ്പമുള്ള ബ്രാൻഡുകളുടെ എണ്ണം 15ൽ നിന്ന് ഈവർഷം 25 ആയി. ഗാംഗുലിക്ക് മൂന്ന് ബ്രാൻഡുകൾ കുറഞ്ഞു. രൺവീർ സിങ്ങിനും 6 ബ്രാൻഡുകൾ കുറഞ്ഞിട്ടുണ്ട്. താരങ്ങൾ ബ്രാൻഡ് അംബാസഡർമാരായതും അവർ വാണിജ്യ ക്യാമ്പയിനുകളിൽ (കൊമേഴ്സ്യൽ അട്വർടൈസ്മെന്റ്സ്) സഹകരിക്കുന്നതുമായ കണക്കാണിത്. വിവിധ പ്രൊമോഷണൽ ക്യാമ്പയിനുകൾ, സോഷ്യൽ മീഡിയ പരസ്യങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നില്ല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business