‘പ്രിന്റഡ് ബുക് പോസ്റ്റ്’ സേവനം അവസാനിപ്പിച്ച് തപാൽ വകുപ്പ്; അയയ്ക്കാനുള്ള ചെലവ് ഇരട്ടിയിലേറെയാകും!
Mail This Article
കൊച്ചി∙ അച്ചടിച്ച പുസ്തകങ്ങളും മാസികകളും ആവശ്യക്കാർക്ക് അയയ്ക്കുന്ന ‘പ്രിന്റഡ് ബുക് പോസ്റ്റ്’ സേവനം തപാൽ വകുപ്പ് പൊടുന്നനെ അവസാനിപ്പിച്ചു. ഇനി റജിസ്റ്റേഡ് പോസ്റ്റ് ആയാണു പുസ്തകങ്ങളും മാസികകളും കണക്കാക്കപ്പെടുക. ഇതോടെ അയയ്ക്കാനുള്ള ചെലവ് ഇരട്ടിയിലേറെയാകും. ഇന്നലെ പ്രാബല്യത്തിൽ വന്ന മാറ്റത്തിൽ നിലവിലെ പല സേവനങ്ങളുടെയും പേരുകളിൽ തപാൽവകുപ്പ് മാറ്റംവരുത്തി. ഇതുവരെ റജിസ്റ്റേഡ് ബുക് പാക്കറ്റ് എന്നറിയപ്പെട്ടിരുന്ന സേവനം ഇനി ബുക് പോസ്റ്റ് ആകും. പേരു മാറിയ മറ്റു സേവനങ്ങൾ. ബ്രായ്ക്കറ്റിൽ പുതിയ പേര്. റജിസ്റ്റേഡ് പീരിയോഡിക്കൽ (പീരിയോഡിക്കൽ പോസ്റ്റ്), റജിസ്റ്റേഡ് പാഴ്സൽ (ഇന്ത്യ പോസ്റ്റ് പാഴ്സൽ റീട്ടെയ്ൽ), ബിസിനസ് പാഴ്സൽ (ഇന്ത്യ പോസ്റ്റ് പാഴ്സൽ കോൺട്രാക്ച്വൽ), വിപിപി (സിഒഡി റീട്ടെയ്ൽ).
റജിസ്റ്റേഡ് പ്രിന്റഡ് ബുക്സ് സേവനവും റജിസ്റ്റേഡ് പാറ്റേൺ ആൻഡ് സാംപിൾ പാക്കറ്റ് സേവനവും ഇനി ഉണ്ടാകില്ല. റജിസ്റ്റേഡ് കത്തുകളുടെ പരമാവധി ഭാരം 2,000 ഗ്രാം എന്നത് 500 ഗ്രാം ആക്കി കുറച്ചു. മണി ഓർഡർ സേവനത്തിലും മാറ്റമുണ്ട്. ഇലക്ട്രോണിക് മണി ഓർഡർ സേവനം വഴി പരമാവധി അയയ്ക്കാവുന്ന തുക 5000 രൂപ എന്നതു 10,000 രൂപയാക്കി. ഇനി നാലു മൂല്യങ്ങളിലുള്ള ഇന്ത്യൻ പോസ്റ്റൽ ഓർഡറുകളേ ഉണ്ടാകൂ. 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെയുള്ള പോസ്റ്റൽ ഓർഡറുകൾ മാത്രം നിലനിർത്തി.
പ്രിന്റഡ് ബുക് പോസ്റ്റ് സേവനം നിർത്തി റജിസ്റ്റേർഡ് പാഴ്സലാക്കിയതോടെ ലൈബ്രറികൾ, പ്രസിദ്ധീകരണ ശാലകൾ തുടങ്ങിയവയടക്കമുള്ള ഉപയോക്താക്കൾക്കു പതിറ്റാണ്ടുകളായി ലഭിച്ചുവന്ന സേവനമാണ് ഇല്ലാതായത്. 600 ഗ്രാം ഉരുപ്പടി അയയ്ക്കാൻ കഴിഞ്ഞ ദിവസംവരെ 21 രൂപ നൽകേണ്ടി വന്നത് ഇന്നലെ മുതൽ 61 രൂപയായി. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച സേവനമാണു പ്രിന്റഡ് ബുക് പോസ്റ്റ്. ആനുകാലികങ്ങൾ അയക്കാൻ ‘പിരിയോഡിക്കൽ പോസ്റ്റ്’ എന്ന പ്രത്യേക സംവിധാനം ഏർപ്പെടുത്തും. പോസ്റ്റ് കാർഡുകൾ റജിസ്റ്റേഡ് ആയി അയയ്ക്കാനുള്ള സംവിധാനവും സജ്ജമാകും.