സൗത്ത് ഇന്ത്യൻ ബാങ്കും കലാമണ്ഡലവും ചേർന്ന് കലാസന്ധ്യ ഒരുക്കുന്നു
Mail This Article
കേരളീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം 'കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിങ് ട്രെഡിഷൻസ്' എന്ന പേരിൽ പുതുമയാർന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് 2 മണിമുതൽ പുലർച്ചെ 1 മണിവരെ ഭാരതപ്പുഴയോട് ചേർന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത്.
കലാമണ്ഡലത്തിൻ്റെ വരുംകാല പ്രവർത്തനങ്ങൾക്ക് ഊർജ്ജവും മാർഗവും നൽകുവാൻ താൽപ്പര്യപ്പെടുന്നവർക്കായി വാതായനങ്ങൾ തുറന്നുകൊടുക്കുക എന്ന ചരിത്രപ്രാധാന്യമുള്ള ദൗത്യത്തിന് തുടക്കം കുറിക്കുന്നു എന്നുള്ളതാണ് പ്രധാന സവിശേഷത എന്ന് കേരള കലാമണ്ഡലം റജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി പറഞ്ഞു. കല, സംസ്ക്കാരം എന്നിവയെ സംരക്ഷിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഗൗരവമായ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ആസ്ഥാനമായ ബാങ്കെന്ന നിലയിൽ ഈ നാടിന്റെ മഹത്തായ കലാ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സൗത്ത് ഇന്ത്യൻ ബാങ്ക് എക്കാലവും പ്രതിബദ്ധരായിരിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ പറഞ്ഞു.
കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ എന്നീ കലകളെ പരിരക്ഷിക്കുക, പരിപാലിക്കുക, പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി മഹാകവി വള്ളത്തോളിൻ്റെ നേതൃത്വത്തിൽ 1930ൽ സ്ഥാപിതമായ കലാമണ്ഡലം, ഇന്ത്യയിലെപ്രശസ്ത കലാസ്ഥാപനങ്ങളിൽ ഒന്നാണ്.
വിവിധ കലാരൂപങ്ങളിൽ പ്രാവീണ്യം നേടിയ കലാമണ്ഡലത്തിലെയും ക്ഷണിക്കപ്പെട്ടവരുമായ കലാകാരന്മാർ നിള ക്യാംപസിൽ ഒരുക്കുന്ന കലാപ്രദർശനത്തിന്റെ ഭാഗമാകും. കഥകളി, മോഹിനിയാട്ടം, കഥകളി മോജോ തുടങ്ങിയ അവതരണങ്ങൾക്ക് പുറമെ, കഥകളിയുടെ ആഹാര്യ സൗന്ദര്യ രീതികളെ അധിഷ്ഠിതമാക്കി പ്രത്യേകം രൂപകൽപന ചെയ്ത ഭക്ഷണം, ഫാഷൻ, കരകൗശല ഉൽപന്നങ്ങൾ എന്നിവയുമുണ്ടാകും. സൗത്ത് ഇന്ത്യൻ ബാങ്ക് റീറ്റെയ്ൽ ഹെഡ് ബിജി എസ് എസ്, മാർക്കറ്റിങ് ഹെഡ് രമേഷ് കെ പി, കഥകളിലൂടെ കലാമണ്ഡലം ക്യൂറേറ്റർ ലക്ഷ്മി മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.