സ്വർണവിലയെ ഇനി കാത്തിരിക്കുന്നത് ഇടിവിന്റെ നാളുകളോ? ഇന്ന് വില കുറഞ്ഞു; യുഎസിന്റെ പലിശനയം വൈകിട്ട് അറിയാം
Mail This Article
സ്വർണവില ഇനി താഴേക്കാണോ നീങ്ങുക? ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ 2024ലെ അവസാന പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം (0.25%) കുറയ്ക്കാൻ 95 ശതമാനത്തിലധികം സാധ്യതയാണ് നിലവിൽ വിപണി കാണുന്നത്. പലിശ കുറയുന്നത് സ്വർണത്തിനാണ് നേട്ടമെന്നിരിക്കേ, വില കൂടേണ്ടതാണെങ്കിലും ഇന്ന് രാജ്യാന്തര വിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കുറയുകയാണുണ്ടായത്. എന്തുകൊണ്ട്?
കേരളത്തിൽ ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 7,135 രൂപയായി. പവന് 120 രൂപ താഴ്ന്ന് വില 57,080 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,890 രൂപയായി. വെള്ളി വില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. ഇന്നലെ ഔൺസിന് 2,650 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില, ഇന്ന് 2,643 ഡോളറിലേക്ക് വീണു. ഇത് കേരളത്തിലും വില കുറയാനിടയാക്കി.
യുഎസ് ഫെഡും പലിശയും
യുഎസ് ഫെഡ് ഇന്ന് അടിസ്ഥാന പലിശനിരക്ക് 0.25% കുറച്ചാലും തൽകാലം സ്വർണവില കുതിക്കില്ലെന്ന സൂചനയാണ് വിപണി നൽകുന്നത്. കാരണം, 2025ൽ പലിശനിരക്ക് കുറയ്ക്കാൻ ഫെഡ് തയാറായേക്കില്ലെന്ന് നിരീക്ഷകർ കരുതുന്നു. അതിനുള്ള മുഖ്യകാരണക്കാരൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്. അദ്ദേഹത്തിന്റെ സാമ്പത്തികനയങ്ങൾ പൊതുവേ പണപ്പെരുപ്പം കൂടാനിടയാക്കുന്നതാകുമെന്ന് ഫെഡ് കരുതുന്നു. ട്രംപിന്റെ കഴിഞ്ഞ ഭരണകാലത്ത് അതായിരുന്നു സ്ഥിതി.
നികുതിനിരക്കുകൾ കുറച്ചും ഗവൺമെന്റിന്റെ സാമ്പത്തികച്ചെലവുകൾ കൂട്ടിയുമുള്ള പ്രവർത്തനത്തിനാകും ട്രംപ് ഊന്നൽ നൽകിയേക്കുക. ഇത് ഗവൺമെന്റിനെ കൂടുതൽ കടമെടുക്കാനും നിർബന്ധിതരാക്കും. അതിനായി കൂടുതൽ കടപ്പത്രങ്ങളും ഇറക്കേണ്ടി വരും. ഇത്തരത്തിൽ, വിലയിരുത്തപ്പെടുന്നതിനാൽ യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) മെച്ചപ്പെടുന്നതുമാണ് നിലവിൽ സ്വർണവിലയെ പിന്നോട്ട് നയിക്കുന്നത്.
അപ്പോൾ ഇനി വില കൂടില്ലേ?
ട്രംപിന്റെ നയങ്ങളും യുഎസിലെ നിലവിലെ സാമ്പത്തികചലനങ്ങളും സ്വർണവിലയിൽ താൽകാലിക ഇടിവിനോ വിലസ്ഥിരതയ്ക്കോ വഴിവയ്ക്കാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. രാജ്യാന്തര വില 2,655 ഡോളർ ഭേദിച്ചാൽ അതുപക്ഷേ, ചെന്നുനിൽക്കുക 2,700 ഡോളർ നിലവാരത്തിലാകുമെന്ന് കരുതുന്നു. അതേസമയം, താഴേക്കാണ് വില നീങ്ങുന്നതെങ്കിൽ 2,613 ഡോളർ വരെ എത്താനും സാധ്യതയുണ്ട്.
ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ഡിമാൻഡ് കൂടുന്നതും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവില്ലാത്തതും സ്വർണത്തിന് കരുത്താണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമൂലം ഇറക്കുമതിച്ചെലവ് വർധിക്കുന്നതും ഇന്ത്യയിൽ ആഭ്യന്തര സ്വർണവില കൂടിനിൽക്കാൻ ഇടവരുത്തും. ഫലത്തിൽ, താൽകാലിക ശമനമുണ്ടാകുമെങ്കിലും വരുംനാളുകളിൽ സ്വർണവില ആഭ്യന്തര, രാജ്യാന്തരതലത്തിൽ കയറ്റിറക്കങ്ങൾ നേരിടാനാണ് സാധ്യതയേറെയെന്നും നിരീക്ഷകർ പറയുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business