നവംബറിൽ പൊന്നാണ് താരം! വിലക്കയറ്റത്തിനിടയിലും സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടി ഇന്ത്യ, ‘കമ്മിഭാരം’ മേലോട്ട്
Mail This Article
ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യ, നവംബറിൽ ഇറക്കുമതി ചെയ്തത് 1,486 കോടി ഡോളറിന്റെ (ഏകദേശം 1.26 ലക്ഷം കോടി രൂപ) സ്വർണം. ഇതു റെക്കോർഡാണ്. 2023 നവംബറിലെ 344 കോടി ഡോളറിനെ (28,750 കോടി രൂപ) അപേക്ഷിച്ച് 331% അധികം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വില വൻതോതിൽ കൂടിനിന്നിട്ടും കഴിഞ്ഞമാസം ഇറക്കുമതി കുത്തനെ കൂടുകയായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ-നവംബർ കാലയളവിൽ 4,900 കോടി ഡോളറിന്റെ (4.14 ലക്ഷം കോടി രൂപ) സ്വർണം ഇറക്കുമതി ചെയ്തു. മുൻവർഷത്തെ സമാനകാലത്ത് 3,293 കോടി ഡോളറായിരുന്നു (2.75 ലക്ഷം കോടി രൂപ). 2023നെ അപേക്ഷിച്ച് ഈ വർഷം സ്വർണവില വൻതോതിൽ കൂടിയെങ്കിലും, ഇക്കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നവംബറിൽ വില റെക്കോർഡുകളിൽ നിന്ന് താഴെയിറങ്ങിയിരുന്നു. ഈ അവസരം മുതലെടുത്താണ് ഇറക്കുമതി വർധന.
ഇന്ത്യയിലേക്ക് ഏറ്റവുമധികം (40%) സ്വർണം എത്തുന്നത് സ്വിറ്റ്സർലൻഡിൽ നിന്നാണ്. 16 ശതമാനവുമായി യുഎഇ രണ്ടാമതും 10 ശതമാനവുമായി ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്.
എന്തുകൊണ്ട് പൊന്നിനിത്ര ഡിമാൻഡ്?
കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണനിക്ഷേപങ്ങൾ ഏകദേശം 20-25% ആദായം (റിട്ടേൺ) നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. സ്വർണനിക്ഷേപത്തിന് പ്രീതി കൂടിയതും സ്വർണാഭരണങ്ങൾക്ക് ഉത്സവകാല ഡിമാൻഡ് ഏറിയതും ഇറക്കുമതി കൂടാനിടയാക്കി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞുനിൽക്കുന്നതിനാൽ മറ്റ് നിക്ഷേപ പദ്ധതികളെ സംബന്ധിച്ച് ആശങ്കകൾ ഉയർന്നതും സ്വർണനിക്ഷേപത്തിൽ താൽപര്യം വർധിപ്പിച്ചു.
റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്. കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ബജറ്റിൽ വെട്ടിക്കുറച്ചതും ഇറക്കുമതി വർധിക്കാനുള്ളൊരു കാരണമാണ്. അതേസമയം, കഴിഞ്ഞമാസം ഇന്ത്യയുടെ ആഭരണ (ജെം ആൻഡ് ജ്വല്ലറി) കയറ്റുമതി 25.32% ഇടിഞ്ഞ് 1,743 കോടി ഡോളറുമായി (1.45 ലക്ഷം കോടി രൂപ).
എന്താണ് തിരിച്ചടി?
സ്വർണം ഇറക്കുമതി കൂടുന്നത് കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും തിരിച്ചടിയാണ്. ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടുമെന്നതാണ് കാരണം. നവംബറിൽ ഇന്ത്യയുടെ മൊത്തം വാണിജ്യാധിഷ്ഠിത കയറ്റുമതി വരുമാനം 4.9% താഴ്ന്ന് 3,211 കോടി ഡോളറായിരുന്നു. എന്നാൽ, ഇറക്കുമതി 27% കുതിച്ച് 6,995 കോടി ഡോളറായി. അതായത്, 3,784 കോടി രൂപയുടെ വ്യാപാരക്കമ്മി (ട്രേഡ് ഡെഫിസിറ്റ്). റെക്കോർഡാണിത്.
2,390 കോടി ഡോളർ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് വ്യാപാരക്കമ്മി 3,700 കോടി ഡോളറിന് മുകളിൽ എത്തിയത്. വ്യാപാരക്കമ്മി കൂടിയാൽ ഇന്ത്യയുടെ വിദേശനാണയ വരുമാനവും കുറയും. ഇത്, സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്. സ്വർണം ഇറക്കുമതി വരുംമാസങ്ങളിലും ഉയർന്നുനിന്നാൽ, നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രം കടന്നേക്കാം. വരുന്ന ബജറ്റിൽ ഇറക്കുമതി തീരുവ അൽപം കൂട്ടാനും കേന്ദ്രം മുതിർന്നേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business