ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരം; രൂപയുടെ മൂല്യം 85ന് തൊട്ടടുത്ത്
Mail This Article
കൊച്ചി∙ ഡോളറിനെതിരെ വീണ്ടും മൂല്യമിടിഞ്ഞ് ഇന്ത്യൻ കറൻസി. ഇന്നലെ 11 പൈസ കൂടി ഇടിഞ്ഞതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.91 ആയി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഓഹരി വിപണികളിലെ നഷ്ടമാണ് രൂപയുടെ ഇന്നലത്തെ ഇടിവിന്റെ പ്രധാന കാരണം. ഡോളർ ഇൻഡക്സിൽ നേരിയ ഇടിവുണ്ടായതോടെ അമേരിക്കൻ ബോണ്ട് വരുമാനത്തിൽ വന്ന വർധനയും രൂപയെ തളർത്തി. നാണ്യവിപണിയിൽ ഡോളറിനെതിരെ 84.83ൽ വ്യാപാരം ആരംഭിച്ച രൂപ വ്യാപാരത്തിനിടെ 84.93 വരെ ഇടിഞ്ഞിരുന്നു.
ഡോണൾഡ് ട്രംപിന് രണ്ടാമൂഴം ഉറപ്പാക്കിയ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കാര്യമായ ഇടിവുണ്ടായി. ട്രംപിന്റെ ഇറക്കുമതി അടക്കമുള്ള നയങ്ങൾ ഡോളറിനെ വീണ്ടും ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഡോളർ ഡിമാൻഡ് ഉയരുന്നത്. എന്നാൽ ഓഹരി വിപണികൾ തിരിച്ചുവരവു നടത്തിയതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം നേരിയതോതിൽ മെച്ചപ്പെട്ടിരുന്നു.
അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയ്ക്കു തിരിച്ചടിയാകുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കു കുറച്ചാൽ രൂപയുടെ മൂല്യം വരും ദിവസങ്ങളിൽ 85 കടന്നേക്കുമെന്നാണു വിലയിരുത്തൽ. അതേസമയം, വിദേശനിക്ഷേപകർ ചൈന വിട്ട് ഇന്ത്യൻ വിപണികളിലേക്ക് എത്തിത്തുടങ്ങിയതും വിലക്കയറ്റത്തോതു കുറയുന്നതും രൂപയ്ക്ക് അനുകൂല ഘടകങ്ങളാണ്.