ലോക സമ്പദ് വ്യവസ്ഥകളെ വിറപ്പിച്ച ആ വിജയം, 2024 ലെ പ്രധാന രാഷ്ട്രീയ-സാമ്പത്തിക സംഭവം
Mail This Article
വീണ്ടും അമേരിക്കൻ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് 2024 ലെ പ്രധാന രാഷ്ട്രീയ സംഭവം മാത്രമല്ല, സാമ്പത്തിക സംഭവം കൂടി ആയിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് 2025 മുതൽ ആയിരിക്കും. എങ്കിലും ഈ വർഷം തന്നെ പല മേഖലകളിലും അതിന്റെ അനുരണനങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഡി ഡോളറൈസേഷൻ ചെലവാകില്ല
രാജ്യാന്തര വ്യാപാരത്തിനായി യു എസ് ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് ഒരു പൊതു കറൻസി സൃഷ്ടിക്കാൻ ബ്രിക്സ് കൺസോർഷ്യം ശ്രമിക്കുന്നുണ്ട്. "ഡീ-ഡോളറൈസേഷൻ" എന്നറിയപ്പെടുന്ന ഈ സംരംഭം പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥകളുടെയും ഉപരോധങ്ങളുടെയും സ്വാധീനം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
നിലവിൽ ആഗോള വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ ഏകദേശം 58 ശതമാനവും അമേരിക്കൻ ഡോളറാണ്. ബ്രിക്സ് കറന്‍സി ഈ ആധിപത്യത്തെ ഇല്ലാതാക്കുകയും ആഗോള സാമ്പത്തിക ശക്തിയിൽ ഗണ്യമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും.
അമേരിക്കൻ ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ട് പുതിയ കറൻസി തുടങ്ങാനുള്ള പദ്ധതികളുമായി മുന്നോട്ട് പോയാൽ ബ്രിക്സ് രാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് 100% താരിഫ് ഏർപ്പെടുത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഈ പ്രഖ്യാപനം ഡി ഡോളറൈസേഷന് തയാറെടുക്കുന്ന രാജ്യങ്ങൾക്ക് പൊതുവെ നൽകിയ ഭീഷണിയായി വിലയിരുത്തപ്പെടുന്നു. വർഷങ്ങളുടെ തയാറെടുപ്പിലാണ് ബ്രിക്സ് രാജ്യങ്ങൾ ഡി ഡോളറൈസേഷൻ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. അത് സമ്മതിച്ചു കൊടുക്കില്ല എന്ന് സ്ഥാനമേൽക്കുന്നതിന് മുൻപേ ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്.
വ്യാപാര യുദ്ധം
ട്രംപിന്റെ താരിഫ് ഭീഷണി ഇതിനകം സാമ്പത്തിക വിപണികളെയും ബാധിച്ചിട്ടുണ്ട്. ഒരു വ്യാപാര യുദ്ധത്തിന്റെ സാധ്യതയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സെൻട്രൽ ബാങ്കിന്റെ ഇനിയുള്ള നിരക്ക് വെട്ടിക്കുറയ്ക്കലിനെ മെല്ലെയാക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇറക്കുമതി ചുങ്കങ്ങൾ ഏർപ്പെടുത്തി ചൈനയെ തകർക്കാനാണ് അമേരിക്കയുടെ ഈ മേഖലയിലെ നയങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയിൽ വില കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങളെ ആശ്രയിച്ച് പല വ്യവസായങ്ങളും നടക്കുന്നുണ്ട്. ഒറ്റയടിക്ക് ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചാൽ അത് അമേരിക്കയിൽ വൻ വിലവർധനയ്ക്ക് വഴിതെളിക്കും എന്ന കാര്യം ട്രംപ് പരിഗണിക്കുന്നേയില്ല എന്ന ആശങ്കകൾ നയതന്ത്ര വിദഗ്ധർ ഉയർത്തി കാണിക്കുന്നു.
ഇന്ത്യൻ രൂപ
അമേരിക്കയിലെ കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കലിന്റെ പ്രതീക്ഷകളും വ്യാപാര സംരക്ഷണവാദത്തെക്കുറിച്ചുള്ള നിലപാടും ശക്തി പ്രാപിക്കുന്ന അമേരിക്കൻ വിപണിയും ഡോളറിന്റെ ശക്തിയെ കൂടുതൽ വർദ്ധിപ്പിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ശക്തമായ ഡോളർ മൂലം ഇറക്കുമതി കൂടുതൽ ചെലവേറിയതായിത്തീരുകയും പണപ്പെരുപ്പ സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യും. എന്നാൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇത് പോസിറ്റീവ് സാധ്യതയാണ്. അവരുടെ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ വില ലഭിക്കാൻ സാധ്യതയുണ്ട്. ട്രംപിന്റെ വിജയം യുഎസ് ബോണ്ട് വരുമാനം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയെപ്പോലുള്ള എമർജിങ് ഓഹരി വിപണികളിൽ നിന്നും പണം അമേരിക്കൻ ബോണ്ടുകളിലേക്ക് അടുത്ത വർഷം ആദ്യം മുതൽ ഒഴുകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പച്ചപിടിക്കാൻ സാധ്യതയുള്ള മേഖലകൾ
ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങൾ വ്യാപാര പിരിമുറുക്കങ്ങളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് ചൈനയുമായുള്ള ബന്ധങ്ങൾ വഷളാകാം. ഇത് ഇന്ത്യയെ ഔട്ട്സോഴ്സ് സേവനങ്ങളുടെയും ഉൽപാദനത്തിന്റെയും പ്രധാന കേന്ദ്രമായി ഉയർത്തുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ ഐടി സേവന കമ്പനികൾക്ക് ലഭിക്കാവുന്ന അമേരിക്കൻ കരാറുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വളർത്തും എന്നും വിശകലനങ്ങളുണ്ട്. ഇന്ത്യൻ മരുന്ന് കമ്പനികൾക്കും ട്രംപ് അധികാരത്തിൽ വന്നാൽ ഉണർവുണ്ടാകും എന്ന് കരുതുന്നു. ഇവിടെയും ചൈനയെ കൈവിട്ട് ഇന്ത്യയെ കൈപിടിക്കുന്ന അമേരിക്കൻ നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്. യുഎസ് ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള ട്രംപിന്റെ ഊന്നൽ യുഎസിൽ ലോഹങ്ങളുടെ ആവശ്യം വർധിപ്പിക്കുകയും ആഗോള ലോഹവില ഉയർത്തുകയും ചെയ്യും. ചൈനയ്ക്ക് തീരുവ ചുമത്തുകയാണെങ്കിൽ അത് ഇന്ത്യൻ ലോഹ ഉൽപാദകർക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നവർക്ക് ഗുണം ചെയ്യും. സ്റ്റീൽ, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ ആവശ്യകത കൂടുകയും വില വർധിക്കുകയും ഇന്ത്യൻ ലോഹ കമ്പനികളുടെ ലാഭം ഉയരുകയും ചെയ്യും എന്ന പ്രവചനങ്ങളുണ്ട്.
ട്രംപിന്റെ നയങ്ങൾ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങൾ കൂട്ടാൻ സാധ്യതയുള്ളതിനാൽ സ്വർണത്തിനു 2025 മുതൽ തിളക്കം കൂടുമെന്ന പ്രവചനങ്ങളുണ്ട്. ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകൾക്ക് 2025ൽ നല്ല കാലമാകുമെന്ന വിലയിരുത്തലുകളും ശക്തമാണ്. ചുരുക്കി പറഞ്ഞാൽ 2024 ലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള സംഭവമാണ് ട്രംപിന്റെ വിജയം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷത്തെക്കാൾ ഏറെ ഗുണമായിരിക്കും ഇതിൽ നിന്ന് ലഭിക്കുക എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഓഹരി വിപണിയും സമ്പദ് വ്യവസ്ഥയും.