ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അധിക സുരക്ഷ എങ്ങനെ ഏർപ്പാടാക്കും?
Mail This Article
ക്രെഡിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനായും സമ്പര്‍ക്ക രഹിതമായും ഉപയോഗിക്കുമ്പോള്‍ അതു കൂടുതല്‍ സുരക്ഷിതമാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അതിനുള്ള മാര്‍ഗമാണ് ടോക്കണൈസേഷന്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഡിജിറ്റലായി അവയെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് ടോക്കണൈസേഷന്‍.
പേരു സൂചിപ്പിക്കുന്നതു പോലെ സവിശേഷമായ ഡിജിറ്റല്‍ ടോക്കണ്‍ ഇതിനായി ലഭ്യമാക്കും. പെയ്മെന്റ് ഗേറ്റ് വേകള്‍ വഴി ഓണ്‍ലൈന്‍ പണമടയ്ക്കല്‍ നടത്തുമ്പോഴും സമ്പര്‍ക്ക രഹിത പണമടയ്ക്കൽ നടത്തുമ്പോഴും ഈ ടോക്കണുകള്‍ നിങ്ങളുടെ സാമ്പത്തിക ഡാറ്റ സുരക്ഷിതമാക്കും. പണം സ്വീകരിക്കുന്നവര്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ഈ ഡിജിറ്റല്‍ ടോക്കണാവും സ്വീകരിക്കുക.
ടോക്കണൈസേഷന്‍ നിര്‍ബന്ധമല്ല
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ടോക്കണൈസേഷന്‍ നിര്‍ബന്ധമല്ലെങ്കിലും നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമാക്കി സൂക്ഷിക്കാന്‍ ഇതു വളരെ സഹായകമാകും. ഓണ്‍ലൈനായി ഓരോ തവണ ഉപയോഗിക്കുമ്പോഴും നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമാക്കാനാകും. ഓരോ തവണ ഇടപാടു നടത്തുമ്പോഴും 16 അക്ക നമ്പര്‍ അടിച്ചു നല്‍കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഒഴിവാക്കാനാവും.
നേട്ടങ്ങള്‍ എന്തെല്ലാം?
സുരക്ഷിതമായി ഉപയോഗിക്കാം എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും ടോക്കണ്‍ ആയി മാറ്റുന്നു. അതിനാല്‍ ആര്‍ക്കെങ്കിലും ഇങ്ങനെയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ പോലും അവര്‍ക്കത് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. അതോടൊപ്പം നിങ്ങളുടെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.
ഉപയോഗിക്കാന്‍ ഏറെ എളുപ്പം
ഇത്രയേറെ സുരക്ഷിതത്വങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ പണമടയ്ക്കലുകള്‍ വേഗത്തിലും ലളിതമായും നടക്കും. സാധാരണ ഷോപ്പിങിനേക്കാള്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുകയേ ഇല്ല. അതേ സമയം കാര്യങ്ങള്‍ കൂടുതല്‍ സുരക്ഷിതമാകുകയും ചെയ്യും.
എവിടെയും ഉപയോഗിക്കാം
നിങ്ങള്‍ ഒരു ഗയിം ഓണ്‍ലൈനായി വാങ്ങുമ്പോഴോ പലചരക്കു സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുമ്പോഴോ ഇനി നിങ്ങളുടെ ഫോണ്‍ ബില്‍ അടക്കുമ്പോഴോ ആകട്ടെ, ഇവിടെയെല്ലാം ടോക്കണൈസൈഷന്‍ ഉപയോഗിക്കാം. നിങ്ങളുടെ കാര്‍ഡിനുള്ള സാര്‍വത്രിക സുരക്ഷയായി ഇതു വര്‍ത്തിക്കും.
നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ ടോക്കണൈസേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പിന്നീട് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഫിസിക്കല്‍ കാര്‍ഡുകള്‍ ആവശ്യമായി വരില്ല. നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമായി സേവ് ചെയ്തിട്ടുള്ളതിനാല്‍ ഓരോ ഇടപാടിനും ഈ വിവരങ്ങള്‍ ടൈപു ചെയ്തു നല്‍കേണ്ടി വരുന്നില്ല.
ടോക്കണൈസേഷന്‍ എങ്ങനെ?
മര്‍ച്ചന്റ് പേമെന്റ് പേജില്‍ നിന്ന് ടോക്കൈസേഷന്‍ സേവനം തെരഞ്ഞെടുത്താണ് സാധാരണയായി ക്രെഡിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ പ്രക്രിയ നടത്തുന്നത്. ഇതിലൂടെ നിങ്ങളുടെ കാര്‍ഡ് തെരഞ്ഞെടുക്കുകയും ഒടിപി വഴിയോ ബാങ്കിങ് ആപ്പ് വഴിയോ അംഗീകാരം നല്‍കുകയും വേണ്ടി വരും.
ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ടോക്കണൈസേഷന്‍ സംവിധാനത്തില്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുകയും തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ടോക്കണ്‍ നല്‍കുകുയം ചെയ്യും. ഇങ്ങനെ തുടര്‍ന്നുള്ള ഇടപാടുകള്‍ക്കായി ടോക്കണ്‍ നല്‍കുന്നതിനാല്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കപ്പെടുകയോ സൂക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. തട്ടിപ്പുകള്‍ക്കുള്ള സാധ്യത അങ്ങനെ ഗണ്യമായി കുറയും. ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ ആപ്പില്‍ ലിങ്കു ചെയ്തു കഴിഞ്ഞാല്‍ അതിലൂടേയും നിങ്ങള്‍ക്ക് ടോക്കണൈസേഷന്‍ സംവിധാനം പ്രയോജനപ്പെടുത്താം.
ലേഖകൻ ആക്സിസ് ബാങ്കിന്റെ കാർഡ്സ് ആന്റ് പെയ്മെന്റ്സ് വിഭാഗം മേധാവിയും പ്രസിഡന്റുമാണ്