സ്വർണവിലയിൽ ഇന്ന് നേരിയ കയറ്റം; യുഎസിന്റെ ‘പലിശ’ എങ്ങോട്ടെന്ന് അറിയാൻ കാത്തിരിപ്പ്
Mail This Article
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഗ്രാമിന് 10 രൂപ വർധിച്ച് 7,150 രൂപയായി. 80 രൂപ ഉയർന്ന് 57,200 രൂപയാണ് പവൻവില. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഈ വിലയ്ക്കൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 5 രൂപ വർധിച്ച് 5,900 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 97 രൂപ. രാജ്യാന്തരവില ഔൺസിന് 2,650-55 ഡോളർ നിലവാരത്തിൽ തുടരുകയാണ്. നാളെ പുറത്തുവരുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം. അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കുമെന്നാണ് വിലയിരുത്തലുകൾ.
പലിശ കുറയുന്നത് സ്വർണത്തിനാണ് നേട്ടം. കാരണം, പലിശ കുറഞ്ഞാൽ ആനുപാതികമായി ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം (ട്രഷറി ബോണ്ട് യീൽഡ്) എന്നിവ കുറയും. ഇവ നിക്ഷേപകർക്ക് അനാകർഷകമാകും. ഡോളറും താഴേക്ക് നീങ്ങിയേക്കും. ഇത് സ്വർണനിക്ഷേപങ്ങളിലേക്ക് കൂടുമാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. അതോടെ സ്വർണവില മുന്നോട്ട് നീങ്ങും.
എന്നിരുന്നാലും, നിലവിൽ പ്രതീക്ഷിക്കുന്ന പലിശയിളവിലേക്കല്ല പ്രധാനമായും നിക്ഷേപക, ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. പണനയത്തിൽ 2025ലെ പലിശയുടെ ദിശയെപ്പറ്റി യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ എന്തുപറയുമെന്നതിനായി കാതോർക്കുകയാണവർ. 2025ൽ ഉടനീളം പലിശനിരക്ക് നിലനിർത്തിയേക്കുമെന്ന സൂചനയാണ് പവൽ നൽകുന്നതെങ്കിൽ അതു നേട്ടമാകുക ബോണ്ടിനും ഡോളറിനുമായിരിക്കും. അതായത്, സ്വർണവിലക്കുതിപ്പിന്റെ വേഗം കുറയും.
സ്വർണത്തിന്റെ സ്വാധീനശക്തികൾ
യുഎസിന്റെ സാമ്പത്തികചലനങ്ങൾക്ക് പുറമേ ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളും ഇന്ത്യയും ചൈനയും ഉൾപ്പെടെ മുൻനിര ഉപഭോഗ രാജ്യങ്ങൾ വൻതോതിൽ സ്വർണം വാരിക്കൂട്ടുന്നതും വിലവർധനയ്ക്കുള്ള വളങ്ങളാണ്. നവംബറിൽ മാത്രം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ 331% മുന്നേറ്റമുണ്ടായി. റിസർവ് ബാങ്കും കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരം നല്ല ഡിമാൻഡും സ്വർണത്തിനാണ് ആവേശമാകുക.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business