വൻ കമ്പനികൾക്കു ഗവേഷണകേന്ദ്രം; ജിസിസി നയവുമായി കേരളം
Mail This Article
തിരുവനന്തപുരം ∙ വമ്പൻ കമ്പനികളുടെ ഗവേഷണകേന്ദ്രങ്ങൾ കേരളത്തിലേക്ക് ആകർഷിക്കുന്നതിനു വ്യവസായവകുപ്പ് ഗ്ലോബൽ കേപബിലിറ്റി സെന്റർ (ജിസിസി) നയം രൂപീകരിക്കുന്നു. രാജ്യത്താകെ ബഹുരാഷ്ട്ര കമ്പനികളുടെ 2700 ജിസിസികൾ പ്രവർത്തിക്കുന്നതിൽ 40 എണ്ണം മാത്രമാണു കേരളത്തിലുള്ളത്. കുറഞ്ഞ സ്ഥലത്തു കൂടുതൽ തൊഴിലവസരം കൊണ്ടുവരാൻ ജിസിസികൾക്കു കഴിയുമെന്നതിനാലാണ് ഇവയ്ക്കു പ്രത്യേകമായി നയം രൂപീകരിക്കുന്നത്.
ഉൽപാദനവും ഗവേഷണവും രണ്ടിടത്തു നടത്തുന്ന രീതിയാണു ബഹുരാഷ്ട്ര കമ്പനികൾ പിന്തുടരുന്നത്. മികച്ച പ്രതിഭകളെ വലിയ പ്രതിഫലം നൽകാതെ ലഭിക്കുന്ന പ്രദേശങ്ങളിലാണു ഗവേഷണത്തിനുള്ള ജിസിസികൾ പ്രവർത്തിപ്പിക്കുക. യാത്രാ സൗകര്യവും പ്രധാനമാണ്. ഇന്ത്യയിൽ ബഹുരാഷ്ട്ര കമ്പനികളുടെ 80% ജിസിസികളും ബെംഗളൂരു കേന്ദ്രീകരിച്ചാണുള്ളത്. ബെംഗളൂരുവിൽ ജീവിതച്ചെലവ് ഉയരുകയും ഗതാഗതക്കുരുക്കു വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ടിയർ ടു നഗരങ്ങളിൽ സൗകര്യമൊരുക്കി കർണാടക ജിസിസി നയം കൊണ്ടുവന്നിരുന്നു. എങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്കു ജിസിസികൾ മാറ്റാൻ പല കമ്പനികളും തയാറെടുക്കുന്നുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുകയാണു കേരളത്തിന്റെ ലക്ഷ്യം. ഓട്ടമൊട്ടീവ് ടെക്നോളജി കമ്പനിയായ ഡി സ്പേസ് അടുത്തിടെ തിരുവനന്തപുരം കിൻഫ്രയിൽ അവരുടെ ജിസിസി ആരംഭിച്ചിരുന്നു.
പുതിയ തലമുറ കാറുകളിലെ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ജർമൻ കമ്പനിയായ ഡി സ്പേസിനു ജർമനിയും ഓസ്ട്രിയയും കഴിഞ്ഞാൽ തിരുവനന്തപുരത്താണു ജിസിസിയുള്ളത്. ആമസോൺ, ഗൂഗിൾ, ടിസിഎസ്, യുഎസ്ടി ഗ്ലോബൽ, നിസാൻ ഡിജിറ്റൽ ഉൾപ്പെടെയുള്ള നാൽപതോളം ജിസിസികൾ ചേർന്നു നാലായിരത്തിലധികം തൊഴിലവസരങ്ങൾ നൽകുന്നുണ്ട്. വൈദ്യുതി നിരക്ക് ഇളവ്, റജിസ്ട്രേഷനു സ്റ്റാംപ് ഡ്യൂട്ടി ഇളവ് തുടങ്ങിയവയും ഇൻസെന്റീവുകളും നയത്തിൽ ഇടംപിടിച്ചേക്കും.