വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്; INTRV01
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎൻടിആർവി01 ( INTRV01) എന്ന പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്തു ചേർന്നതാണു പുതിയ കോഡ്. നേരത്തേ ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്തു ചേർത്ത് ഐഎൻഎൻവൈവൈ1 എന്ന കോഡാണ് ലഭിച്ചിരുന്നത്. ഏകീകൃത ലൊക്കേഷൻ കോഡ് വേണമെന്നു യുഎൻ ഇക്കണോമിക് കമ്മിഷൻ ഫോർ യൂറോപ്പ് അംഗരാജ്യങ്ങളോടു നിർദേശിച്ചതിനെത്തുടർന്നാണു കോഡിൽ മാറ്റം.
തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളം ടിആർവിയിൽ ആരംഭിക്കുന്ന കോഡിലാണ് അറിയപ്പെടുന്നത്. ഈ സാഹചര്യത്തിലാണു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡേറ്റ മാനേജ്മെന്റ് വിഴിഞ്ഞത്തിനു പുതിയ ലൊക്കേഷൻ കോഡ് അനുവദിച്ചത്. നാവിഗേഷൻ, ഷിപ്പിങ് എന്നിവയ്ക്കെല്ലാം ഈ കോഡാണ് ഉപയോഗിക്കുകയെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.