ഇൻഡി ഇലക്ട്രിക് സ്കൂട്ടർ കേരളത്തിലും, ആദ്യ ഷോറൂം കൊച്ചിയിൽ
Mail This Article
കൊച്ചി ∙ റിവർ കമ്പനിയുടെ ‘ഇൻഡി’യെന്ന ഇലക്ട്രിക് സ്കൂട്ടർ വിൽപന കേരളത്തിലും തുടങ്ങി. തിരുവനന്തപുരം സ്വദേശി അരവിന്ദ് മണിയും കോഴിക്കോട് സ്വദേശി വിപിൻ ജോർജും ചേർന്നു 2021ൽ സ്റ്റാർട്ടപ്പായി ബെംഗളൂരുവിൽ തുടക്കമിട്ട് റിവറിന് ഇതുവരെ 575 കോടിയുടെ നിക്ഷേപമാണു ലഭിച്ചത്. യമഹ മോട്ടർ കോർപറേഷൻ, മിറ്റ്‌സുയി, മറുബെനി കോർപറേഷൻ, ടൊയോട്ട വെഞ്ചേഴ്സ്, അൽ ഫത്തെയിം ഗ്രൂപ്പ് ഉൾപ്പെടെയുള്ളവരാണു നിക്ഷേപകരെന്നു റിവർ സിഇഒ അരവിന്ദ് മണി പറഞ്ഞു. റിവറിന്റെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചി ദേശീയപാതയ്ക്ക് അടുത്ത് പുതിയ റോഡിനു സമീപം തുറന്നു. കഴിഞ്ഞ വർഷം വിപണിയിലിറക്കിയ ആദ്യ മോഡൽ ‘ഇൻഡി’ 3200ൽ അധികം യൂണിറ്റാണു വിൽപന നടത്തിയത്. ‘പ്രേമലു’ സിനിമയിലും മോഡൽ ശ്രദ്ധ നേടിയിരുന്നു.
ബെംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തപ്പോൾ മുതൽ സുഹൃത്തുക്കളാണ് അരവിന്ദും വിപിനും. കോവിഡ്കാലത്ത് ജോലി ഭീഷണിയിലായപ്പോഴാണു പുതിയ സംരംഭത്തെക്കുറിച്ചു ചിന്തിച്ചത്. വാഹന ഡിസൈനറായ വിപിന്റെ നേതൃത്വത്തിലാണു വാഹനം രൂപകൽപന ചെയ്തത്. വിപിനാണു റിവർ ചീഫ് പ്രോഡക്ട് ഓഫിസർ.
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിലായി 9 ഔട്ട്‌ലറ്റുകളാണ് നിലവിലുള്ളത്. കേരളത്തിൽ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും പുതിയ സ്റ്റോറുകൾ തുടങ്ങും. 2025 മാർച്ചിൽ രാജ്യത്താകെ 25 സ്റ്റോറുകളാണു ലക്ഷ്യം.
ഇൻഡിയുടെ കൊച്ചി എക്സ് ഷോറൂം വില 1,42,999 രൂപ. ‘സ്കൂട്ടറുകളിലെ എസ്‌യുവി’ എന്ന ടാഗ്‌ലൈനോടെ എത്തിയ ഇൻഡിയിൽ 55 ലീറ്ററാണ് സ്റ്റോറേജ് കപ്പാസിറ്റി. 110 കിലോമീറ്ററാണ് ശരാശരി റേഞ്ച്. www.rideriver.in