മരുമകനായി വാഹന വ്യവസായത്തിലേക്ക്
Mail This Article
ജപ്പാനിലെ ഗിഫുവിൽ പ്രാദേശിക ബാങ്കിലെ ഓഫിസറായിരുന്ന ഒസാമു മറ്റ്സുഡ വാഹന വ്യവസായത്തിലേക്ക് വരുന്നത് വിവാഹത്തിലൂടെയാണ്. സുസുക്കി മോട്ടർ കോർപറേഷൻ സ്ഥാപകനായ മിച്ചിയോ സുസുക്കിയുടെ കുടുംബത്തിൽ ആൺകുട്ടികൾ ഇല്ലാത്തതിനാലായിരുന്നു അത്. മിച്ചിയോയുടെ ചെറുമകളായ ഷോകോ സുസുക്കിയെ ഒസാമു വിവാഹം ചെയ്തു. ജപ്പാൻ പാരമ്പര്യമനുസരിച്ച് ദത്തു ചേർന്ന് അവരുടെ കുടുംബപ്പേര് സ്വീകരിക്കുകയും ചെയ്തു. 1958ൽ കുടുംബ വ്യവസായമായ സുസുക്കി മോട്ടറിൽ ഉദ്യോഗസ്ഥനായി. രണ്ടു പതിറ്റാണ്ടിനു ശേഷം പ്രസിഡന്റായി.
മലിനീകരണ നിയന്ത്രണച്ചട്ടങ്ങളുടെ പേരിൽ 1970ൽ ഗുരുതര പ്രതിസന്ധി നേരിട്ട കമ്പനിയെ കരകയറ്റിക്കൊണ്ടാണ് ഒസാമു സുസുക്കി തന്റെ പ്രതിഭ തെളിയിച്ചത്. 1979ൽ ആൾട്ടോ എന്ന പേരിൽ ജപ്പാനിൽ അവതരിപ്പിച്ച ചെറുകാർ വൻ വിജയമായി. 1981ൽ ചെറുകാറുകളുടെ നിർമാണത്തിന് ജനറൽ മോട്ടോഴ്സുമായി കൈകോർക്കാനുള്ള ഊർജം സുസുക്കിക്ക് നൽകിയത് ആൾട്ടോയാണ്. തൊട്ടടുത്ത വർഷമാണ് സുസുക്കി ഇന്ത്യയിലേക്ക് വരുന്നത്. കമ്പനിയുടെയും ഇന്ത്യയുടെയും ഭാവി തന്നെ മാറ്റിയ തീരുമാനം. സുസുക്കി കമ്പനിയുടെ ഒരു വർഷത്തെ ആഗോള വിറ്റുവരവ് നിക്ഷേപമാക്കിയാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ തുടക്കം. ലോകത്ത് എവിടെയെങ്കിലും വാഹന വിൽപനയിൽ ഒന്നാമതാകുക എന്ന ലക്ഷ്യമാണ് ഒസാമുവിന് ഉണ്ടായിരുന്നത്. കഷ്ടിച്ച് 40,000 കാറുകളുടെ വാർഷിക വിൽപന മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ അന്ന് അത്തരമൊരു മുതൽമുടക്ക് സാഹസികമായിരുന്നു.
1983ൽ ആൾട്ടോയുടെ പ്ലാറ്റ്ഫോമിൽ ആദ്യ മാരുതി 800 കാർ ഇന്ത്യയിൽ ഇറങ്ങി. സുസുക്കി എന്ന ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിലെങ്ങും വ്യാപിക്കാൻ പിന്നെ താമസമുണ്ടായില്ല. നാലു പതിറ്റാണ്ട് കഴിഞ്ഞു. ഇന്നും ഇന്ത്യൻ വാഹന വിപണിയുടെ 40 ശതമാനത്തോളം മാരുതി സുസുക്കിയുടെ സ്വന്തം. തന്റെ സ്ഥാപനത്തിന് വലിയ സ്ഥിതി നേടിത്തന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയെ ഏറെ ഇഷ്ടമായിരുന്നു ഒസാമുവിന്. പ്രധാനമന്ത്രിമാരടക്കം ദേശീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം അദ്ദേഹം പുലർത്തിയിരുന്നു.
ഗോൾഫ് കളിക്കുന്നതാണ് തന്റെ ആരോഗ്യ രഹസ്യം എന്നു പറഞ്ഞിരുന്ന ഒസാമു സുസുക്കിയെ 90 വയസ്സുവരെ ഗോൾഫ് കോഴ്സുകളിൽ കാണാമായിരുന്നു. ഏറ്റവും ലളിതമായ ജീവിത ശൈലിയായിരുന്നു അവലംബിച്ചിരുന്നത്. വിമാന യാത്ര എപ്പോഴും ഇക്കോണമി ക്ലാസിൽ ആയിരുന്നു. 2016ൽ കമ്പനി സിഇഒ പദവി മകൻ തോഷിഹിരോയ്ക്ക് കൈമാറി. അഞ്ചു വർഷം കൂടി ചെയർമാനായി ഇരുന്ന ശേഷം 2021ൽ വിരമിച്ചു കമ്പനിയുടെ ഉപദേശകനായി. കമ്പനിയിൽ നിന്ന് എന്നു വിരമിക്കും എന്ന ചോദ്യത്തിന് ‘‘മരിക്കുമ്പോൾ’’ എന്നായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ മറുപടി.